ഒരു കഥാപാത്രം പെരുന്നാളിനെ വായിക്കുന്നു
മുസ്‌ലിം മതവിശ്വാസികള്‍ക്ക് കൊല്ലത്തില്‍ രണ്ടു പെരുന്നാളാണ്. രണ്ടും വലിയ ആഘോഷവുമാണ്. ചെറിയ പെരുന്നാളും വലിയ പെരുന്നാളും. എന്നാല്‍ ഈ രണ്ടു പെരുന്നാളും വളരെ അടുത്താണ്. അതായത് കേവലം 70 ദിവസത്തിന്റെ അകലത്തില്‍.
ഞാനെഴുതുന്ന ഒരു നോവലില്‍ ഒരു മുസ്‌ലിം കഥാപാത്രം തന്റെ ക്ലേശങ്ങള്‍ക്കിടയില്‍ ഇങ്ങനെ പറയുന്നുണ്ട്. 'രണ്ടു പെരുന്നാളും വളരെ അടുത്തായിപ്പോയി'... ഹൊ, പറച്ചില്‍ കേട്ടാല്‍ തോന്നും പെരുന്നാള്‍ ഇയാള്‍ക്കുവേണ്ടി പുതുക്കിപ്പണിയണമെന്ന്. എന്നാല്‍ ആ പറച്ചലിനു പിന്നില്‍ വല്ലാത്തൊരു വേദനയുണ്ട്. സഹനമുണ്ട്.
രണ്ടു പെരുന്നാളിനെക്കുറിച്ചും ഞാന്‍ പഠിച്ചത് ഇങ്ങനെയാണ്. ചെറിയപെരുന്നാള്‍ ഒരു വിടപറയല്‍ ആഘോഷവും വലിയ പെരുന്നാള്‍ ത്യാഗത്തിന്റെ ഓര്‍മ പുതുക്കലുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ 30 ദിവസത്തെ വ്രതാനുഷ്ഠാനം കഴിഞ്ഞു പരിശുദ്ധമായ റമദാന്‍ മാസം വിടപറയുമ്പോള്‍ ആ മാസത്തെ യാത്ര അയക്കുന്നതിന്റെ പൊലിമ. വലിയ പെരുന്നാള്‍ ബലിതര്‍പ്പണത്തിന്റെ വീരേതിഹാസമാണ്. തന്റെ ഓമന മകനെ ബലിനല്‍കുവാനുള്ള ദൈവീക കല്‍പ്പനയെത്തുടര്‍ന്നു പകരം ആടിനെ ബലിയാക്കിയാല്‍മതി എന്ന മഹത്തായ സന്ദേശം.
നോവലിലെ കഥാപാത്രം ഇതൊക്കെ അംഗീകരിക്കുന്നുണ്ട്. ബഹുമാനിക്കുന്നുണ്ട്. എന്നാല്‍, ഈ പറഞ്ഞ രണ്ടു പെരുന്നാളും വളരെ അടുത്തായതിന്റെ വിഷമവൃത്തത്തിലാണ് അയാള്‍. അത് മറ്റൊന്നുമല്ല. കൊടും ദാരിദ്ര്യമാണ്. മൂന്നു പെണ്ണും രണ്ടാണുമുള്ള അഞ്ചുമക്കളുള്ള കുടുംബത്തെ പോറ്റിവളര്‍ത്താനുള്ള പെടാപ്പാട്. കൂലിപ്പണിയാണ്. അതും വല്ലപ്പോഴും. ആരോഗ്യവും രോഗവും തളര്‍ത്തുന്നു. അതുകൊണ്ടു ജീവിതം അയാള്‍ക്ക് സമരമാണ്. ചിലപ്പോള്‍ വെല്ലുവിളിയും.
ഇതിനിടയില്‍ എന്തുവന്നാലും ഒരാഘോഷവും അയാള്‍ മുടക്കാറില്ല. തന്റെ ദാരിദ്ര്യം മക്കളെ അറിയിക്കാറില്ല. ഉമ്മയില്ലാത്ത മക്കളാണ്. അഞ്ചിനെയും അയാളെ ഏല്‍പ്പിച്ചു അവള്‍ നേരത്തെ പോയി. പോട്ടെ. ഈ ജീവിതം പോകാനുള്ളതാണ്. ആര്‍ക്കും പിടിച്ചു നിര്‍ത്താനാവാത്തതാണ്. അതുകൊണ്ട് ഒരു കണ്ണീരും കാണിക്കാതെ, ഒരു പ്രയാസവും അറിയിക്കാതെയാണ് അയാള്‍ മക്കളെ നോക്കുന്നത്. വളര്‍ത്തുന്നത്. ആ വളര്‍ച്ചയില്‍ അവര്‍ പെരുന്നാളുകള്‍ നന്നായി ആഘോഷിക്കുന്നു. പുത്തനുടുപ്പിട്ട് , മൈലാഞ്ചി ചോപ്പിച്ച് , അത്തറ് പൂശി, തൊപ്പിവച്ച്, ബിരിയാണി ബെയ്ച്ച്, കമ്പിത്തിരി കത്തിച്ച് , കൈമുട്ടി, പാട്ടുംപാടി അവര്‍ പെരുന്നാള്‍ അടിച്ചുപൊളിക്കുന്നു.
അയാള്‍ മക്കളുടെ ആഹ്ലാദം കണ്ടു, മനസ്സ് നിറഞ്ഞു ദീര്‍ഘശ്വാസംവിട്ടു പിന്നെയും പറയുകയാണ്. എല്ലാം നല്ലതിന്. എന്നാല്‍ എന്നെപ്പോലെയുള്ളവന് പെരുന്നാള്‍ ഇങ്ങനെ രണ്ടും അടുത്തടുത്തു വരുമ്പോള്‍ വലിയ പ്രയാസങ്ങളുണ്ടാക്കുന്നു. കഴിഞ്ഞ പെരുന്നാളിന് വാങ്ങിയ കുപ്പായത്തിന്റെ കൂലിതന്നെ ഇതുവരെ കൊടുത്തു തീര്‍ത്തില്ല. ഇതാ ഇപ്പോള്‍ വീണ്ടും പെരുന്നാള്‍ വാതില്‍ക്കല്‍ വന്നു നില്‍ക്കുന്നു. പെരുന്നാള്‍ വിശ്വാസികള്‍ക്ക് പറഞ്ഞതല്ലേ ? അതാഘോഷിക്കാതിരിക്കാന്‍ പറ്റില്ലല്ലോ ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."