കാറിന്റെ ടയറുകളിലെ കാറ്റ് അഴിച്ചുവിട്ടു; കുറ്റക്കാരനെ പിടികൂടി സൈക്കിള്‍ പമ്പ് കൊണ്ട് കാറ്റ് നിറപ്പിച്ചു
നിലമ്പൂര്‍: ജില്ലാ ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ടകാറിന്റെ ടയറുകളിലെ കാറ്റ് ഓട്ടോഡ്രൈവര്‍മാര്‍ അഴിച്ചുവിട്ടതായി പരാതി. മകളുടെ ചികിത്സക്കായി ജില്ലാ ആശുപത്രിയിലെത്തിയ അകമ്പാടത്തെ ടി.പി ഷെരീഫിന്റെ കാറിന്റെ ടയറുകളിലെ കാറ്റാണ് അഴിച്ചുവിട്ടത്. പനിബാധിച്ച മകളെ ആശുപത്രിയില്‍ കാണിക്കാനാണ് ഇയാളെത്തിയത്.
വാഹനം ആശുപത്രിക്കു പുറത്ത് റോഡരികില്‍ നിര്‍ത്തിയിടുകയായിരുന്നു. അരമണിക്കൂറിനുശേഷം തിരിച്ചെത്തിയപ്പോഴാണ് കാറിന്റെ മൂന്നു ടയറുകളിലെ കാറ്റ് പോയതായി ശ്രദ്ധയില്‍പെട്ടത്.
സമീപത്ത് വാഹനം നിര്‍ത്തിയിട്ട ഓട്ടോറിക്ഷയിലെ ചില തൊഴിലാളികളാണ് കാറ്റഴിച്ചുവിട്ടതെന്ന ആരോപണവുമായി നാട്ടുകാരും ആശുപത്രി പരിസരത്തുണ്ടായിരുന്നവരും രംഗത്തുവന്നു.
പിതാവിന്റെ നിസ്സഹായവസ്ഥയില്‍ നാട്ടുകാര്‍ സൈക്കിള്‍ പമ്പ് കൊണ്ട് വന്ന് കാറ്റ് നിറക്കാന്‍ ശ്രമിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ് നടത്തിയ അന്വേഷണത്തില്‍ ജില്ലാ ആശുപത്രി ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായ മമ്പാട് സ്വദേശിയും കൂട്ടാളികളുമാണ് സംഭവത്തിന് പിന്നിലെന്ന് തെളിഞ്ഞു. ഇയാളെ കണ്ടെത്തി സൈക്കിള്‍ പമ്പ് കൊണ്ട് കാറിന്റെ ടയര്‍ കാറ്റ് നിറപ്പിച്ചു. രണ്ടാമനെയും പിടികൂടി.
മൂന്നാമനു വേണ്ടി അന്വേഷണവും ആരംഭിച്ചു.
സംഭവത്തില്‍ പൊലിസ് കേസെടുത്തു. സ്റ്റാന്‍ഡിനോട് ചേര്‍ന്ന് കാര്‍ നിര്‍ത്തിയതാണ് ഓട്ടോ ഡ്രൈവര്‍മാരെ ചൊടിപ്പിച്ചത്. ഇതിനു പ്രതികാരമായാണ് മൂന്നു ഡ്രൈവര്‍മാര്‍ കാറിന്റെ കാറ്റഴിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."