HOME
DETAILS

മാവോയിസ്റ്റ് ഏറ്റുമുട്ടലുകള്‍ക്ക് പിന്നില്‍

  
backup
October 29 2019 | 19:10 PM

mavoyist-30-10-2019

കഴിഞ്ഞ മാര്‍ച്ചിലാണ് വയനാട്ടിലെ വൈത്തിരിയില്‍ ഉപവനം റിസോര്‍ട്ടില്‍നിന്ന് ഭക്ഷണം വാങ്ങിപ്പോവുകയായിരുന്ന മാവോയിസ്റ്റ് സി.പി ജലീലിനെ 'ഏറ്റുമുട്ടല്‍' നടത്തി പൊലിസ് വെടിവച്ച് കൊന്നത്. 2017 നവംബര്‍ 24ന് മലപ്പുറത്തെ നിലമ്പൂര്‍ കരുളായി പടുക്ക പ്രദേശങ്ങളില്‍ പൊലിസ് നടത്തിയെന്ന് പറയപ്പെടുന്ന ഏറ്റുമുട്ടലില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. കുപ്പുരാജയും അജിത എന്ന സ്ത്രീയും. ഇപ്പോഴിതാ അട്ടപ്പാടിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ നടന്നിരിക്കുന്നു. അട്ടപ്പാടി വനമേഖലയിലെ മേലേ മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍നടന്ന ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മാവോയിസ്റ്റ് നേതാവ് മണിവാസാകം, കാര്‍ത്തിക്, സുരേഷ് എന്നീ യുവാക്കളും ശ്രീമതി എന്ന യുവതിയുമാണ് തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്നാണ് പൊലിസ് ഭാഷ്യം. നിജസ്ഥിതി അറിയണമെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംഭവസ്ഥലത്തേക്ക് പ്രവേശനം അനുവദിക്കണം. അവര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
പിണറായി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ ഭരണത്തിനിടയില്‍ മൂന്നാം തവണയാണ് മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുന്നത്. ഏഴ് പേരാണ് ഏറ്റുമുട്ടല്‍ പ്രഹസനത്തിലൂടെ ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്. വയനാട്ടില്‍ ഭക്ഷണം വാങ്ങിപ്പോവുകയായിരുന്ന ജലീലിനെയും നിലമ്പൂര്‍ കരുളായിയില്‍ ഉറങ്ങിക്കിടന്നവരെയുമാണ് പൊലിസ് വെടിവച്ചുകൊന്നതെന്ന ആരോപണം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് അട്ടപ്പാടിയിലെ ഏറ്റുമുട്ടല്‍കഥ പുറത്ത് വന്നിരിക്കുന്നത്. അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ ആദ്യം വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് തണ്ടര്‍ബോള്‍ട്ടിന് വെടിവയേ്ക്കണ്ടി വന്നതെന്നാണ് പൊലിസ് പറയുന്നത്. നേര്‍ക്കുനേര്‍ നടത്തിയ പോരാട്ടത്തില്‍ തണ്ടര്‍ബോള്‍ട്ടിലെ ഒരംഗത്തിനുപോലും പോറല്‍ ഏറ്റില്ല എന്നത് അത്ഭുതകരംതന്നെ!
2017ല്‍ നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നതിനെ ഭരണകക്ഷിയിലെ ഘടകകക്ഷി നേതാവും സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രന്‍ രൂക്ഷമായ ഭാഷയിലായിരുന്നു വിമര്‍ശിച്ചിരുന്നത്. അഭിപ്രായം പറയുന്നവരെ വെടിവച്ചുകൊല്ലാന്‍ ആര്‍ക്കും അവകാശമില്ലെന്നും മോദി ചെയ്യുന്നതെല്ലാം ചെയ്യാനല്ല എല്‍.ഡി.എഫ് എന്നും കാനം രാജേന്ദ്രന്‍ അന്ന് വിമര്‍ശിക്കുകയുണ്ടായി. അന്ന് ശബ്ദിക്കാതിരുന്ന പ്രതിപക്ഷനേതാവ് അട്ടപ്പാടി ഏറ്റുമുട്ടല്‍ കൊലപാതകത്തിനെതിരേ പ്രതികരിച്ചത് ആശാവഹംതന്നെ. നിലമ്പൂരിലെ ഏറ്റുമുട്ടലിനെ അഭിമാനാര്‍ഹം എന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വിശേഷിപ്പിച്ചതിനെതിരേയായിരുന്നു കാനം രാജേന്ദ്രന്‍ രംഗത്ത് വന്നിരുന്നത്.
അട്ടപ്പാടിയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുമെന്നാണ് ഇന്നലെ ഡി.ജി.പി പറഞ്ഞിരിക്കുന്നത്. ഇതിന് മുന്‍പ് നടന്ന നിലമ്പൂരിലെയും വൈത്തിരിയിലെയും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ അവസ്ഥ ഇപ്പോള്‍ എന്താണ്?
