'ചന്ദ്രയാന്‍ വിക്ഷേപിച്ചു; കുഴല്‍ കിണറില്‍ വീണ കുരുന്നിനെ രക്ഷിക്കാന്‍ ഒരു സാങ്കേതിക വിദ്യയും രാജ്യത്തില്ലേ?'; സുജിത്തിന്റെ മരണത്തില്‍ പതിവുപോലെ അവശേഷിക്കുന്നത് ഈ ചോദ്യം മാത്രം
ചെന്നൈ: രാജ്യത്തിന്റെയാകെ പ്രാര്‍ഥനകളെ വിഫലമാക്കി രണ്ടുവയസ്സുകാരന്‍ സുജിത്ത് വില്‍സണ്‍ മരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ചോദ്യം ഏവരുടെയും മനസ്സില്‍ തറക്കുന്നതാണ്. ചന്ദ്രനിലേക്ക് വരെ പുതിയ പര്യവേഷണ ദൗത്യവുമായി മുന്നേറുമ്പോള്‍ കുഴല്‍കിണറില്‍ വീണ ഒരുജീവനെ രക്ഷിക്കാന്‍ പോലും നമ്മുടെ സാങ്കേതിക വിദ്യകള്‍ക്കാവുന്നില്ലേ എന്നതാണ് ആ ചോദ്യം.
നീണ്ട 82 മണിക്കൂറിന് ശേഷമാണ് സുജിത്തിന്റെ ചേതനയറ്റ ജീര്‍ണ്ണിച്ച മൃതദേഹമെങ്കിലും അധികൃതര്‍ക്ക് പുറത്തെടുക്കാനായത്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും ഓയില്‍ ആന്‍ഡ് നാച്ചുറല്‍ഗാസ് കോര്‍പറേഷന്‍, സംസ്ഥാനത്തെ മൈനിംഗ് കമ്പനി എന്നിവിടങളിലെ വിദഗ്ധര്‍, പൊലിസ്, അഗ്നിരക്ഷാ സേനയിലെ അംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ രംഗത്തെത്തിയെങ്കിലും ആ കുരുന്നു ജീവന്‍ രക്ഷിക്കാന്‍ അതൊന്നും പര്യാപ്തമായില്ല. സംസ്ഥാന സര്‍ക്കാര്‍ ഒരു ശാസ്ത്രീയമായ കാഴ്ചപ്പാടുമില്ലാതെ കുറേ കഷ്ടപ്പെട്ടു എന്നാണ് ഇതുസംബന്ധിച്ച് എ.പി.ജെ അബ്ദുല്‍ കലാമിന്റെ ഉപദേശകനായ പൊന്‍രാജ് പറയുന്നത്. കൃത്യമായ ആസൂത്രണമുണ്ടായിരുന്നെങ്കില്‍ 26 അടിയില്‍ നിന്നും കുട്ടി ഒരിക്കലും താഴേക്ക് പതിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധുര, കോയമ്പത്തൂര്‍, തിരുനെല്‍വേലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ റോബോട്ടിക്ക് രക്ഷാ സംവിധാനങ്ങള്‍ കൈകാര്യം ചെയുന്നവരാണ് ആദ്യം കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത്. കുട്ടിയുടെ കൈകളില്‍ കയര്‍ കുരുക്കിയാണ് അവര്‍ ഇതിന് ശ്രമിച്ചത്. ഈ ശ്രമത്തിനിടെയാണ് കുട്ടി വീണ്ടും താഴേക്ക് പതിച്ചത്. ഇതിന് ശേഷം മാത്രമാണ് ദേശീയ ദുരന്തനിവാരണ സേന ഉള്‍പ്പെടെ സ്ഥലത്തെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 5.30നാണ് സുജിത്ത് അപകടത്തില്‍പ്പെടുന്നത്. ഞായറാഴ്ച രാവിലെയോടെ മാത്രമാണ് സമാന്തരമായി കുഴിയെടുക്കാനുള്ള ശ്രമം ആരംഭിച്ചത്.
തമിഴ്‌നാട്ടില്‍ മാത്രം പത്തോളം കുട്ടികളാണ് കുഴല്‍ക്കിണറുകളില്‍ വീണ് മരിച്ചിട്ടുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സങ്കീര്‍ണമാണെന്നു തന്നെയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറുന്നത്. ചന്ദ്രനിലേക്ക് ആളുകളെ അയക്കാവുന്നതുപോലെ എളുപ്പത്തില്‍ കാര്യങ്ങള്‍ നടക്കില്ലെന്നും ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് മറുപടിയായി അവര്‍ പറയുന്നു. അതേസമയം അപകടം വരാതിരിക്കാനുള്ള മുന്‍കരുതലുകളുടെ ഭാഗമായി ഉപയോഗയോഗ്യമല്ലാത്ത ഇത്തരം കുഴല്‍ക്കിണറുകള്‍ മൂടണമെന്നുള്ള കഴിഞ്ഞ വര്‍ഷത്തെ കോടതി വിധി നടപ്പിലാക്കാനെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നിരവധിയാളുകളുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."