ശബരിമല ദര്‍ശനത്തിന് തയാറായി മൂന്ന് യുവതികള്‍
കൊച്ചി: ശബരിമല ദര്‍ശനത്തിന് പോകാന്‍ തയാറാണെന്ന് മൂന്ന് യുവതികള്‍. എന്നാല്‍ രക്തം ചിന്തി മലയ്ക്കുപോകാന്‍ താല്പര്യമില്ലെന്നും ഇവര്‍ പറഞ്ഞു. എറണാകുളം പ്രസ് ക്ലബില്നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കൊല്ലം സ്വദേശി ധന്യ, കണ്ണൂര്‍ സ്വദേശിനികളായ സനില, രേഷ്മ നിശാന്ത് എന്നിവര്‍ ഇക്കാര്യം പറഞ്ഞത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സംരക്ഷണം ഉറപ്പ് നല്കിയാല് തങ്ങള്‍ ശബരിമല ദര്‍ശനത്തിന് തയാറാണെന്നും ദര്‍ശനം നടത്തുംവരെ വ്രതം തുടരുമെന്നും ഇവര്‍ പറഞ്ഞു.
ഞങ്ങള്‍ എല്ലാവരും ശബരിമലയ്ക്ക് പോകുവാനായി വ്രതം അനുഷ്ഠിക്കുന്നവരാണ്. തുടക്കം മുതല്‍ തങ്ങളുടെ ആവശ്യം അധികൃതരെ അറിയിച്ചിരുന്നു. സര്‍ക്കാരും പൊലിസും വിശ്വാസികളും ഞങ്ങളുടെ വിശ്വാസം എന്താണെന്ന് മനസിലാക്കി കൂടെനില്‍ക്കുമെന്നാണ് കരുതുന്നത്.
ദര്‍ശനം സാധ്യമാകുംവരെ വ്രതം തുടരുമെന്നും മാല അഴിക്കില്ലെന്നും യുവതികള്‍ അറിയിച്ചു. മാലയിട്ട വാര്‍ത്തകള്‍ പുറത്തുവന്നത് മുതല്‍ തനിക്കുനേരെ ഉയര്‍ന്നത് വന്‍ സൈബര്‍ ആക്രമണങ്ങളാണെന്നും രേഷ്മ നിശാന്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. എങ്ങോട്ട് ഇറങ്ങിയാലും രേഷ്മ നിശാന്ത് ശബരിമലയിലേക്കു പോയി എന്ന വാര്‍ത്തയാണ് വരുന്നത്. തനിക്കൊരു മകളുണ്ട്. അവള്‍ക്കുള്‍പ്പെടെ ശബരിമലയില്‍ പോകാനാകുന്ന സാഹചര്യം ഉണ്ടാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന കലാപ സമാന അന്തരീക്ഷത്തില്‍ സങ്കടമുണ്ടെന്ന് കൊല്ലത്ത് നിന്നുള്ള ധന്യ പ്രതികരിച്ചു.
ഞങ്ങളുടെ വിശ്വാസത്തെ മുതലെടുത്ത് കലാപമുണ്ടാക്കാനുള്ള ശ്രമത്തിന് അവസരം ഉണ്ടാക്കുന്നില്ല. അതിനാല്‍ ഇപ്പോള്‍ പോകുന്നില്ല. എന്നാല്‍ ശബരിമലയില്‍ പോകുന്നതുവരെ മാല അഴിക്കില്ല. ഞങ്ങള്‍ മൂന്നുപേര്‍ മാത്രമാണ് ഇപ്പോള്‍ പൊതുസമൂഹത്തിനു മുന്നില്‍വന്ന് കാര്യങ്ങള്‍ പറയുന്നത്.
ബാക്കിയുള്ളവര്‍ തല്ക്കാലം മുന്നിലേക്കു വരുന്നില്ലെന്നേയുള്ളൂ. അവര്‍ ഞങ്ങളുടെ കൂടെയുണ്ടെന്നും ധന്യ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."