എന്തിനാണ് യാത്രക്കാരെ മഴയത്തു നിര്‍ത്തുന്നത്..?
ബോവിക്കാനം: ബസ് ഷെല്‍ട്ടറുകളുടെ അഭാവം കാരണം യാത്രക്കാര്‍ ദുരിതത്തില്‍. നഗരത്തില്‍ മിക്ക ബസ് സ്റ്റോപ്പുകളിലും കാത്തിരിപ്പുകേന്ദ്രങ്ങളില്ല. ഇതു കാരണം പെരുമഴയത്തും മാലിന്യങ്ങള്‍ക്കു സമീപവും മറ്റുമാണു യാത്രക്കാര്‍ ബസിനായി കാത്തുനില്‍ക്കേണ്ടി വരുന്നത്. പ്രധാന ഇടങ്ങളില്‍ നഗരസഭയുടെയോ മറ്റോ ഷെല്‍ട്ടറുകള്‍ ഉണ്ടെങ്കിലും എല്ലാം വൃത്തിഹീനമാവുന്നതും പതിവാണ്.
ബോവിക്കാനത്ത് ടൗണ്‍ വികസനത്തിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുമാറ്റുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങളായിട്ടും പകരം കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ചിട്ടില്ല. ഇതുകാരണം പെരുമഴ കൊള്ളേണ്ട ഗതികേടിലാണ് യാത്രക്കാര്‍.
നിത്യേന നൂറു കണക്കിന് ആളുകള്‍ എത്തിച്ചേരുന്ന മുളിയാര്‍ പഞ്ചായത്തിന്റെ ആസ്ഥാന കേന്ദ്രമാണ് ബോവിക്കാനം ടൗണ്‍. കാസര്‍കോട് ഭാഗത്തേക്ക് പോകുന്നവര്‍ മഴയത്തും വെയിലത്തും കേറി നില്‍ക്കാന്‍ ഇടമില്ലാതെ ദുരിതമനുഭവിക്കുകയാണ്.
കൈക്കുഞ്ഞുങ്ങളുമായെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ മഴ പെയ്യുമ്പോള്‍ സമീപത്തെ കടവരാന്തകളിലും മറ്റും അഭയം പ്രാപിക്കുകയാണ്. വിദ്യാര്‍ഥികളും രോഗികളും ഉള്‍പ്പെടെയുളള ജനങ്ങളുടെ കഷ്ടപ്പാട് അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
രണ്ടു വര്‍ഷം മുമ്പ് ഉദുമ എം.എല്‍.എ ബസ് കാത്തിരിപ്പു കേന്ദ്രം പണിയാന്‍ ഒരു ലക്ഷം രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും അനുവദിച്ച തുക നിര്‍മാണത്തിനു തികയില്ലെന്ന കാരണം പറഞ്ഞു കരാറുകാരന്‍ പിന്മാറുകയായിരുന്നു. ഒരു മാസം മുമ്പ് ഒരു പഞ്ചായത്ത് മെമ്പര്‍ ഇടപെട്ട് ഒരു വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട് കാത്തിരിപ്പു കേന്ദ്രം പണിയാന്‍ ചെങ്കല്ലും മണലും ഇറക്കിയിരുന്നുവെങ്കിലും നിര്‍മാണം തുടങ്ങിയില്ല.
മുള്ളേരിയ ടൗണില്‍ ബസ് കാത്തിരിപ്പു കേന്ദ്രമുണ്ടെങ്കിലും ചോര്‍ന്നെലിക്കുന്നതും തറയില്‍ മാലിന്യം കെട്ടിക്കിടക്കുന്നതുമാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. മഴയെത്തിയാല്‍ അകത്തും പുറത്തും നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ. കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഓടുകള്‍ തകര്‍ന്ന് ചോര്‍ന്നൊലിക്കുകയാണ്. അകത്തു കയറി കുട ചൂടി നില്‍ക്കുകയാണിപ്പോള്‍ യാത്രക്കാര്‍. കെട്ടിടത്തിനകത്തെ തറയില്‍ നിറഞ്ഞ മാലിന്യത്തില്‍ മഴവെള്ളം വീണ് ദുര്‍ഗന്ധം വമിക്കുകയാണ്. ഇരിപ്പിടങ്ങളില്‍ വെള്ളം വീണു നനഞ്ഞ് കിടക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് ഇരിക്കാനും കഴിയുന്നില്ല.
കാറഡുക്ക, ദേലംപാടി, ബെള്ളൂര്‍ പഞ്ചായത്തുകളുടെ പ്രധാന വ്യാപാര മേഖലയാണ് മുള്ളേരിയ. നൂറു കണക്കിനു യാത്രക്കാരാണ് ദിവസേന ഇവിടെ എത്തുന്നത്. മഴ നനയാതെ ബസ് കാത്തു നില്‍ക്കാനുള്ള സൗകര്യം പോലും ഇവിടെയില്ല.
പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച ബസ് കാത്തിരിപ്പു കേന്ദ്രമായതിനാല്‍ അവരാണ് നന്നാക്കേണ്ടത് എന്നാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്. എന്നാല്‍ മരാമത്ത് അധികൃതര്‍ ഇതിനെ തിരിഞ്ഞു നോക്കുന്നുമില്ല.
പഞ്ചായത്തും പൊതുമരാമത്തും ബസ് കാത്തിരിപ്പു കേന്ദ്രം വെയിലും മഴയും കൊള്ളാത്ത ബസ് കാത്തിരിപ്പു കേന്ദ്രമെന്ന യാത്രക്കാരുടെ പ്രതീക്ഷയാണ് ഇല്ലാതാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."