നഗരസഭയുടെ രസീതുകള്‍ നഷ്ടപ്പെട്ട സംഭവം; മോഷണ ദൃശ്യങ്ങള്‍ ലഭിച്ചതായി സൂചന
ആലപ്പുഴ: നഗരസഭയിലെ റവന്യൂ നികുതി രസീതുകള്‍ നഷ്ടപ്പെട്ട വിവാദ സംഭവത്തിന്റെ ചരുളുകള്‍ അഴിയുന്നു. അപഹരണരംഗങ്ങള്‍ സിസി.ടിവി യില്‍ നിന്നും അധികൃതരുടെ പരിശോധനയില്‍ ലഭിച്ചതായാണ് സൂചന.
നിലവില്‍ ഇത് കൈകാര്യം ചെയ്തിരുന്ന ജീവനക്കാരിക്കെതിരേ നഗരസഭാ സെക്രട്ടറി സൗത്ത് പൊലിസിന് പരാതി നല്‍കിയിട്ടുണ്ട്. പരാതി സ്വീകരിച്ച പൊലിസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ വിഭാഗത്തിലെ സിസി.ടിവി ദൃശ്യങ്ങള്‍ അധികൃതര്‍ പരിശോധിച്ചത്.
രസീത് കൈകാര്യം ചെയ്ത ജീവനക്കാരിക്കെതിരേ സസ്‌പ്പെന്‍ഷന്‍ നടപടി സ്വീകരിക്കുന്നതിലേക്ക് നഗരസഭാ നീങ്ങുന്നതിനിടയിലാണ് ജീവനക്കാര്‍ക്ക് ആകെ ആശ്വാസകരമായ അപഹരണദൃശ്യങ്ങള്‍ ലഭിച്ചിട്ടുള്ളത്.
ഒക്ടോബര്‍ 22നാണ് നഷ്ടപ്പെട്ട രസീത് അടങ്ങുന്ന ബുക്ക് ജീവനക്കാരി സ്റ്റോറില്‍ നിന്നും കൈപ്പറ്റിയത്. അന്നുമുതലുള്ള റവന്യൂവിഭാഗത്തിലെ ഓഫിസ് പ്രവര്‍ത്തനങ്ങളുടെ രംഗങ്ങളാണ് പരിശോധനയ്ക്കായി അധികൃതര്‍ ഹാര്‍ഡ് ഡിസ്‌ക്കില്‍ പകര്‍ത്തിയത്.
147-ാം നമ്പര്‍ ബുക്കിലെ 14694 ഉം 14695 ഉം ഇവയിലൊന്നിന്റെ ഡ്യൂപ്ലിക്കേറ്റ് പകര്‍പ്പുമാണ് നഷ്ടപ്പെട്ടത്. രസീതുകള്‍ നഷ്ടപ്പെട്ട വിവരം ഈ വിഭാഗത്തിലെ ജീവനക്കാരി ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിക്കുകയായിരുന്നു. ഈ വിവരങ്ങള്‍ കാട്ടി നഗരസഭയിലെ മുഴുവന്‍ പ്രദേശത്തും സെക്രട്ടറി എസ്. ജഹാംഗീര്‍ അറിയിപ്പ് നല്‍കിയിരുന്നു.
ഈ രസീത് ഉപയോഗിച്ച് ധനാപഹരണം നടത്താന്‍ സാധ്യതയുള്ളതിനാല്‍ നഗരസഭയിലെ ജീവനക്കാരാണെന്ന തീരിച്ചറിയല്‍ കാര്‍ഡുള്ളവരുടെ പക്കല്‍ മാത്രം നികുതി നല്‍കിയാല്‍ മതിയെന്ന അറിയിപ്പും ഇതിനോടകം നഗരസഭ പുറപ്പെടുവിച്ചിരുന്നു. അന്വേഷണത്തിനിടയില്‍ ലഭിച്ച ദൃശ്യങ്ങള്‍ അടുത്ത ദിവസം നഗരസഭ കൗണ്‍സില്‍ കൂടി കണ്ടശേഷം പൊലിസിന് നല്‍കാനാണ് തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം.
ഇതിന് മുന്‍പും ഇത്തരം സംഭവങ്ങള്‍ ആലപ്പുഴ നഗരസഭയില്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇവയുടെ തെളിവുകള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. വിവാദമായ ലേക്ക് പാലസിലെ ഫയല്‍ കണാതായതടക്കം പല ഫയലുകളും നഗരസഭയില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. ആര്‍ക്കും എവിടേയും കയറിയിറങ്ങാം എന്ന നിലയിലാണ് നഗരകാര്യാലയത്തിലെ നിലവിലെ സ്ഥിതി. ജീവനക്കാര്‍ക്ക് തന്നെ ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലാണ് പുറത്തുനിന്നുള്ളവരുടെ കടന്നുകയറ്റം.
രാഷ്ട്രീയക്കാരും നിത്യവും നഗരസഭയിലെത്തുന്ന കാര്യസാധ്യക്കാരുടെയും വിഹാരകേന്ദ്രമായി ഇവിടുത്തെ പല വിഭാഗം ഓഫിസുകളും മാറുകയാണെന്ന് ജീവനക്കാര്‍ തന്നെ പരാതി പറയുന്നുണ്ട്. തങ്ങള്‍ കൈകാര്യം ചെയ്യുന്ന ഫയലുകള്‍ മേശപ്പുറത്ത് വച്ച് പ്രാധമിക ആവശ്യങ്ങള്‍ക്ക് പോകാനും ഇപ്പോള്‍ ഭയമാണെന്ന് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."