കോണ്‍ഗ്രസിനെ വിരട്ടാമെന്ന് ആരും കരുതേണ്ടെന്ന് ചെന്നിത്തല
പാലക്കാട്: കോണ്‍ഗ്രസിനെ വിരട്ടാമെന്ന് ആരും കരുതേണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ന്യായമായ പരാതികള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാണ്. യുഡിഎഫിനു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് എല്ലാ കക്ഷികളെയും ഒന്നിച്ചുകൊണ്ടുപോകാനാണു ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
എല്‍.ഡി.എഫ് വരും എല്ലാം ശരിയാവും എന്ന വാക്കുകള്‍ കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ട് ഭരണത്തിലെത്തിയ എല്‍.ഡി.എഫ് ഭരണത്തിലേറിയിട്ട് ശരിയാക്കിയത് വി.എസിനെ മാത്രമെന്ന് ചെന്നിത്തല പറഞ്ഞു. അച്യുതാനന്ദന്റെ ശല്യം തീര്‍ക്കാന്‍ യക്ഷിയെ ആണിയില്‍ തറയ്ക്കുന്ന രീതിയില്‍ ഭരണപരിഷ്കരണ കമ്മിഷന് അധ്യക്ഷനാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി പദം കാത്തിരുന്ന വി.എസ് ഇന്ദുലേഖയില്ലെങ്കില്‍ തോഴിയായാലും മതി എന്ന സ്ഥിതിയിലേക്ക് താഴ്ന്നു. ഡി.സി.സി പാലക്കാട് സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ കമ്മിഷന് കൊണ്ട് സര്‍ക്കാരിനോ നാടിനോ ജനങ്ങള്‍ക്കോ ഗുണമൊന്നുമില്ല. കഴിഞ്ഞ മൂന്നു ഭരണപരിഷ്കാര കമ്മീഷനുകളുടെയും ശുപാര്‍ശകള്‍ കവറു പൊട്ടിക്കാതെ സെക്രട്ടേറിയറ്റിനകത്ത് സൂക്ഷിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് വിജയം ഒരു ആക്സിഡന്റ് മാത്രമാണ്. യു.ഡി.എഫ് തിരിച്ചുവരും. ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഇല്ലാതാകുന്നതല്ല കോണ്‍ഗ്രസ് എന്ന് കാലവും ചരിത്രവും തെളിയിച്ചിട്ടുണ്ട്. ഭരണത്തിലേറി ഇത്രയും മാസം കൊണ്ട് പിണറായി വിജയന്റെ സര്‍ക്കാര്‍ എല്ലാ പ്രതീക്ഷകളും തകര്‍ത്തിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."