പെരിയ ഇരട്ടക്കൊലക്കേസ് കേസ്; ഡയറി കൈമാറിയില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍
കേസ് സി.ബി.ഐക്ക് വിട്ട വിധിക്ക് സ്റ്റേ ഇല്ല; സര്‍ക്കാരിന് തിരിച്ചടി
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ കേരള പൊലിസ് കേസ് ഡയറി കൈമാറിയില്ലെന്നു സി.ബി.ഐ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്തു സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ വാദം കേള്‍ക്കവെയാണ് സി.ബി.ഐ കേസ് ഡയറി കൈമാറിയില്ലെന്ന് അറിയിച്ചത്. എറണാകുളം സി.ജെ.എം കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശത്തെ തുടര്‍ന്നു മാത്രമാണെന്നും സി.ബി.ഐ ബോധിപ്പിച്ചു.
സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അനുവദിച്ചില്ല. സിംഗിള്‍ ബഞ്ച് കേസ് ഡയറി പരിശോധിച്ചു നോക്കാതെയാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ നിര്‍ദേശിച്ചതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
ഇതേ തുടര്‍ന്ന് കേസ് ഡയറി അടുത്ത തിങ്കളാഴ്ച ഹാജാരാക്കിയ ശേഷം വിശദമായ വാദം കേള്‍ക്കാമെന്നു കോടതി വ്യക്തമാക്കി. കേസിലെ കുറ്റപത്രത്തില്‍ പോരായ്മകളുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ശരിയായ വിചാരണ നടക്കണമെങ്കില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്നു കോടതി വ്യക്തമാക്കി.
ജി.ഐ പൈപ്പ് കൊണ്ട് അടിച്ചപ്പോള്‍ മുറിവ് ഉണ്ടായി എന്ന് കുറ്റപത്രത്തില്‍ പറയുന്നു. പൈപ്പ് കൊണ്ട് അടിച്ചാല്‍ മുറിവുണ്ടാകില്ലെന്ന ഡോക്ടറുടെ മൊഴിയും ഇതും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. അത് വിവര്‍ത്തനത്തില്‍ വന്ന തെറ്റാണെന്നും സര്‍ക്കാര്‍ അറിയിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകാളാണ് സി.ബി.ഐ അന്വേഷണത്തിനു വിടാറുള്ളത്. ഈ കേസ് അത്തരത്തിലുള്ളതല്ലെന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. രേഖകള്‍ പരിശോധിച്ചു നോക്കാതെയാണ് സിംഗിള്‍ ബഞ്ച് കേസില്‍ വിധി പുറപ്പെടുവിച്ചതെന്നും അപ്പീലില്‍ ആരോപിക്കുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമാണെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലന്നും സര്‍ക്കാര്‍ വാദിച്ചു. സി.ബി.ഐ അന്വേഷണത്തിനെതിരേയുള്ള അപ്പീലില്‍ സര്‍ക്കാരിന് വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറാണ് ഹാജരായത്.
2019 ഫെബ്രുവരി 17ന് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരെ സി.പി.എമ്മുകാരായ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിനു പിന്നിലുള്ള ഗൂഢാലോചന തെളിയിക്കുന്നതിനു സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ടു കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ച് സി.ബി.ഐ അന്വേഷണത്തിനു ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."