ട്രാന്‍സ്ഗ്രിഡ് പദ്ധതി: വന്‍ അഴിമതിയെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: കിഫ്ബി വഴി നടപ്പിലാക്കുന്ന ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ അഴിമതിയും ക്രമക്കേടും ആരോപിച്ച് പ്രതിപക്ഷം ചോദ്യോത്തരവേള തടസപ്പെടുത്തി. ട്രാന്‍സ്ഗ്രിഡ് കരാറുമായി ബന്ധപ്പെട്ട് അഡിഷനല്‍ ചീഫ് സെക്രട്ടറി ആയിരിക്കെ കെ.എം എബ്രഹാം ഇറക്കിയ ഉത്തരവിനെ ചൊല്ലിയായിരുന്നു ബഹളം. സര്‍ക്കാര്‍ വകുപ്പുകള്‍ വഴി നടപ്പിലാക്കുന്ന പദ്ധതികളുടെ ടെണ്ടര്‍ ചെലവ് 10 ശതമാനത്തിനു മുകളില്‍ അധികരിച്ചാല്‍ റീടെണ്ടര്‍ ചെയ്യണമെന്നായിരുന്നു കെ.എം എബ്രഹാമിന്റെ ഉത്തരവ്. എന്നാല്‍, ഈ ഉത്തരവ് വകുപ്പുകള്‍ക്കു മാത്രമാണ് ബാധകമാകുകയെന്നും കെ.എസ്.ഇ.ബിയ്ക്ക് ബാധകമല്ലെന്നുമായിരുന്നു വി.ഡി സതീശന്റെ ചോദ്യത്തിനുള്ള മന്ത്രി മണിയുടെ മറുപടി.
എന്നാല്‍ കെ.എം എബ്രഹാമിന്റെ ഉത്തരവ് കെ.എസ്.ഇ.ബിക്ക് ബാധകമാണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉത്തരവ് സഹിതം വിശദീകരിച്ചു. ഇക്കാര്യത്തില്‍ മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
180 കോടിക്ക് നടപ്പാക്കേണ്ട പദ്ധതി എസ്റ്റിമേറ്റ് 372 കോടിയിലെത്തിയെന്ന് വി.ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് കരാര്‍ രൂപീകരിച്ചതെന്നും ഇതില്‍ തനിക്കോ സര്‍ക്കാരിനോ പങ്കില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം നീണ്ടു പോകുന്നു എന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ ഇടപെട്ടതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഇതേതുടര്‍ന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി പ്രതിഷേധിച്ചു.
ചോദ്യത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നത് എന്തിനാണെന്നു ചോദിച്ചായിരുന്നു ബഹളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."