പാര്‍ലമെന്റ് ചേര്‍ന്നു, അഞ്ചു മിനുട്ട് മാത്രം!
കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റ് അഞ്ചു മിനുട്ട് മാത്രം ചേര്‍ന്നു പിരിഞ്ഞു. പൊതു അജന്‍ഡയില്‍ എത്തിച്ചേരാത്തതിനെ തുടര്‍ന്നാണ് യോഗം പിരിഞ്ഞത്. വെള്ളിയാഴ്ച വീണ്ടും പാര്‍ലമെന്റ് ചേരും.
ഇന്നലെ പാര്‍ലമന്റ് യോഗം സമാധാനപരമായിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്നു സഭയില്‍ ശക്തമായ സുരക്ഷയൊരുക്കിയിരുന്നു. രാജപക്‌സെയ്‌ക്കെതിരേയുള്ള രണ്ട് അവിശ്വാസ പ്രമേയങ്ങളും പാസാക്കിയെങ്കിലും തീരുമാനം അംഗീകരിക്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന തയാറായില്ല.
പ്രധാനമന്ത്രിയുടെ വസതി ഒഴിയാന്‍ റനില്‍ വിക്രമസിംഗെ ഇതുവരെ തയാറായിട്ടില്ല. അതിനിടെ രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാനായി സിരിസേനയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നെങ്കിലും അതും തീരുമാനമാകാതെ പിരിഞ്ഞു.
പാര്‍ലമെന്റ് കാര്യങ്ങളുടെ നടത്തിപ്പിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്നലെ തീരുമാനിച്ചു. പാര്‍ലമെന്റ് യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആനന്ദ കുമാരസിരിയാണ് ഇക്കാര്യം അറിയിച്ചത്.
തങ്ങള്‍ക്കു ഭൂരിപക്ഷമുള്ളതിനാല്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ തങ്ങള്‍ക്കാണ് അവകാശമെന്നു രാജപക്‌സെയുടെ പാര്‍ട്ടി നേതാവ് ദിനേഷ് ഗണവര്‍ധന പറഞ്ഞു.
വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനല്‍ ഫ്രണ്ട്, തമിള്‍ നാഷനല്‍ അലയന്‍സ്, പീപ്പിള്‍ ലിബറേഷന്‍ ഫ്രണ്ട് എന്നീ പാര്‍ട്ടികളുടെ നേതാക്കളാണ് ഇന്നലെ രാവിലെ യോഗം ചേര്‍ന്നത്. സിരിസേനയാണ് യോഗത്തിനു നേതൃത്വം നല്‍കിയത്.
ഇലക്ട്രോണിക് വോട്ടിങ്ങിലൂടെയോ ബാലറ്റ് പേപ്പര്‍ രീതിയിലോ രാജപക്‌സെയ്‌ക്കെതിരേ അവിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നു സിരിസേന ആവശ്യപ്പെട്ടു. എന്നാല്‍, ഇതു രാജപക്‌സെയുടെയും വിക്രമസിംഗെയുടെയും പാര്‍ട്ടി തള്ളി.
റനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു നീക്കി മഹിന്ദ രാജപക്‌സെയെ പകരം ചുമതലയേല്‍പ്പിച്ചതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചിരുന്നത്. പ്രസിഡന്റ് സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു. എന്നാല്‍, ഈ നടപടി സുപ്രിംകോടതി കഴിഞ്ഞയാഴ്ച റദ്ദാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."