ദേശീയപാത വീതികൂട്ടല്‍: സ്ഥലമെടുപ്പ് സുതാര്യമാക്കാന്‍ ഉന്നതതല യോഗം
കാസര്‍കോട്: ദേശീയപാത വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുപ്പ് സുതാര്യമാക്കുന്നതിനായി ജനപ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള യോഗം ഈ മാസം 28ന് ചേരാന്‍ തീരുമാനം. ജില്ലയിലെ എം.പി, എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥന്മാര്‍, എന്‍ജിനിയര്‍മാര്‍ ഉന്നതലയോഗത്തില്‍ പങ്കെടുക്കും. ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം. മഴക്കാലം ശക്തിപ്പെട്ടതോടെ സഞ്ചാരയോഗ്യമല്ലാതായ റോഡുകള്‍ ഉടന്‍ അറ്റക്കുറ്റപ്പണി ചെയ്യും. മൊഗ്രാല്‍-പൂത്തുര്‍ പഞ്ചായത്തിലെ ചൗക്കി ജങ്ഷനിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിക്കുന്നത് ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി ഡെ.ചീഫ് എന്‍ജിനിയര്‍ അറിയിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നായന്മാര്‍മൂലയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കി.
മധൂര്‍ ഗ്രാമപഞ്ചായത്തിലെ ഹിദായത്ത് നഗര്‍ കൂടുംബക്ഷേമ ഉപകേന്ദ്രത്തിന് വൈദ്യുതി നല്‍കിയതിനൊപ്പം കുടിവെള്ളം ലഭ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു. പായം പട്ടികജാതി കുടിവെള്ള പദ്ധതിയുടെ സ്രോതസ് സര്‍വേ ചെയ്യാന്‍ ഭുഗര്‍ഭജല വകുപ്പിനോട് ആവശ്യപ്പെട്ടു. ചെമ്മനാട് വടക്കേപള്ളം, ചട്ടഞ്ചാല്‍ ചക്ലിയ പട്ടികജാതി കോളനി, കരിവേടകം പട്ടികവര്‍ഗ കോളനി തുടങ്ങിയ കുടിവെള്ള പദ്ധതികള്‍ക്കു ടെന്‍ഡറായി. ചുള്ളി കുടിവെള്ള പദ്ധതിക്ക് എഗ്രിമെന്റ് വച്ചതായും വാട്ടര്‍ അതോറിട്ടി എക്‌സി.എന്‍ജിനിയര്‍ അറിയിച്ചു.
നല്ലോംപുഴ-പാലാവയല്‍ റോഡിന്റെ ടെണ്ടറായി. തകര്‍ന്നുകിടക്കുന്ന റോഡിന്റെ 1.5 കിലോമീറ്റര്‍ പ്രവര്‍ത്തികള്‍ ടെന്‍ഡര്‍ പൂര്‍ത്തിയാക്കി ഉടന്‍ തുടങ്ങുവാന്‍ കരാറുകാരന് നിര്‍ദേശം നല്‍കുമെന്ന് പൊതുമരാമത്ത് എക്‌സി.എന്‍ജിനിയര്‍ അറിയിച്ചു. കന്നഡ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകളില്‍ നിര്‍ബന്ധമായും മലയാളം കന്നഡ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഓഫിസുകളില്‍ കന്നഡ, മലയാളം ഒഴിവുകളുണ്ടെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം. നിര്‍മാണം പൂര്‍ത്തിയാകാത്ത ആശുപത്രികള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനകളെക്കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുവാനും യോഗം നിര്‍ദേശം നല്‍കി. കുഴല്‍ക്കിണറുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ പമ്പ് വേണമെന്ന് ആവശ്യപ്പെടാത്ത അപേക്ഷകളില്‍ നിര്‍ബന്ധമായും ഹാന്‍ഡ് പമ്പ് നല്‍കണം. കുഴല്‍ക്കിണറുകള്‍ക്ക് ഒപ്പം ഹാന്‍ഡ് പമ്പുകള്‍ നല്‍കുന്നില്ലെന്ന് പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.
ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു അധ്യക്ഷനായി. പി. കരുണാകരന്‍ എം.പി, എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, എ.ഡി.എം കെ. അംബുജാക്ഷന്‍, ഗ്രാമപഞ്ചായത്ത് അസോ. ജില്ലാ പ്രസിഡന്റ് എ.എ ജലീല്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."