വിളപ്പില്‍ശാലയില്‍ സാങ്കേതിക സര്‍വകലാശാല വരുന്നു
വിളപ്പില്‍ശാല : നഗരമാലിന്യ നിക്ഷേപത്തിനെതിരേ ജനങ്ങള്‍ തെരുവില്‍ വരെ ഇറങ്ങി സമരം നടത്തി കേരളത്തിന് മാത്യകയായി മാറിയ വിളപ്പില്‍ ശാല കേരളത്തിലെ മറ്റൊരു കേന്ദ്രമായി മാറുന്നു.
സംസ്ഥാനത്ത് ആരംഭിക്കുന്ന സാങ്കേതിക സര്‍വകലാശാല ആസ്ഥാനമായി ഈ ഗ്രാമം മാറുകയാണ്. കണികാണുംപാറ എന്നറിയപ്പെടുന്ന ഇവിടെ ഒരുനാള്‍ സമരങ്ങളുടെ വിളനിലമായിരുന്നു. സമരം തീര്‍ന്ന് മാലിന്യ സംസ്‌ക്കരണ കേന്ദ്രം അടച്ചു പൂട്ടിയതോടെ അടഞ്ഞു കിടന്ന ഇവിടെയാണ് സാങ്കേതിക സര്‍വകലാശാല വരുന്നത്. 2014 ല്‍ സ്ഥാപിതമായ സാങ്കേതിക സര്‍വകലാശാല ആസ്ഥാനത്തിനായി സര്‍ക്കാര്‍ ഓടുന്ന സമയത്താണ് ഈ പ്രദേശം ശ്രദ്ധയില്‍പ്പെടുന്നത്.
ഫാക്ടറി നിലനിന്നിരുന്ന 50 ഏക്കറോളം വരുന്ന ഭൂമിയിലെ സാധ്യതകളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു. എന്നാല്‍ നഗര സഭയുടെ ഉടമസ്ഥതയിലെ സ്ഥലം കൈമാറാന്‍ കോര്‍പ്പറേഷന്‍ ആദ്യം മടിച്ചു. രാഷ്ട്രപതി പരേതനായ എ.പി.ജെ. അബ്ദുല്‍കലാമിന്റെ പേരില്‍ വരുന്ന സര്‍വകലാശാല സ്ഥലം കിട്ടാതെ മറ്റൊരു ജില്ലയിലേക്ക് കൊണ്ടുപോകുമെന്ന നില വന്നപ്പോള്‍ നഗരസഭ മുട്ടാപോക്ക് അവസാനിപ്പിച്ചു.
സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായതോടെ സര്‍ക്കാരും അനന്തര നടപടികളിലേക്ക് നീങ്ങുകയാണ്. അതിനിടെ വിളപ്പില്‍ പഞ്ചായത്തും ഈ സ്ഥലത്തിനടുത്ത് ഇനിയും സ്ഥലം വേണമെങ്കില്‍ ഭൂമി വാങ്ങി നല്‍കാമെന്ന് സത്യവാങ് മൂലം നല്‍കി. ഒന്നുകില്‍ കണികാണുംപാറയോ അല്ലെങ്കില്‍ പഞ്ചായത്ത് വാങ്ങി നല്‍കാമെന്ന ഭൂമിയോ പരിഗണിക്കാമെന്ന നിലയിലാണ് ഇപ്പോള്‍.
ഫലത്തില്‍ താമസിയാതെ തന്നെ ഇവിടെ സര്‍വകലാശാല ആസ്ഥാനം തലപൊക്കും. 153 എന്‍ജിനിയറിങ് കോളജുകളും 24 എം.ബി.എ കോളജുകളും 25 എം.സി.എ കോളജുകളും 8 ആര്‍ക്കിടെക് കോളജുകളും ഉള്‍പ്പടെ 210 സ്ഥാപനങ്ങളാണ് സാങ്കേതിക സര്‍വകലാശാലയില്‍ വരുന്നത്.ഔഷധതോട്ടത്തിനും പൂകൃഷിക്കും ഉദ്യാനത്തിനും വേണ്ടി വാങ്ങിയതാണ് തലസ്ഥാനത്തുനിന്നും 23 കിലോ മീറ്റര്‍ അകലെയുള്ള പച്ചപ്പായ വിളപ്പില്‍ശാലയക്ക് സമീപത്തെ കണികാണുംപാറ.
പിന്നെ അത് മാലിന്യ കേന്ദ്രമാക്കി മാറ്റുകയായിരുന്നു. സംസ്‌ക്കരണ ശേഷിയുടെ നാലിരട്ടി മാലിന്യം ദിവസേന എത്താന്‍ തുടങ്ങിയതോടെ വിളപ്പില്‍ശാല നഗരത്തിന്റെ ചവര്‍ ശേഖരണ കേന്ദ്രമായി.
ഇവിടെ താമസിക്കുന്നവര്‍ക്ക് രോഗങ്ങളും വന്നു തുടങ്ങി. ഇവിടെ ഒഴുകുന്ന കരമനയാര്‍ മലിനമായി. കുടിവെള്ളത്തില്‍പ്പോലും മലിന്യം നിറഞ്ഞു. വീടുകളില്‍ പുഴുക്കളും അട്ടകളും നിറഞ്ഞു.
വിളപ്പില്‍ശാലയിലെ ഈ ഭാഗത്ത് വസ്തു വില്‍പ്പന പോലും നിലച്ചു 2012 ജനുവരി 9 ന് 20000 ആളുകള്‍ പങ്കെടുത്ത വമ്പിച്ച പ്രകടനം നടന്നു. ജനുവരി 30 ന് വിളപ്പില്‍ശാല ഗ്രാമം ഒന്നടങ്കം സെക്രട്ടറിയേറ്റ് വളഞ്ഞു. 2012 ല്‍ വിളപ്പില്‍ പഞ്ചായത്ത് ഫാക്ടറിയുടെ പ്രവര്‍ത്തന അനുമതി നിഷേധിച്ചതോടെ നഗരസഭ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നഗരസഭയ്ക്ക് ഫാക്ടറി തുറന്ന് പ്രവര്ത്തിപ്പിക്കുവാന്‍ അനുമതി നല്‍കി. വിളപ്പില്‍ശാലയിലേക്ക് മാലിന്യം കൊണ്ടുപോകുന്നതിന് പൊലിസ് സംരക്ഷണവും അനുവദിച്ചു.
പക്ഷേ കോടതി ഉത്തരവുകള്‍ക്കോ പൊലിസിന്റെ മര്‍ദ്ദന മുറകള്‍ക്കോ വിളപ്പില്‍ ജനതയുടെ ചെറുത്തുനില്‍പ്പിനെ തടയാനായില്ല. സ്ത്രീകളും കുട്ടികളുമടക്കം വിളപ്പിലിലെ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ ഭരണകൂടം മുട്ടുമടക്കി. 2015 സെപ്തംബറില്‍ ചെന്നൈ ഹരിത കോടതി വിളപ്പില്‍ശാല മാലിന്യ സംസ്‌ക്കരണ കേന്ദ്രം അടച്ചുപൂട്ടാന്‍ വിധിച്ചു.
2016 ജനുവരിയില്‍ നഗരസഭ ഹരിത കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതി നഗരസഭയുടെ അപ്പീല്‍ തള്ളി. അങ്ങിനെയാണ് വിളപ്പില്‍ശാല ദേശീയ തലത്തില്‍പോലും ശ്രദ്ധ നേടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."