യമന്‍: വെടിനിര്‍ത്തലിന് തയാറെന്ന് വിമതര്‍
സന്‍ആ: യമനില്‍ വെടിനിര്‍ത്തലിനു തയാറാണെന്നു വിമതരായ ഹൂതികള്‍. സഖ്യസേനയ്‌ക്കെതിരേയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കും, എന്നാല്‍ അതേ രീതിയിലുള്ള വെടിനിര്‍ത്തലിനു സഖ്യസേനയും തയാറാകണമെന്നു മുതിര്‍ന്ന ഹൂതി നേതാവ് മുഹമ്മദ് അലി അല്‍ ഹൂതി പറഞ്ഞു.
എല്ലാ ഭാഗങ്ങളിലെയും സൈനിക ഓപറേഷനുകള്‍ നിര്‍ത്തിവയ്ക്കും. യമനിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മാത്രമാണ് വെടിനിര്‍ത്തലെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു. മിസൈല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
യമനിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനായി അന്താരാഷ്ട്ര സമ്മര്‍ദം ഉയര്‍ന്നിരുന്നു. 56,000 പേരാണ് ഹൂതികളുമായുള്ള യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്.
അതിനിടെ, യമന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഈയാഴ്ച അവസാനം സ്വീഡനില്‍ തുടക്കമാകും. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ തങ്ങള്‍ സംബന്ധിക്കുമെന്നു യമന്‍ ഔദ്യോഗിക സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം സൂചിപ്പിച്ച് ഐക്യരാഷ്ട്രസഭയ്ക്കു കത്തയച്ചതായും പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കടുക്കുമെന്നു വ്യക്തമാക്കിയതായും യമന്‍ വിദേശ കാര്യ മന്ത്രി ഖാലിദ് അല്‍ യമാനിയെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സി സബ റിപ്പോര്‍ട്ട് ചെയ്തു. സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് ഹൂതികളുടെമേല്‍ ശക്തമായ സമ്മര്‍ദമുണ്ടാകണമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ നടന്ന ചര്‍ച്ചയില്‍നിന്ന് അവസാന നിമിഷം ഹൂതികള്‍ വിട്ടുനിന്നിരുന്നു.
ഐക്യരാഷ്ട്രസഭ സമാധാന ദൂതന്‍ ഗ്രിഫിത്ത് മാര്‍ട്ടിന്റെ നേതൃത്വത്തിലാണ് സമാധാന ചര്‍ച്ചകള്‍ നടക്കുന്നത്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങി വിവിധ ലോക രാജ്യങ്ങളുടെ പിന്തുണയോടെയായിരിക്കും ചര്‍ച്ചകള്‍.
യുദ്ധം അവസാനിപ്പാക്കാനാവശ്യപ്പെട്ടുള്ള പ്രമേയം ബ്രിട്ടന്‍ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിക്കും. ഇതിനു മുന്നോടിയായി യമന്‍ തലസ്ഥാനമായ സന്‍ആയില്‍ സമാധാന ദൂതന്‍ കൂടിക്കാഴ്ചയ്ക്കായി എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."