ചൈനയില്‍ മലയിടിച്ചില്‍; 140 പേരെ കാണാതായി
ബെയ്ജിങ്: തെക്കു പടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ മലയിടിഞ്ഞ് 141 പേരെ കാണാതായി. ചൈനീസ് ഔദ്യോഗിക മാധ്യമമാണ് ദുരന്തവാര്‍ത്ത പുറത്തുവിട്ടത്. മൗക്‌സിയന്‍ കൗണ്ടിയിലെ സിന്‍മോ ഗ്രാമത്തില്‍ 62 വീടുകള്‍ തകര്‍ന്നു. പാറകള്‍ നിറഞ്ഞ മലഞ്ചെരുവിലാണ് പൊടുന്നനെ മലയിടിച്ചിലുണ്ടായത്. പ്രാദേശിക സമയം രാവിലെ ആണ് സംഭവം. പാറയ്ക്കടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ രക്ഷാസേന തെരച്ചില്‍ ഊര്‍ജിതമാക്കി. 120 പേരെ കാണാതായെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
മണ്ണുമാന്തി യന്ത്രവും മറ്റും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ചൈനീസ് പീപ്പിള്‍സ് ഡെയ്‌ലി പത്രം പുറത്തുവിട്ടു. ദമ്പതികളെയും കുഞ്ഞിനെയും രക്ഷപ്പെടുത്തിയെന്നും 10 മൃതദേഹങ്ങള്‍ കണ്ടെടുത്തതായുമാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. വലിയ പാറക്കൂട്ടങ്ങളാണ് വീടുകള്‍ക്ക് മുകളിലേക്ക് വീണത്. ഇതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. രണ്ടു കിലോമീറ്റര്‍ പ്രദേശത്താണ് മലയിടിച്ചിലുണ്ടായതെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. നദിയും ഇവിടെ നികത്തപ്പെട്ടു.
ഈയിടെ പ്രദേശത്ത് കനത്തമഴയുണ്ടായിരുന്നു. ഭൂകമ്പസാധ്യതാ പ്രദേശം കൂടിയാണിത്. മേഖലയിലേക്കുള്ള റോഡുകളെല്ലാം തകര്‍ന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. എമര്‍ജന്‍സി വാഹനങ്ങളെ മാത്രമാണ് ഇവിടേക്ക് കടത്തിവിടുന്നത്. 2008 ല്‍ ഇതേ പ്രദേശത്തുണ്ടായ ഭൂകമ്പത്തില്‍ 37 വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ 87,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."