ക്ലബ് പ്രവര്‍ത്തകര്‍ക്ക് നേരേ അക്രമം: ആറു പേര്‍ക്ക് പരുക്കേറ്റു
കുറ്റിക്കോല്‍: കളി കഴിഞ്ഞ് മൈതാനത്തിന് സമീപം ഇരിക്കുകയായിരുന്ന ക്ലബ് പ്രവര്‍ത്തകര്‍ക്ക് നേരേയുണ്ടായ അക്രമത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം സന്ധ്യയോടെ പള്ളത്തിങ്കാല്‍ ടൗണിലാണ് സംഭവം. പള്ളത്തിങ്കാല്‍ ബ്രദേഴ്സ് ക്ലബ് അംഗങ്ങളായ എച്ച്.രതീഷ്(28), മണികണ്ഠന് തുണ്ടം ബട്ടി(33), ശ്രീലാല്‍(26), എച്ച് വിജയന്(40), വിജേഷ്(23), അനീഷ്(30) എന്നിവര്‍ക്ക് നേരേയാണ് അക്രമം നടന്നത്. പരുക്കേറ്റവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ബേഡഡുക്ക താലുക്കാശുപത്രിയിലും ചികിത്സ തേടി. കളി കഴിഞ്ഞതിന് ശേഷം മൈതാനത്തിന് സമീപത്ത് ഇരിക്കുകയായിരുന്ന ക്ലബ് പ്രവര്‍ത്തകരെ ഒരു പ്രകോപനവുമില്ലാതെ മാരകായുധങ്ങളുമായി ജീപ്പിലും കാറിലുമെത്തിയ സംഘം ഇരുമ്പുവടി കൊണ്ടും ആണി തറപ്പിച്ച മരവടികള്‍ കൊണ്ടും അക്രമിക്കുകയായിരുന്നു. സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.ഐ തുടങ്ങിയ പാര്‍ട്ടികളില്‍ ഉള്‍പ്പെട്ടവര്‍ ക്ലബിലെ അംഗങ്ങളാണ്. സംഭവത്തില്‍ രഞ്ജിത്, ഉദയന്‍, തമ്പാന്, രാജു തുടങ്ങിയ 17 പേര്‍ക്കെതിരെ ബേഡകം പൊലിസ് കേസെടുത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരം പള്ളത്തിങ്കാല്‍ ടൗണില്‍ പ്രതിഷേധയോഗം ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."