ബഗ്ദാദിമാര്‍ ഇനിയും സൃഷ്ടിക്കപ്പെടാം
ലോകജനതയ്ക്ക് ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചും തെറ്റിദ്ധാരണയുണ്ടാക്കാന്‍ നിര്‍ണായക പങ്കുവഹിച്ച അബൂബക്കര്‍ അല്‍ ബഗ്ദാദി ഈ ലോകത്തില്‍നിന്ന് സ്വയം നിഷ്‌കാസിതനായിരിക്കുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെതുടര്‍ന്ന് ലോകമെങ്ങും പടര്‍ത്തിവിട്ട ഇസ്‌ലാമോഫോബിയക്കു കരുത്തുപകര്‍ന്നയാളായിരുന്നു മുസ്‌ലിം ലോകത്തിന്റെ ഖലീഫയായി സ്വയം പ്രഖ്യാപിച്ച ബഗ്ദാദി. ആ ബഗ്ദാദിയെ ഇല്ലാതാക്കി തന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സാമ്രാജ്യം ലോകത്തെ ഭീകരവാദത്തിന്റെ പിടിയില്‍നിന്ന് മോചിപ്പിച്ചിരിക്കുന്നുവെന്ന മട്ടില്‍ രക്ഷകന്റെ ഭാവത്തില്‍ നില്‍ക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്.
ബഗ്ദാദി ഭീകരനായിരുന്നുവെന്നതും മതേതരസമൂഹത്തിന് അംഗീകരിക്കാനാവാത്ത ആളായിരുന്നുവെന്നതും നേരുതന്നെ. എന്നാല്‍, അത്തരമൊരു ലോകശാപത്തെ ഇല്ലാതാക്കിയ രക്ഷകനാണോ അമേരിക്കന്‍ പ്രസിഡന്റ് എന്നതു പ്രസക്തമായ ചോദ്യമാണ്. ഇവിടെ ഭീകരവാദത്തെ വിത്തിട്ടു വളര്‍ത്തിയത് എക്കാലത്തും അമേരിക്കന്‍ സാമ്രാജ്യത്വമായിരുന്നു എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. കാരണം, യുദ്ധവും അക്രമങ്ങളും നിലനില്‍ക്കേണ്ടതും പെരുകേണ്ടതും ആയുധക്കച്ചവടം പ്രധാന വരുമാനമാക്കിയ അമേരിക്കയുടെ ആവശ്യമാണ്.
അതിനുവേണ്ടി അവര്‍ ഭീകരവാദികളെ സൃഷ്ടിക്കും. അങ്ങനെ സൃഷ്ടിക്കപ്പെട്ടവരില്‍ ഒരാളായിരുന്നല്ലോ ഉസാമ ബിന്‍ലാദന്‍. ഏറെക്കാലം ഉസാമയെ പ്രോത്സാഹിപ്പിച്ചു. ഒടുവില്‍ തങ്ങള്‍ക്ക് ആവശ്യമില്ല എന്നു വന്നപ്പോഴും തങ്ങള്‍ക്കു തന്നെ വിനയായി എന്നു കണ്ടപ്പോഴും ഇല്ലാതാക്കി. ഉസാമയെ ഇല്ലാതാക്കിയ അമേരിക്കന്‍ തന്ത്രത്തിന്റെ തനിയാവര്‍ത്തനമാണ് ബഗ്ദാദിയുടെ കാര്യത്തിലും സംഭവിച്ചതെന്നു വേണം കരുതാന്‍.
സോവിയറ്റ് യൂനിയന്റെ പതനത്തോടെ അമേരിക്കക്കു പ്രഖ്യാപിത ശത്രുവില്ലാതായി. അന്യരാഷ്ട്രങ്ങളില്‍ അധിനിവേശം നടത്തുവാനും ആയുധങ്ങള്‍ വിറ്റഴിക്കാനും അത്തരമൊരു ശത്രു അനിവാര്യമായിരുന്നു. മുസ്‌ലിംകളെ ഭീകരരായി അവതരിപ്പിച്ചതോടെ 'ഇസ്‌ലാമികഭീകരത'യില്‍നിന്ന് ലോകരാഷ്ട്രങ്ങളെ രക്ഷിക്കുവാനുള്ള മിശിഹയായി അമേരിക്ക രംഗത്തുവന്നു. മുസ്‌ലിംകളെ അന്യവല്‍ക്കരിക്കുവാന്‍ ഭീകരപ്രവര്‍ത്തനങ്ങളുടെ തെളിവുണ്ടാക്കേണ്ടിയിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം അതിനു പറ്റിയ തെളിവായി.
