മത്സ്യത്തൊഴിലാളികള്‍ക്ക് നാവിക്: പ്രൊപോസല്‍ അംഗീകരിച്ചു
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് നാവിക് നല്‍കുന്നതിനുള്ള പ്രൊപോസലിന് അംഗീകാരവും ആവശ്യമായ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് (ഓഖി ഫണ്ട്) കണ്ടെത്തുന്നതിന് അനുമതിയും നല്‍കി ഉത്തരവിറങ്ങി. 15,000 മത്സ്യബന്ധന യാനങ്ങള്‍ക്ക് നാവിക് നല്‍കുന്നതിന് യൂനിറ്റൊന്നിന് 10,620 രൂപ നിരക്കില്‍ 15.93 കോടി രൂപയുടെ പദ്ധതിക്കാണ് വ്യവസ്ഥകള്‍ക്കു വിധേയമായി അംഗീകാരം നല്‍കിയത്.ഇതോടൊപ്പം ആഴക്കടല്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സാറ്റ്‌ലൈറ്റ് ഫോണ്‍ നല്‍കുന്നതിനുള്ള പ്രൊപോസലിനും അംഗീകാരം നല്‍കി. മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ ആശയ വിനിമയം നടത്താനും രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കാനും ബി.എസ്.എന്‍.എല്‍ മുഖേന 1000 സാറ്റ്‌ലൈറ്റ് ഫോണ്‍ നല്‍കുന്നതിന് 962.61 ലക്ഷം രൂപയുടെ പ്രൊപോസലാണ് ഫിഷറീസ് ഡയരക്ടര്‍ സമര്‍പ്പിച്ചത്.
അതില്‍ 673.827 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും (ഓഖി ഫണ്ട്) 288.783 ലക്ഷം രൂപ ഉപഭോക്തൃ വിഹിതവുമാണ്. 36 നോട്ടിക്കല്‍ മൈലില്‍ കൂടുതല്‍ ദൂരത്തേക്ക് മത്സ്യബന്ധനത്തിനു പോകുന്ന തിരഞ്ഞെടുക്കപ്പെട്ട 1000 മത്സ്യത്തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കും. ഒരു യൂനിറ്റ് 94,261 രൂപയ്ക്ക് നല്‍കാമെന്ന് ബി.എസ്.എന്‍.എല്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."