ഗുജറാത്ത് കൂട്ടക്കൊല: കേസ് തിങ്കളാഴ്ചത്തേക്കു മാറ്റി
ന്യൂഡല്‍ഹി: ഗുജറാത്ത് കൂട്ടക്കൊലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് സംബന്ധിച്ച് സാക്കിയാ ജാഫ്രി നല്‍കിയ ഹരജി സുപ്രിം കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കറും ദീപക് ഗുപ്തയും അടങ്ങുന്ന രണ്ടംഗ ബെഞ്ചിന്റെതാണ് നടപടി.
കലാപത്തിലെ ഗൂഢാലോചന സംബന്ധിച്ചു നരേന്ദ്രമോദിയുടെ പങ്ക് തള്ളിയ എസ്.ഐ.ടി റിപ്പോര്‍ട്ട് ശരിവച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സാക്കിയയും പ്രമുഖ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റാ സെത്തല്‍വാദിന്റെ സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് എന്ന സന്നദ്ധ സംഘടനയും സുപ്രിംകോടതിയെ സമീപിച്ചത്. കലാപത്തിനിടെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എം.പി ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവയാണ് സാക്കിയ.
ഇന്നലെ കേസ് പരിഗണിക്കവേ, ഹരജി സമര്‍പ്പിക്കാനുള്ള ഇരുവരുടെയും അവകാശത്തെ എസ്.ഐ.ടിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്തഗി ചോദ്യം ചെയ്തു. എസ്.ഐ.ടി റിപ്പോര്‍ട്ട് വസ്തുതയാണെന്നും ഇനിയും ഇത് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതി നേരത്തെ ഹരജി തള്ളിയതാണെന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും പറഞ്ഞു.
എന്നാല്‍, ഹരജി തള്ളണമെന്ന് എസ്.ഐ.ടിക്കു കോടതിയിലെത്തി എങ്ങനെ ആവശ്യപ്പെടാന്‍ കഴിയുമെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദ ഉദയ് സിങ് ചോദിച്ചു. കൂട്ടക്കൊലയ്ക്കു പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു. കേസില്‍ എതിര്‍കക്ഷിയായ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കു നോ ട്ടീസയക്കുന്നതിനെ ഗുജറാത്ത് സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ് വൈദ്യനാഥന്‍ എതിര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."