അകാലത്തില്‍ പൊലിഞ്ഞ കുരുന്നുകള്‍ ഇനി ഓര്‍മ മരം
വടകര: അകാലത്തില്‍ പൊലിഞ്ഞ കുരുന്നുകള്‍ ഇനി തങ്ങളുടെ വിദ്യാലയാങ്കണത്തില്‍ തണല്‍ മരങ്ങളായി ജീവിക്കും. മൂന്നാഴ്ച മുന്‍പ് പുഴയില്‍ വീണ് മരിച്ച തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ വിസ്മയയുടെയും സന്മയയുടെയും ഓര്‍മയ്ക്ക് അവരുടെ പേരില്‍ സഹപാഠികള്‍ സ്‌കൂള്‍ മുറ്റത്ത് ഓരോ തണല്‍ മരം നട്ടു.
സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ മധ്യഭാഗത്തെ പ്രവേശനകവാടത്തിന് ഇരുവശത്തണ് മരങ്ങള്‍ നട്ടത്. ഈ അധ്യയന വര്‍ഷം ആകെ രണ്ടു ദിവസം മാത്രമേ ഇരുവര്‍ക്കും സ്‌കൂളിലെത്താന്‍ കഴിഞ്ഞുള്ളു. ജൂണ്‍ നാലിനായിരുന്നു അവരുടെ മരണം. സഹപാഠികള്‍ ഇപ്പോഴും വിതുമ്പലോടെയാണ് അവരെ ഓര്‍ക്കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷം കൂടെ പഠിച്ചിരുന്നവരാണ് ഇവരില്‍ ചിലര്‍.
സ്വന്തമായി വീടില്ലായിരുന്ന ഇരുവരുടെയും കുടുംബത്തിന് ജനകീയ കൂട്ടായ്മയിലൂടെ വീട് നിര്‍മിച്ചുനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. 30 ലക്ഷം രൂപ പിരിച്ചെടുക്കുകയാണ് ലക്ഷ്യം. ശാന്തിനികേതന്‍ സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും അവരുടെ പങ്ക് നല്‍കും. സ്‌കൂള്‍ സേവ് യൂനിറ്റിന്റെ ആഭിമുഖ്യത്തിലാണ് ഓര്‍മമരങ്ങള്‍ നട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."