ലോക കേരളസഭ സമ്മേളനത്തില്‍ മുസ്ലിംലീഗ് പങ്കെടുക്കില്ല
കോഴിക്കോട്: പ്രവാസികള്‍ക്കുവേണ്ടി ഒന്നും ചെയ്യാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ലോക കേരളസഭയുടെ രണ്ടാമത് സമ്മേളനത്തില്‍ മുസ്ലിംലീഗിന്റെയോ പോഷക സംഘടനകളുടെയോ പ്രതിനിധികള്‍ പങ്കെടുക്കില്ലെന്ന് സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു.
2020 ജനുവരിയിലാണ് ലോക കേരളസഭയുടെ രണ്ടാം സമ്മേളനം നടക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെയൊരു സംവിധാനം ഉണ്ടാക്കിയതിനു ശേഷം ഇതുവരെയും പ്രവാസികള്‍ക്കു വേണ്ടി യാതൊന്നും ചെയ്തിട്ടില്ല. പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന മൗലിക പ്രശ്നങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്ന സര്‍ക്കാര്‍ പ്രവാസികളുടെ പണം ഊറ്റാനുള്ള ആഘോഷങ്ങള്‍ മാത്രമാണ് സംഘടിപ്പിക്കുന്നത്.
ദുബൈയില്‍ ആഘോഷപൂര്യം നടന്ന ഒന്നാം സമ്മേളനത്തിനുശേഷം കാര്യമായ ഒന്നും ഈ സംവിധാനത്തിന്റേതായി സംഭവിച്ചിട്ടില്ല. പ്രവാസികള്‍ക്ക് നിക്ഷേപത്തിനുള്ള കമ്പനി രൂപീകരിക്കുമെന്ന പ്രഖ്യാപനമെല്ലാം പാഴ്വാക്കായി. പ്രവാസികള്‍ക്ക് നാട്ടിലെത്തിയാല്‍ ഒരു നിക്ഷേപ സൗഹൃദാന്തരീക്ഷം പോലുമില്ല.
പ്രവാസികള്‍ ചൂഷണം ചെയ്യപ്പെടുന്നതു തടയേണ്ടതിനു പകരം അവരെ ചൂഷണം ചെയ്യാനുള്ള മറ്റൊരു വേദിയായി മാത്രമേ കേരളസഭയെ കാണാനാവൂ എന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തെതുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോക കേരളസഭയുടെ ഉപാധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു.
സര്‍ക്കാരിന്റെ പ്രവാസികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് എം.എല്‍.എമാരും കെ.എം.സി.സി നേതാക്കളും നേരത്തെ ലോക കേരളസഭയില്‍നിന്ന് രാജിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."