തോട്ടിലെ മലിനജലം വീടിനുള്ളിലേക്ക് ;പെരുന്നാള്‍ ദിനത്തിലും വീട്ടുമുറ്റത്തേക്ക് ഇറങ്ങാനാകാതെ ഉമൈബയും കുടുംബവും
പൊന്നാനി: പെരുന്നാള്‍ ദിനത്തിലും വീട്ടുമുറ്റത്തേക്കിറങ്ങാനാവാതെ ഉമൈബയും കുടുംബവും ദുരിതത്തില്‍. മഴ കനത്തതോടെ തോട്ടിലെ മലിനജലം പരന്നൊഴുകുന്നത് ഉമൈബയുടെ വീടിന് അകത്തേക്കാണ്.
പൊന്നാനി എരിക്കാം പാടത്തെ വലിയ തൊടി ഉബൈബയുടെയും അഞ്ചിങ്ങല്‍ രാജന്റെയും കുടുംബം ഇപ്പോള്‍ കഴിയുന്നത് വെള്ളക്കെട്ടിന് നടുവിലാണ്. ഇവരുടെ വീടിനോട് തൊട്ടടുത്തുള്ള കാനയില്‍ നിന്നുള്ള വെള്ളം വീട്ടിനുള്ളിലേക്കാണ് പരന്നൊഴുകുന്നത്. ബിയ്യം, എരിക്കാംപാടം മേഖലയിലുള്ള ചെളി കലര്‍ന്ന വെള്ളം എരിക്കാംപാടം തോട്ടിലൂടെയാണ് ബിയ്യം കായലിലേക്ക് എത്തിച്ചേരുന്നത്. എന്നാല്‍ നാളുകളായി പ്രദേശവാസികള്‍ മാലിന്യങ്ങള്‍ തോട്ടില്‍ നിക്ഷേപിക്കുന്നതിനാല്‍ തോട് ഏറെക്കുറെ മൂടപ്പെട്ട സ്ഥിതിയിലാണ്.
മഴക്കാല പൂര്‍വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി തോടിന്റെ ആഴം വര്‍ധിപ്പിക്കണമെന്ന് തൊട്ടടുത്ത വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കൗണ്‍സിലര്‍മാര്‍ ഇക്കാര്യം ചെവികൊണ്ടില്ലെന്നാണ് പരാതി. തോട് നവീകരണം നടക്കാത്തതിനാല്‍ മഴ പെയ്തതോടെ തോട്ടിലേക്കെത്തിയ വെള്ളം പരന്നൊഴുകി. ഇതോടെ തൊട്ടടുത്ത വീടുകള്‍ വെള്ളത്തിനടിയിലായി.
മുട്ടോളം വെള്ളത്തിലാണ് വീട്ടുകാര്‍ സഞ്ചരിക്കുന്നത്. കൂടാതെ ജലജന്യ രോഗങ്ങള്‍ പടരാനുള്ള സാധ്യതയും ഏറെയാണ്. വെള്ളക്കെട്ടിന് ഉടന്‍ പരിഹാരം കാണണമെന്നാണ് വീട്ടുകാരുടെ ആവശ്യം. പെരുന്നാളിന് വെള്ളക്കെട്ട് ദുരിതത്തിലകപ്പെട്ട് കഴിയുവാനാണ് ഇവരുടെ വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."