കടയില്‍ കയറി ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടല്‍; തട്ടിപ്പുവീരന്റെ ദൃശ്യം പൊലിസിന്
കൂത്തുപറമ്പ്: സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന കടകള്‍ ലക്ഷ്യമിട്ട് പണം തട്ടിപ്പു നടത്തുന്ന സംഭവത്തില്‍ പൊലിസ് അന്വേഷണം തുടങ്ങി. ഉടമ കടയിലില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെ കടയിലെത്തുകയും ഉടമ പണം തരാന്‍ പറഞ്ഞിട്ടുണ്ടെന്ന് ജീവനക്കാരെ അറിയിച്ച് പണം കൈക്കലാക്കി മുങ്ങുന്നതുമാണ് തട്ടിപ്പിന്റെ രീതി. പണം തട്ടിപ്പ് നടത്തുന്ന വിരുതന്റെ സി.സി.ടി.വി ദൃശ്യം പൊലിസിനു ലഭിച്ചു. പിണറായിയിലെ ഒട്ടേറെ കടകളിലും കൂത്തുപറമ്പിനടുത്ത് പാച്ചപൊയ്ക- പാനുണ്ട റോഡിലെ കടയിലുമാണ് വിരുതന്‍ ഏറ്റവും ഒടുവിലായി തട്ടിപ്പു നടത്തി പണം കൈക്കലാക്കിയത്.
സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന കടകളാണ് ഇയാള്‍ മുഖ്യമായും തട്ടിപ്പ് നടത്താനായി തിരഞ്ഞെടുക്കുക. കടയുടമയുടെ പരിചയക്കാരന്‍ എന്ന വ്യാജേനയാണ് ഇയാള്‍ ആദ്യം കടയിലെത്തുക. ഉടമ കടയില്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം കടയിലെത്തുന്ന ഇയാള്‍ കടയുടമയുടെ പേരെടുത്ത് പറഞ്ഞ് അദ്ദേഹം ഇവിടെ ഇല്ലേ എന്ന് അന്വേഷിക്കും. ഇല്ലെന്ന മറുപടി ലഭിക്കുന്നതോടെ ജീവനക്കാരില്‍ നിന്നു ഉടമയുടെ ഫോണ്‍ നമ്പര്‍ വാങ്ങുകയും ഉടമ തനിക്ക് പണം തരാനുണ്ടെന്ന് അറിയിക്കുകയും ചെയ്യും. ഫോണ്‍ നമ്പര്‍ ലഭിച്ചാല്‍ ഉടമയുമായി സംസാരിക്കുകയാണെന്ന രീതിയില്‍ അഭിനയിക്കും. പിന്നെ കടയിലുള്ള പണം തരാന്‍ ഉടമ പറഞ്ഞിട്ടുണ്ടെന്ന് ജീവനക്കാരെ അറിയിക്കും. ഇയാള്‍ ആവശ്യപ്പെടുന്ന പണം ലഭിക്കുന്നതോടെ സ്ഥലം വിടുകയുമാണ് പതിവ്.
പാച്ചപ്പൊയ്ക-പാനുണ്ട റോഡിലെ വാഹന ഇന്‍ഷുറന്‍സ് ഓഫിസില്‍ നിന്നു 3000 രൂപയാണ് കൈക്കലാക്കിയത്. സമാനമായ രീതിയില്‍ ഇയാള്‍ പിണറായിയിലെ ലോട്ടറി സ്റ്റാളില്‍ നിന്ന് 1,500 രൂപയും പലചരക്കുകടയില്‍ നിന്ന് 1,400 രൂപയും കൈക്കലാക്കി. തട്ടിപ്പിന് വിധേയമായ പിണറായിയിലെ ലോട്ടറി സ്റ്റാളിലെ സി.സി.ടി.വി കാമറയിലാണ് സുമാര്‍ 45 വയസ് പ്രായമുള്ളയാള്‍ ചുവന്ന പള്‍സര്‍ ബൈക്കിലെത്തി തട്ടിപ്പു നടത്തി സ്ഥലം വിടുന്നതിന്റെ ദൃശ്യം പതിഞ്ഞിട്ടുള്ളത്. പരാതികളുടെ അടിസ്ഥാനത്തില്‍ ധര്‍മ്മടം, കൂത്തുപറമ്പ് പൊലിസ് സ്റ്റേഷനുകളിലാണ് ഇയാള്‍ക്കെതിരേ കേസുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."