മാഹി ബൈപാസ്: നഷ്ടപരിഹാരമില്ലാതെ വ്യാപാരികളെ കുടിയിറക്കുന്നതില്‍ പ്രതിഷേധം
വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള തലശ്ശേരി-മാഹി ബൈപാസ് നിര്‍മാണത്തില്‍ ഇരകളാകുന്ന വ്യാപാരികളെ നഷ്ടപരിഹാരം ഇല്ലാതെ കുടിയൊഴിപ്പിക്കാന്‍ നീക്കം.
ബൈപാസ് അവസാനിക്കുന്ന ഭാഗത്തെ 13 വ്യാപാരികളെയാണ് നഷ്ടപരിഹാരം നല്‍കാതെ കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്നത്. പതിറ്റാണ്ടുകളായി കച്ചവടം ചെയ്തുവരുന്നവരോടാണ് രണ്ടാഴ്ചക്കകം ഒഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയപാത വികസനത്തില്‍ കെട്ടിട ഉടമകള്‍ക്കും വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും വരെ പുനരധിവാസ പാക്കേജ് ഉണ്ടെന്നിരിക്കെയാണ് യാതൊരു നഷ്ടപരിഹാരവും നല്‍കാതെ വ്യാപാരികളെ കുടിയൊഴിപ്പിക്കുന്നത്. ഇപ്പോള്‍ ഒഴിയണമെന്നും നഷ്ടപരിഹാരം പിന്നീട് സര്‍ക്കാര്‍ നല്‍കുമെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
അഴിയൂരിലെ വ്യാപാരികളുടെ കാര്യത്തില്‍ അധികൃതര്‍ കാണിക്കുന്ന നിലപാടില്‍ വ്യാപാരി നേതാക്കള്‍ വടകര ദേശീയപാത ലാന്‍ഡ് അക്വസിഷന്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ സതീഷനെ പ്രതിഷേധം അറിയിച്ചു. ഇന്നലെ രാവിലെ അഴിയൂരിലാണ് തഹസില്‍ദാറെ കണ്ടത്. അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി രംഗത്ത് വരുമെന്ന് നേതാക്കള്‍ അറിയിച്ചു. അഴിയൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍, അഴിയൂര്‍ യൂനിറ്റ് സിക്രട്ടറി സാലിം അഴിയൂര്‍, ട്രഷറര്‍ മുബാസ് കല്ലേരി, പി. പ്രമോദ്, വി.കെ നിസാര്‍, പി. അശ്‌റഫ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."