ഗുണ്ടകള്‍ക്ക് സൗകര്യമൊരുക്കില്ല: കടകംപള്ളി
കണ്ണൂര്‍: ശബരിമലയില്‍ എല്ലാ ഭക്തര്‍ക്കും സൗകര്യമൊരുക്കുമെന്നും എന്നാല്‍ ഗുണ്ടാസംഘങ്ങള്‍ക്കു സൗകര്യമൊരുക്കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ഞായറാഴ്ച രാത്രി ശബരിമലയില്‍ നടന്ന പ്രതിഷേധം ആസൂത്രിതമായിരുന്നു. ആര്‍.എസ്.എസ് നേതാവ് എറണാകുളത്തെ രാജേഷിന്റെ നേതൃത്വത്തിലാണു സംഭവങ്ങള്‍ ആസൂത്രണം ചെയ്തത്. നിരോധനാജ്ഞ ലംഘിച്ചിട്ടും അവരെ മാന്യമായാണു പൊലിസ് അറസ്റ്റുചെയ്തു നീക്കിയതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
തുലാമാസ പൂജയ്ക്കിടെയും ചിത്തിര ആട്ട ഉത്സവത്തിനിടെയും അഴിഞ്ഞാടിയ പോലെ ഇനി നടക്കില്ല. പിടിയിലായ രാജേഷ് ആര്‍.എസ്.എസ് നേതാവാണ്. എന്നാല്‍ രാഷ്ട്രീയമില്ലെന്ന് പറയുന്നതു ജനങ്ങളെ കബളിപ്പിക്കാനാണ്.
ശരണംവിളിയെന്ന പേരില്‍ മുദ്രാവാക്യം വിളിച്ചു. എല്ലാം മുന്‍കൂട്ടി പദ്ധതിയിട്ടതായിരുന്നു. ഇതെല്ലാം എല്ലാവര്‍ക്കും മനസിലാകും. ഇതു കാണുന്നവരെല്ലാം മണ്ടന്‍മാരാണെന്ന് ധരിക്കേണ്ട. ശബരിമലയില്‍ ഭക്തര്‍ക്കു ശാന്തിയും സാമാധാനവും നിറഞ്ഞ തീര്‍ഥാടനകാലം ഉറപ്പുവരുത്തും.
ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ഒരു പ്രശ്‌നവുമില്ല. ശബരിമല ആര്‍.എസ്.എസിനു തീറെഴുതി നല്‍കാനാവില്ല. ശബരിമലയിലേക്കു കേന്ദ്രം ഇതുവരെ അനുവദിച്ചതു 18 കോടി രൂപയാണ്. എന്നാല്‍ നൂറുകോടി രൂപ വാഗ്ദാനമുണ്ടെന്നും കേന്ദ്രം നൂറുകോടി അനുവദിച്ചെന്ന പ്രസ്താവന നടത്തിയ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനു മറുപടിയായി കടകംപള്ളി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."