വേള്‍ഡ് സെന്റര്‍ ആക്രമണത്തിന്റെ ബ്ലൂപ്രിന്റ് തയാറാക്കിയതിന്റെ രഹസ്യം ഇപ്പോഴും ചുരുളഴിയാതെ കിടക്കുകയാണ്. പെന്റഗണ്‍ അറിയാതെ ഈച്ചയ്ക്കുപോലും അമേരിക്കന്‍ ആകാശത്തു പറക്കാനാവില്ലെന്നതു സത്യം. എന്നിരിക്കെയാണു വിമാനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വേള്‍ഡ് ട്രേഡ് സെന്ററിലേയ്ക്ക് ഇടിച്ചുകയറുന്നത്. ഇതിനു പിന്നിലെ ദുരൂഹത യുക്തിക്കു വഴങ്ങാതെ നിലനില്‍ക്കുന്ന ഘട്ടത്തില്‍പ്പോലും ഇസ്‌ലാമോഫോബിയ വളര്‍ത്താന്‍ അമേരിക്കയ്ക്കായി. ആ തകര്‍ച്ചയുടെ ഉത്തരവാദിത്വം ലാദനിലായി. വലിയൊരു ദൗത്യം സാധിച്ചു കഴിഞ്ഞതോടെ ഉസാമ നാമാവശേഷനുമായി.
അതേപോലെയാണ് ബഗ്ദാദിയുടെയും ചരിത്രം. ഇറാഖിയായ ബഗ്ദാദി ഇസ്‌റാഈല്‍ ചാരനാണെന്നു തെളിയിക്കുന്ന രേഖകളുണ്ടെന്നു പല ഏജന്‍സികളും വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും പില്‍ക്കാലത്ത് ബഗ്ദാദി അറിയപ്പെട്ടത് ഇസ്‌ലാമിക ഭീകരനായി. അതിനായി ഖലീഫയെന്ന മേലങ്കി അയാളെ അണിയിച്ചു. ഇസ്‌ലാമുമായി ബന്ധപ്പെടുത്തി ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന ഭീകരപ്രസ്ഥാനം രൂപീകരിപ്പിച്ചു. അതിനു കീഴില്‍ ഒരു സാമ്രാജ്യം പടുത്തുയര്‍ത്താന്‍ ശ്രമം നടത്തിച്ചു. ഇതിനിടയില്‍ ബഗ്ദാദിയുടെ ഭീകരസൈന്യം കൊന്നൊടുക്കിയവരില്‍ 99.9 ശതമാനവും സിറിയയിലെയും ഇറാഖിലെയും മുസ്‌ലിംകളായിരുന്നു.
മുസ്‌ലിംകളെ ശത്രുപക്ഷത്തു നിര്‍ത്തേണ്ടതും മുസ്‌ലിംകളില്‍ ചിലരെ ആയുധമാക്കി ഇസ്‌ലാമികരാഷ്ട്രങ്ങളില്‍ അന്തഃഛിദ്രവും കലാപങ്ങളും സൃഷ്ടിക്കേണ്ടതും അമേരിക്കയുടെ ആവശ്യമാണ്. പശ്ചിമേഷ്യയിലെ എണ്ണസമ്പത്ത് കരസ്ഥമാക്കാനും മുസ്‌ലിം ലോകത്തിന്റെ വളര്‍ച്ച തടയുവാനും അവര്‍ക്കിടയില്‍ ഭീതിവിതച്ച് ആയുധങ്ങള്‍ വില്‍ക്കാനും ഇത് അനിവാര്യമാണെന്ന് അമേരിക്കയും ഇസ്‌റാഈലും കരുതുന്നു. അതിനുവേണ്ടിയാണ് സി.ഐ.എയും മൊസാദും അഹോരാത്രം അധ്വാനിക്കുന്നത്.
ഐ.എസ് എന്നപേരില്‍ പ്രവര്‍ത്തിക്കുന്ന ഭരണകൂടവും സംവിധാനവും ഇസ്‌ലാമികമല്ലെന്നും ഇസ്‌ലാം നിരാകരിച്ച തീവ്രവാദത്തെയും ഭീകരവാദത്തെയുമാണ് അത് പ്രതിനിധാനം ചെയ്യുന്നതെന്നും ലോക മുസ്‌ലിം പണ്ഡിതന്മാര്‍ സംശയത്തിനിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ഇപ്പോഴും ഇവിടെ ഇസ്‌ലാമിക ഭീകരതയുണ്ടെന്നും അതില്‍നിന്ന് ലോകത്തെ രക്ഷിക്കുന്നതു തങ്ങളാണെന്നും സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് അമേരിക്കയും ഇസ്‌റാഈലും. അതിന് അവര്‍ ഉസാമമാരെയും ബഗ്ദാദികളെയും ഇനിയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും. ഒരു ഭീകരന്‍ ജനിച്ചാലും മരിച്ചാലും നേട്ടം സാമ്രാജ്യശക്തികള്‍ക്കു തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."