കൊടുവള്ളി സ്വദേശിയുടെ കൊലപാതകം: രണ്ട് മലയാളികളടക്കം ആറു പേര് കുറ്റം സമ്മതിച്ചു
ദമ്മാം: റമദാന് അവസാന ദിവസം സഊദിയില്‍ ജുബൈലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശിയുടെ കൊലപാത കേസില്‍ പിടിയിലായ രണ്ടു മലയാളികളും നാല് സ്വദേശി പൗരന്മാരും കോടതിയില്‍ കൊലപാതക കുറ്റം സമ്മതിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച കേസിനായി കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് അടുത്ത ദിവസത്തേക്ക് മാറ്റുകയായിരുന്നു.
മലയാളികളായ അജ്മല്‍, നിസാമുദീന്‍ എന്നിവരെ കൂടാതെ സ്വദേശി പൗരന്മാരായ ഹുസൈന് അമ്മാര്‍, ഹുസൈന് സലമി, അബൂ റയ്യാന്‍ എന്ന അലി, അസദ് എന്നിവരാണ് കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. ശിക്ഷ പിന്നീട് വിധിക്കും.
നോമ്പ് അവസാന നാളിലാണ് കോഴിക്കോട് കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി ശമീറിന്റെ മൃതദേഹം ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ വര്‍ക്ക്ഷോപ്പ് ഏരിയയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. അടുത്ത ദിവസത്തെ പെരുന്നാളിന് ഞെട്ടലോടെയാണ് പ്രവാസി മലയാളികള്‍ കൊലപാതക വാര്‍ത്ത കേട്ടത്. മൃതദേഹം തിരിച്ചറിയാത്തതിനെ തുടര്‍ന്ന് വിരലടയാളം ശേഖരിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കൊലപാതകത്തെ തുടര്‍ന്ന് മലയാളികളടക്കം നിരവധി പേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവരെ വിശദമായ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു. അനധികൃത പണമിടപാടു കേന്ദ്രങ്ങളും മദ്യ വാറ്റു കേന്ദ്രങ്ങളും ആക്രമിച്ച് പണം തട്ടുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായ പ്രതികള്‍.
ഖോബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മദ്യവില്പന സംഘത്തിലെ കണ്ണികളായിരുന്നു കൊല്ലപ്പെട്ട സമീറും കൂട്ടുകാരന് ഫവാസും. ഫവാസ് കൊലപാതകത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അജ്മലും നിസ്സാമുദ്ദീനും ആവശ്യപ്പെട്ടതനുസരിച്ച് സമീറും ഫവാസും അഞ്ചുപെട്ടി മദ്യവുമായി ഖോബാറിലത്തെുകയും മറ്റൊരുവാഹനത്തില്‍ മദ്യം കയറ്റികൊടുക്കുന്നതിനിടെ പൊലിസ് എന്ന വ്യാജേന സ്വദേശികള്‍ പിടികൂടി ഇരുവരേയും ബലമായി വാഹനത്തില്‍ കയറ്റി നാരിയഭാഗത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ വച്ച് നടത്തിയ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നാണ് മരിച്ചത്. മരിച്ചിട്ടില്ലെന്നു കരുതിയാണ് റോഡരുകില്‍ ഉപേക്ഷിച്ചതെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."