ഗ്യാസ് സിലിണ്ടര്‍ ഗോഡൗണിനകത്ത് തീയിട്ടു;നാട്ടുകാരുടെ ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം
ഫറോക്ക്: ടാര്‍ ഉരുക്കുന്നതിനായി ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ച ഗോഡൗണ്‍ കോംപൗണ്ടിനകത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ തീയിട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍ ഇടപെട്ടതിനാല്‍ വന്‍ദുരന്തം ഒഴിവായി. ചെറുവണ്ണൂര്‍ കുണ്ടായിത്തോട് സുരഭി ഗ്യാസ് ഏജന്‍സിയുടെ ഗോഡൗണിലാണ് തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികള്‍ ടാര്‍ ചൂടാക്കുന്നതിനായി തീയിട്ടത്. ഇന്നലെ പകല്‍ 2.30ഓടെയാണ് സംഭവം.
5000ത്തോളം ഗ്യാസ് നിറച്ച സിലിണ്ടറകുള്‍ സൂക്ഷിച്ച ഗോഡൗണിന് സമീപത്താണ് ടാര്‍ വീപ്പ ചൂടാക്കുന്നതിനായി വിറക് ഉപയോഗിച്ചു കത്തിച്ചത്. സമീപ വാസികള്‍ ഉടന്‍ തീയണച്ചതിനാല്‍ വന്‍ അഗ്നിബാധയുണ്ടാകാതെ രക്ഷപ്പെടുകയായിരുന്നു. ഗോഡൗണിന് പുറത്തായി ഗ്യാസ് സിലണ്ടറുകള്‍ നിറച്ച രണ്ടു ലോറിയുമുണ്ടായിരുന്നു. കൂടാതെ മീറ്ററുകള്‍ വ്യത്യാസത്തില്‍ പെട്രോള്‍ പമ്പും എല്‍.പി.ജി ഫില്ലിങ് സ്റ്റേഷനും പ്രവര്‍ത്തിക്കുന്നുണ്ട്. ഗോഡൗണിനുള്ളിലെ പൊളിഞ്ഞ തറയുടെ ഭാഗം അടയ്ക്കുന്നതിനായാണ് കോംപൗണ്ടിനകത്ത് ടാര്‍ ഉരുക്കിയത്. ഈ ടാര്‍ ഗ്യാസ് സിലണ്ടറുകള്‍ സൂക്ഷിച്ച തറയില്‍ കൊണ്ടുപോയി ഒഴിക്കുകയും ചെയ്തിട്ടുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെറുവണ്ണൂര്‍-നല്ലളം പൊലിസ് സ്ഥലത്തെത്തിയാണ് ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചത്. മീഞ്ചന്തയില്‍നിന്ന് അസി. സ്റ്റേഷന്‍ ഓഫിസര്‍ പി. സതീശന്റെ നേതൃത്വത്തില്‍ ഒരു യൂനിറ്റ് ഫയര്‍ എന്‍ജിനെത്തി തീ പൂര്‍ണമായും അണയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."