പ്രതിഷേധിക്കാന്‍ ചോരചിന്തി സത്യം ചെയ്യല്‍: ബാലാവകാശ കമ്മിഷന് കേസെടുത്തു
തിരുവനന്തപുരം: സണ്‍ഡേ സ്കൂള്‍ പ്രാര്‍ത്ഥനക്കിടെ വിരലില്‍ നിന്നുള്ള രക്തം ഉപയോഗിച്ച് കുട്ടികളെക്കൊണ്ട് 'സത്യം' എന്നെഴുതിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ യാക്കോബായ സഭയുടെ അഖില മലങ്കര സഭ സണ്‍ഡേ സ്കൂള്‍ പ്രാര്‍ത്ഥന കൂട്ടായ്മയിലാണ് സംഭവം എന്നാണ് റിപ്പോര്‍ട്ട്.
പള്ളി തര്‍ക്കത്തിന്റെ പേരില്‍ വിളിച്ചു കൂട്ടിയ പ്രതിഷേധ കൂട്ടായ്മയില്‍ ചില കുട്ടികള്‍ സൂചിമുന കുത്തി വിരലില്‍ മുറിവുണ്ടാക്കി ചോര കൊണ്ട് സത്യം എന്ന് പേപ്പറില്‍ എഴുതുകയായിരുന്നു എന്നാണ് വാര്‍ത്ത. സമാധാനപരമായി സംഘടിക്കുന്നതിനും പ്രതിഷേധിക്കുന്നതിനും കുട്ടികള്‍ക്ക് അവകാശം ഉണ്ടെങ്കിലും മൈനര്‍ ആയ കുട്ടികള്‍ ഇതിന്റെ ഭാഗമായി ചോര ചിന്തുന്നത് അനുവദിക്കാനാവില്ലെന്ന് കമ്മിഷന് ചെയര്മാന് പി. സുരേഷ് പറഞ്ഞു. 18 വയസിനു താഴെയുള്ളവര്‍ ആണെങ്കില്‍ നടപടി സ്വീകരിക്കും. സംസ്ഥാന പൊലിസ് മേധാവി, ജില്ലാ കലക്ടര്‍, ജില്ല ശിശു സംരക്ഷണ ഓഫിസര്‍ എന്നിവരില്‍ നിന്ന് റിപ്പോര്‍ട്ട് ആരാഞ്ഞിട്ടുണ്ടെന്നും ചെയര്മാന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."