ജലീലിനെതിരേ നിയമസഭയ്ക്ക് അകത്തും പുറത്തും പോരാട്ടം തുടരും: ചെന്നിത്തല
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരേ നിയമസഭക്ക് അകത്തും പുറത്തും പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്ക് ദാനത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകര്‍ത്ത മന്ത്രി കെ.ടി ജലീല്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച 'സമരപ്പകല്‍' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഒരു വിദ്യാഭ്യാസ മന്ത്രിയും മാര്‍ക്ക് ദാനം നടത്തിയിട്ടില്ല. മാര്‍ക്ക് ദാനമായി കിട്ടുമെന്നറിഞ്ഞ് രാജ്യത്തെ മറ്റു സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ കേരളത്തില്‍ പഠിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ചെന്നിത്തല പരിഹസിച്ചു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ത്തുവെന്ന ഖ്യാതിയായിരിക്കും ചരിത്രത്തില്‍ കെ.ടി ജലീലിന് ലഭിക്കുകയെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ പറഞ്ഞു.
ആദ്യത്തെ കൊലപാതകത്തിലൂടെ കൊലപാതകം ഹരമായപ്പോള്‍ പിന്നീട് അത് പതിവാക്കിയ കൊലപാതകിയുടെ മനോനിലയാണ് കെ.ടി ജലീലിനെന്ന് അദ്ദേഹം പറഞ്ഞു.
ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ആരും വിശ്വസിക്കാത്ത ആരോപണങ്ങള്‍ ചെന്നിത്തലക്കു മേല്‍ കെട്ടിച്ചമക്കാനാണ് ജലീല്‍ ശ്രമിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
മറുപടി ഇല്ലാതാകുമ്പോള്‍ കൊഞ്ഞനം കാണിക്കുന്ന രീതിയായിട്ട് മാത്രമേ അതിനെ കാണാനാകൂ.
മാര്‍ക്ക് ദാനത്തില്‍ സ്വീകരിച്ച നടപടികള്‍ ശരിയായിരുന്നെങ്കില്‍ പിന്നെയെന്തിനാണ് അത് പിന്‍വലിച്ചതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷനായി. പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.എം ഷാജി എം.എല്‍.എ, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍, ബീമാപ്പള്ളി റഷീദ്, തോന്നക്കല്‍ ജമാല്‍, എം.പി നവാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."