ഐ.എസ് തലവനെ വേട്ടയാടിയ സംഭവം സൈനിക നടപടിയുടെ ഭാഗിക വിഡിയോ പുറത്തുവിടുമെന്ന് ട്രംപ്
വാഷിങ്ടണ്‍: ഐ.എസ് തലവന്‍ ബഗ്ദാദി യു.എസ് സൈനിക നടപടിക്കിടെ സ്‌ഫോടകവസ്തു ഉപയോഗിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ റഷ്യന്‍ സൈന്യം ഉള്‍പ്പെടെ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ യു.എസിന്റെ സൈനികനടപടിയുടെ വിഡിയോ പുറത്തുവിടുമെന്ന് പ്രസിഡന്റ് ട്രംപ്.
റെയ്ഡ് വര്‍ണാഭമായിരുന്നെന്നു പറഞ്ഞ ട്രംപ് യു.എസ് പ്രത്യേക സേന വളഞ്ഞതോടെ ടണലില്‍ കുടുങ്ങിയ ബഗ്ദാദി ദേഹത്തു കെട്ടിവച്ചിരുന്ന സ്‌ഫോടകവസ്തു ഉപയോഗിച്ച് മൂന്നു കുട്ടികളോടൊപ്പം സ്വയം ജീവനൊടുക്കുകയായിരുന്നെന്ന് വ്യക്തമാക്കി. ബഗ്ദാദിയെ പിടിക്കാനായി യു.എസ് മൂന്നുവര്‍ഷമായി ശ്രമിച്ചുവരുകയായിരുന്നെന്ന് ട്രംപ് പറഞ്ഞു.
ബഗ്ദാദി മരിച്ചു എന്നത് ഉറപ്പാണെങ്കില്‍ യു.എസ് സൈനികനടപടിയെ റഷ്യ സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
ബഗ്ദാദി ഇസ്‌ലാമിന്റെ
മുഖം വികൃതമാക്കി: സഊദി
ഐ.എസ് തലവന്‍ ബഗ്ദാദിയെ ഇല്ലാതാക്കാന്‍ നടപടിയെടുത്ത യു.എസ് സേനയെ അഭിനന്ദിച്ച സഊദി വിദേശകാര്യ മന്ത്രാലയം ബഗ്ദാദി ഇസ്‌ലാമിന്റെ മുഖം വികൃതമാക്കിയെന്ന് അഭിപ്രായപ്പെട്ടു. യു.എസിനൊപ്പം ഭീകരതക്കെതിരായ പോരാട്ടം സഊദി തുടരുമെന്നും പ്രസ്താവന വ്യക്തമാക്കി.
ഐ.എസ് യു.എസിന്റെ സൃഷ്ടിയെന്ന് ഇറാന്‍
ബഗ്ദാദിയുടെ മരണത്തെ കുറിച്ച് യു.എസ് അവര്‍ ഉണ്ടാക്കിയതിനെ ഇല്ലാതാക്കിയെന്ന് ഇറാന്റെ പ്രതികരണം. ഇത് വലിയ കാര്യമൊന്നുമല്ല. നിങ്ങളുടെ സൃഷ്ടിയെ നിങ്ങള്‍ കൊന്നു- വാര്‍ത്താവിതരണ മന്ത്രി മുഹമ്മദ് ജവാദ് അസരി ട്വീറ്റി.
അതേസമയം, ഇത് ഐ.എസിനെതിരായ പോരാട്ടത്തിന്റെ അവസാനമല്ലെന്ന് ഇറാന്‍ വക്താവ് അലി റബീഇ പറഞ്ഞു.
നാഴികക്കല്ലെന്ന് തുര്‍ക്കി
ബഗ്ദാദിയെ ഇല്ലാതാക്കിയതിനെ പ്രശംസിച്ച തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ഭീകരതക്കെതിരായ നമ്മുടെ ഒന്നിച്ചുള്ള പോരാട്ടത്തിലെ നാഴികക്കല്ലാണിതെന്ന് അഭിപ്രായപ്പെട്ടു. ഭീകരതക്കെതിരായ പോരാട്ടത്തിന് ഭാവിയിലും പിന്തുണ തുടരും- അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും സൈന്യം തമ്മില്‍ ഓപറേഷനു മുന്‍പ് വിവരങ്ങള്‍ കൈമാറിയിരുന്നതായും സഹകരിച്ചതായും തുര്‍ക്കി പ്രതിരോധമന്ത്രി പറഞ്ഞു. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇത് നാഴികക്കല്ലാണെന്ന് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."