ഇസ്ഹാഖ് വധം: ആയുധങ്ങള്‍ കണ്ടെടുത്തു, കണ്ടെത്തിയത് സി.പി.എം നേതാവിന്റെ വീടിനു സമീപത്തുനിന്ന്
തിരൂര്‍: ലീഗ് പ്രവര്‍ത്തകന്‍ കുപ്പന്റെ പുരക്കല്‍ ഇസ്ഹാഖി(35)നെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ഉപേക്ഷിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. സംഭവത്തില്‍ പൊലിസ് കസ്റ്റഡിയിലുള്ള കുപ്പന്റെ പുരക്കല്‍ മുഈസ് (25), കുപ്പന്റെ പുരക്കല്‍ താഹ മോന്‍(22), വെളിച്ചാന്റെ പുരക്കല്‍ മഷ്ഹൂദ്(24) എന്നിവരുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ താനൂര്‍ സി.ഐ ജെസ്റ്റിന്‍ ജോണിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം നടത്തിയ തെളിവെടുപ്പിനിടെയാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി പള്ളിയിലേക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയ ഇസ്ഹാഖിനെ വീടിനടുത്ത് തമ്പടിച്ച പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം പള്ളിക്കാട്ടിലൂടെ അഞ്ചുടികുണ്ടുങ്ങല്‍ പാലം വഴി കടന്ന് വിവിധ സ്ഥലങ്ങളില്‍ ആയുധങ്ങള്‍ ഉപേക്ഷിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്. മുഈസ് വെട്ടാന്‍ ഉപയോഗിച്ച വാള്‍ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയന്റെ വീടിനു മുന്നിലെ കുറ്റിക്കാട്ടില്‍ നിന്നും മഷ്ഹൂദിന്റെ കൈവശമുണ്ടായിരുന്ന വാള്‍ കുണ്ടുങ്ങല്‍ പാലത്തിനു സമീപത്ത് നിന്നും താഹ മോന്‍ ഉപേക്ഷിച്ച ഇരുമ്പ് പൈപ്പ് കുണ്ടുങ്ങല്‍ മില്ലിന് എതിര്‍വശത്തു നിന്നുമാണ് കണ്ടെത്തിയത്.
മൂന്നു പ്രതികളെയും വ്യത്യസ്ത സമയങ്ങളില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തി ആയുധങ്ങള്‍ കണ്ടെത്തിയത്. തെളിവെടുപ്പ് സ്ഥലത്ത് വന്‍ ജനക്കൂട്ടം തടിച്ചുകൂടിയത് പൊലിസിന് തലവേദനയായി. ആയുധങ്ങള്‍ കണ്ടെടുത്ത ശേഷം ഉച്ചയോടെ കൊലപാതകം നടത്തിയ അഞ്ചുടിയില്‍ വന്‍ പൊലിസ് അകമ്പടിയോടെ പ്രതികളെ എത്തിച്ചെങ്കിലും ജനം തടിച്ചു കൂടിയതിനാല്‍ പൊലിസ് വാഹനത്തില്‍ നിന്നും ഇറക്കാനായില്ല.
സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ വീടിനു സമീപത്തു നിന്നും ആയുധങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെ, ഈ വിവരം സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചതോടെ വീടിനു സമീപത്ത് ജനം തടിച്ചുകൂടി. അതേസമയം സംഭവത്തില്‍ പങ്കില്ലെന്നും ഏത് അന്വേഷണത്തിനും തയാറാണെന്നും ഇ.ജയന്‍ പ്രതികരിച്ചു. ഇന്നലെ രാവിലെ 7.45 ന് ആരംഭിച്ച തെളിവെടുപ്പ് ഉച്ചക്ക് രണ്ട് മണിയോടെ സമാപിച്ചു. പ്രതികളെ ഇന്ന് വൈകിട്ട് 5ന് പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും.
ഒരാള്‍ കൂടി പിടിയില്‍
തിരൂര്‍: താനൂര്‍ അഞ്ചുടി കുപ്പന്റെപുരക്കല്‍ ഇസ്ഹാഖ് വധക്കേസില്‍ മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് പൂര്‍ത്തിയാക്കാനിരിക്കെ ഒരാള്‍ കൂടി പിടിയിലായതായി സൂചന. ഇയാളുടെ പേരു വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തു വിട്ടിട്ടില്ല. ഇന്നലെ ഉച്ചയോടെ താനൂര്‍ ഹാര്‍ബറിലെ ജോലി സ്ഥലത്തെത്തി പണം കൈപറ്റി ഒളിവില്‍ പോകാനിരിക്കെയാണ് രഹസ്യവിവരത്തെ തുടര്‍ന്നെത്തിയ അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, കേസിലെ മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം പൊലിസ് ഈര്‍ജിതമാക്കി. പ്രതികളുടെ ബന്ധു വീടുകളില്‍ ഇന്നലെയും പൊലിസ് റെയ്ഡ് നടത്തി. നിലവില്‍ ലഭ്യമായ സൂചനകള്‍ പ്രകാരമാണ് സംശയകരമായ ബന്ധുവീടുകള്‍ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."