തൃക്കരിപ്പൂരിലെ അന്താരാഷ്ട്ര ഇന്‍ഡോര്‍ സ്റ്റേഡിയം: മൈതാനം പരിശോധിച്ചു
തൃക്കരിപ്പൂര്‍: കഴിഞ്ഞ ബജറ്റില്‍ ജില്ലക്ക് അനുവദിച്ച മള്‍ട്ടി പര്‍പ്പര്‍സ് അന്താരാഷ്ട്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം ആരംഭിക്കുന്നതിനു മുന്നോടിയായി കായിക വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചു. നടക്കാവ് സിന്തറ്റിക് ഫുട്‌ബോള്‍ മൈതാനത്തോടു ചേര്‍ന്നാണ് അന്താരാഷ്ട്ര നിലവാരമുള്ള മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്. ഇതിനായി 40 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. അന്തരിച്ച വെല്ലിംഗ് ടെന്‍ ഫുട്‌ബോള്‍ കോച്ച് എം.ആര്‍.സി കൃഷ്ണന്റെ നാമധേയത്തിലാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. 35000 പേരെ ഉള്‍ക്കൊള്ളുന്ന പവലിയന്‍, 400 മീറ്റര്‍ ട്രാക്ക്, ഫ്‌ളഡ്‌ലിറ്റ്, വിശ്രമ മുറി, ഇന്‍ഡോര്‍ മൈതാനിയില്‍ വോളിബോള്‍, ഷട്ടില്‍, ബാസ്‌കറ്റ് ബോള്‍, ഒളിമ്പിക്‌സ് നിലവാരത്തിലുള്ള സ്വിമ്മിങ് പൂള്‍, ബാഡ്മിന്റണ്‍, കബഡി, ഇന്‍ഡോര്‍ മള്‍ട്ടി ജിംനേഷ്യം തുടങ്ങിയവക്കു വേണ്ട അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കും.
ഗെയിംസ് കോര്‍ട്ടുകളും സമാന്തര റോഡ്, വാഹന പാര്‍ക്കിങ്, ഓവുചാല്‍ എന്നിവയും ഒരുക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപറേറ്റിവ് സൊസൈറ്റിക്കാണ് പദ്ധതി തയാറാക്കി സര്‍ക്കാറിനു സമര്‍പ്പിക്കാന്‍ ചുമതല നല്‍കിയത്. 13 ഏക്കര്‍ സ്ഥലം പൂര്‍ണമായും ഉപയോഗപ്പെടുത്തിയാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്.
ദേശീയ ടീമിലും പ്രൊഫഷണല്‍ ക്ലബുകളിലുമായി ഡസനിലേറെ കളിക്കാരെ സംഭാവന ചെയ്ത പ്രദേശമെന്ന പരിഗണന നല്‍കിയാണ് സ്റ്റേഡിയം തൃക്കരിപ്പൂരില്‍ ഒരുക്കുന്നത്. 14 ജില്ലകളിലും ഒരു വിവിധോദ്ദേശ മള്‍ട്ടി പര്‍പ്പസ്സ് ഇന്റോര്‍ സ്റ്റേഡിയം എന്ന സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്റ്റേഡിയം തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നടക്കാവില്‍ സ്ഥാപിക്കുന്നത്. എം. രാജഗോപാലന്‍ എം.എല്‍.എ, ചീഫ് എന്‍ജിനിയര്‍ മോഹന്‍കുമാര്‍, എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ ആര്‍. ബിജു, അസിസ്റ്റന്റ് എന്‍ജിനിയര്‍ അനന്തകൃഷ്ണന്‍ ,പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ, പഞ്ചായത്ത് അംഗം കുഞ്ഞമ്പു എന്നിരാണ് മൈതാനം പരിശോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."