കുളത്തില്‍ മുങ്ങിത്താഴ്ന്ന മാതാവിനും മകനും രക്ഷകനായി നന്ദകുമാര്‍
കൊറ്റനെല്ലൂര്‍: കുളത്തില്‍ മുങ്ങി താഴ്ന്ന അമ്മയ്ക്കും മകനും രക്ഷകനായി നന്ദകുമാര്‍. കൊറ്റനെല്ലൂര്‍ സ്വദേശി ആനക്കുഴിപറമ്പില്‍ സജീവന്റെ ഭാര്യ നിമ്മിക്കും മകന് രണ്ടാം ക്ലാസുക്കാരന് കാര്‍ത്തിക്കിനുമാണു ചൂലിക്കാട്ടില്‍ നന്ദകുമാര്‍ രക്ഷകനായത്. വെള്ളിയാഴ്ചവൈകിട്ട് നാലരയോടെ അമ്മയ്ക്കൊപ്പം വീട്ടില്‍ നിന്നു ട്യൂഷന് ക്ലാസിലേക്കു ഇറങ്ങിയതായിരുന്നു കാര്‍ത്തിക്. അമ്മയ്ക്കു മുന്പില് സൈക്കിളില്‍ പോകുകയായിരുന്ന കാര്‍ത്തിക്കിന്റെ സൈക്കിള്‍ നിയന്ത്രണം വിട്ട് വേളൂക്കര പഞ്ചായത്തിന്റെ കീഴിലുള്ള സര്‍ക്കാര്‍ കുളത്തിന്റെ മതിലില്‍ ഇടിക്കുകയും കാര്‍ത്തിക് തെറിച്ചു കുളത്തില്‍ വീഴുകയായിരുന്നു.
മകന് കുളത്തില്‍ വീണതു കണ്ട് പരിഭ്രാന്തയായ അമ്മ നിമ്മിയും കുളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. എന്നാല്‍ നീന്തല്‍ നല്ല വശമില്ലാത്തതിനെ തുടര്‍ന്ന് നിമ്മിയും കുളത്തില്‍ മുങ്ങി താഴുകയായിരുന്നു.
ഇതിനിടെ സംഭവം കുളത്തിനു സമീപത്തെ പറമ്പില്‍ ജോലിചെയ്യുകയായിരുന്ന നന്ദകുമാറിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ഉടന്‍ തന്നെ നന്ദകുമാര്‍ കുളത്തില്‍ ചാടി ഇരുവരെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു.
ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയ മാതാവും മകനും അപകടനില തരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."