തോട്ടം തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണത്തില്‍ തീരുമാനമായില്ല
കല്‍പ്പറ്റ: സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ പ്രതീക്ഷ അസ്ഥാനത്താക്കി ശമ്പള പരിഷ്‌കരണം ചര്‍ച്ച ചെയ്ത ഒന്‍പതാമത്തെ പി.എല്‍.സി യോഗവും തീരുമാനമാകാതെ പിരിഞ്ഞു. തിരുവനന്തപുരത്ത് കഴിഞ്ഞ 16നാണ് തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നത്. എന്നാല്‍ പ്രധാന അജന്‍ഡയായിരുന്ന ശമ്പള പരിഷ്‌കരണം സംബന്ധിച്ച് തൊഴിലാളികള്‍ക്ക് അനുകൂലമായ തീരുമാനമെടുക്കാതെ യോഗം പിരിയുകയായിരുന്നു.
ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ആലോചിക്കാന്‍ ഉടമകള്‍ക്ക് സമയം അനുവദിച്ചിട്ടുണ്ട്. അടുത്ത പി.എല്‍.സി യോഗം ഡിസംബര്‍ 18നാണ് നടക്കുക. അതിന് മുന്നോടിയായി ഈ മാസം 27ന് ട്രേഡ് യൂനിയനുകളുമായും 30ന് തോട്ടം ഉടമകളുമായും മന്ത്രി പ്രത്യേക ചര്‍ച്ച നടത്തും. കഴിഞ്ഞ ഡിസംബറിലാണ് തോട്ടം തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണ കാലാവധി അവസാനിച്ചത്. തുടര്‍ന്ന് ഒന്‍പത് പി.എല്‍.സി (പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി) യോഗങ്ങള്‍ ചേര്‍ന്നെങ്കിലും തീരുമാനമായിരുന്നില്ല. കഴിഞ്ഞ ജനുവരി മുതല്‍ കാലാവധി കഴിഞ്ഞ സേവന-വേതന വ്യവസ്ഥ അനുസരിച്ചുള്ള ശമ്പളമാണ് തൊഴിലാളികള്‍ക്കു ലഭിക്കുന്നത്.
അധ്വാനഭാരം വര്‍ധിപ്പിച്ചാല്‍ അഞ്ച് രൂപ കൂട്ടാമെന്ന നിലപാടിലായിരുന്നു നേരത്തെ തോട്ടം ഉടമകള്‍.
തോട്ടം മേഖലയുടെ പ്രതിസന്ധി കണക്കിലെടുത്ത് സര്‍ക്കാര്‍ ഉടമകള്‍ക്ക് അനുകൂലമായ നിരവധി തീരുമാനങ്ങള്‍ എടുത്തെങ്കിലും തൊഴിലാളികളുടെ ക്ഷേമത്തിന് ഉടമകള്‍ പരിഗണന നല്‍കുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. ഡിസംബറില്‍ നടക്കുന്ന ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള പത്താമത്തെ യോഗത്തിലും തീരുമാനമായില്ലെങ്കില്‍ സംസ്ഥാനത്തെ തോട്ടം തൊഴിലാളികള്‍ വീണ്ടും സമരത്തിന് നിര്‍ബന്ധിതരാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."