കൈകളില്‍ മൈലാഞ്ചിമൊഞ്ച്; തണല്‍ അന്തേവാസികള്‍ പെരുന്നാള്‍ ആവേശത്തില്‍
എടച്ചേരി: ഓര്‍ത്തെടുക്കാന്‍ ഇവര്‍ക്കുള്ളത്, ജീവിതം സമ്മാനിച്ച കയ്‌പേറിയ അനുഭവങ്ങളും ദുരിതങ്ങളുടെ നോവുന്ന കഥകളും മാത്രമാണ്. എങ്കിലും മനസില്‍ ആര്‍ദ്രത വറ്റാത്ത ഒരുപറ്റം മനുഷ്യ സ്‌നേഹികള്‍ക്ക് മുന്നില്‍ ഇവരെല്ലാം മറക്കും. എടച്ചേരി തണലിലെ അന്തേവാസികളായ ഇവര്‍ നാളെ പെരുന്നാള്‍ ആഘോഷിക്കാനുള്ള ആവേശത്തിലാണ്. പെരുന്നാളിന് തലേദിവസം വൈകിട്ട് കൈകളില്‍ നിറയെ മൈലാഞ്ചി ട്യൂബുകളുമായി പ്രദേശത്തെ കുറച്ച് പെണ്‍കുട്ടികളെത്തിയപ്പോള്‍ അന്തേവാസികളുടെ കണ്ണിലും വിടര്‍ന്നത് അതിരുകളില്ലാത്ത ആനന്ദമാണ്.
ഇവരില്‍ പലര്‍ക്കും ഇത് തണലിലെ ആദ്യ പെരുന്നാളാണ്. ഇതിനു മുന്‍പ് പെരുന്നാള്‍ കൂടാഞ്ഞിട്ടല്ല. അന്നൊക്കെ കുടുംബം ഒപ്പമുള്ള മധുരപ്പെരുന്നാളായിരുന്നു. പിന്നീടെങ്ങോ തങ്ങളെ പിടികൂടിയ വിവിധരോഗങ്ങള്‍ നിമിത്തമായി വിധി എല്ലാം കീഴ്‌മേല്‍ മറിക്കുകയായിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ മൈലാഞ്ചിയിടുന്ന പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ കൊച്ചു കുട്ടികളെ പോലെ അവര്‍ മിണ്ടാതിരുന്നു. പലര്‍ക്കും സ്വന്തം വീടെന്നത് വേദനിപ്പിക്കുന്ന ഓര്‍മകള്‍ മാത്രമായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ മുഴുവന്‍ നോമ്പെടുത്തവരും ഇവരുടെ കൂട്ടത്തിലുണ്ട്. ഓര്‍മകളില്‍ മാത്രം പെരുന്നാളുകള്‍ പൂക്കുന്ന ഇവരുടെ ആഘോഷം അവിസ്മരണീയമാക്കാന്‍ തണല്‍ ജീവനക്കാര്‍ മനസുവച്ചതോടെ ഇവര്‍ ആഹ്ലാദത്തിമര്‍പ്പിലാണ്. അടുത്തിടെ തണലിലെത്തിയ ഒരു ചെറുപ്പക്കാരി, അവിടുത്തെ സൈക്കോളജിസ്റ്റിനോടും നഴ്‌സിനോടും 'പെരുന്നാള്‍ കോടി ' യെക്കുറിച്ച് ചോദിച്ചപ്പോഴാണ് ജീവനക്കാര്‍ക്ക് ഇങ്ങനെ ഒരാശയം തോന്നിയത്.
പിന്നെ വൈകിയില്ല. തണലിനെ ജീവനുതുല്യം സ്‌നേഹിക്കുന്ന സുമനുസുകളായ ഒരുപറ്റം ചെറുപ്പക്കാര്‍ ആ ദൗത്യം ഏറ്റെടുത്തു. എല്ലാവര്‍ക്കും വില കൂടിയ പെരുന്നാള്‍ കോടി മുതല്‍ കെങ്കേമമായ സദ്യ വരെ അവരേറ്റെടുത്തു. പെരുന്നാളൊരുക്കത്തിന് മൊഞ്ച് കൂട്ടാന്‍ ചുറവളകളും മണി മാലകളും, പുത്തന്‍ ചെരിപ്പുകളും അവരെത്തിച്ചു. അനാഥത്വത്തിന്റെ മണമില്ലാത്ത വര്‍ണക്കുപ്പായങ്ങളും ചുരിദാറുകളും എല്ലാവരും അണിയുമ്പോള്‍ തണല്‍ മന്ദിരം ഇന്നോളം ലഭിക്കാത്ത അവാച്യമായ അനുഭൂതിയുടെ നിമിഷങ്ങളിലേക്ക് കടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."