മാവോയിസ്റ്റ് ആശയങ്ങളുടെ ലക്ഷ്യം ശരിയായിരിക്കാം. അരിക്‌വല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയും ആദിവാസികള്‍ക്ക് വേണ്ടിയുമാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ലക്ഷ്യപ്രാപ്തിക്ക് വേണ്ടി അവര്‍ തിരഞ്ഞെടുത്ത മാര്‍ഗം വിഭിന്നമായിരിക്കാം. പക്ഷെ അതിന്റെപേരില്‍ വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കി വെടിവച്ചു കൊല്ലുക എന്നത് ഒരു ജനാധിപത്യ രാജ്യത്ത് അംഗീകരിക്കാനാവില്ല. ഇന്ത്യയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഏകപക്ഷീയമായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഇടത് മുന്നണി ഭരണത്തില്‍ കേരളത്തിലേക്കും പടരുന്നുവെന്നത് ഭയാനകമാണ്. മാവോയിസ്റ്റുകളുടെ ആശയങ്ങള്‍ക്ക് പിന്നാലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ഭൂമി നഷ്ടപ്പെട്ട ആദിവാസികളും അടിച്ചമര്‍ത്തപ്പെട്ടവരും പോകുന്നുവെങ്കില്‍ അവരുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനുള്ള പ്രായോഗിക ബുദ്ധിയാണ് സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. അവരെ മുഖ്യധാരയിലേക്ക് അതുവഴി കൊണ്ടുവരാന്‍ കഴിയണം. അല്ലാതെ എത്രകാലമെന്ന് കരുതിയാണ് ഇത്തരം ആശയ പ്രചാരണങ്ങളെ വ്യാജഏറ്റുമുട്ടലുകളിലൂടെ വെടിവച്ചു ഇല്ലാതാക്കാനാവുക.
അറുപതുകളിലും എഴുപതുകളിലും കേരളീയ സാമൂഹികാന്തരീക്ഷത്തെ കലുഷമാക്കിയ നക്‌സല്‍ബാരി ആക്രമണ അന്തരീക്ഷമല്ല ഇപ്പോഴുള്ളത്. മാവോയിസ്റ്റുകളെന്ന് പറയപ്പെടുന്നവര്‍ അടുത്തകാലത്തൊന്നും സായുധാക്രമണങ്ങള്‍ നടത്തിയിട്ടില്ല. ഏതെങ്കിലും പൊലിസുകാരനെയോ നാട്ടുകാരെയോ കൊന്നിട്ടില്ല. തികച്ചും ആശയപ്രചാരണത്തിന്റെ മാര്‍ഗമാണ് അവര്‍ ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ലഘുലേഖകളും പത്രങ്ങളും അച്ചടിച്ച് വിതരണം ചെയ്യുന്നത് അതിന്റെ ഭാഗമാണ്.
ആദിവാസികളുടെ ഭൂമി ഭൂമാഫിയകള്‍ തട്ടിയെടുത്തിരിക്കുന്നു. അവരുടെ ഭൂമി തിരികെ വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് യാതൊരു നീക്കവും ഉണ്ടാകുന്നില്ല. ആദിവാസികള്‍ക്ക് സ്വത്വബോധം നല്‍കുന്നത് മാവോയിസ്റ്റുകളാകുമ്പോള്‍ അവര്‍ ഭൂമാഫിയകളുടെ കണ്ണിലെ കരടുകളാകുന്നത് സ്വാഭാവികം. അപ്പോള്‍ മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യേണ്ടത് ഭൂമാഫിയകളുടെയും കൂടി ആവശ്യമാകുന്നു. കോടികളാണ് ആദിവാസി ക്ഷേമത്തിന്റെപേരില്‍ വകയിരുത്തപ്പെടുന്നത്. അതിന്റ പ്രയോജനങ്ങളൊന്നും അവര്‍ക്ക് കിട്ടുന്നില്ല. അതേക്കുറിച്ച് ആദിവാസികളെ ബോധവല്‍ക്കരിക്കുന്ന മാവോയിസ്റ്റുകള്‍ ആദിവാസി ഫണ്ട് മുക്കുന്ന ഉദ്യോഗസ്ഥലോബികള്‍ക്ക് ശത്രുക്കള്‍ തന്നെയാണ്. ഏറ്റവും രൂക്ഷമായ മാവോയിസ്റ്റ് ആക്രമണങ്ങള്‍ നടക്കുന്ന സ്ഥലമാണ് ഛത്തിസ്ഗഡ്. അവിടങ്ങളില്‍പ്പോലും മാവോയിസ്റ്റുകളുമായി ചര്‍ച്ചകളാണ് വേണ്ടതെന്ന് നിഷ്‌കര്‍ഷിച്ചത് സുപ്രിംകോടതിയാണ്.
വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് വ്യാപകമായതോതില്‍ ഇന്ത്യയില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് കഴിഞ്ഞ ദിവസം അട്ടപ്പാടിയിലുണ്ടായ ഏറ്റുമുട്ടല്‍ കൊലപാതകം.ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെ പ്രവര്‍ത്തിക്കാത്തതിനാലാണല്ലൊ മാവോയിസ്റ്റുകളെ ഭീകരരായി മുദ്രകുത്തപ്പെട്ടിരിക്കുന്നത്. അതിനുള്ള പരിഹാരം അവരെ വെടിവച്ച് ഇല്ലാതാക്കുക എന്നതാണോ? അവരെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യുകയല്ലേ വേണ്ടത്.
എന്നാല്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലൂടെ വിചാരണകള്‍ ഒക്കെയും തടയപ്പെടുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയെല്ലാം ആരംഭംകുറിച്ചത് പുറമ്പോക്കിലേക്ക് തള്ളപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഗര്‍ജനത്തോടെയാണ്. ആ നിലക്ക് കേരളത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മാവോയിസ്റ്റുകളില്‍നിന്ന് സായുധാക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നിരിക്കെ അവരുടെ ആവശ്യങ്ങളെ സംബന്ധിച്ച്, പ്രശ്‌നങ്ങളെ സംബന്ധിച്ച് അഭിസംബോധനം ചെയ്യുകയല്ലേ ഇടതുപക്ഷം എന്നവകാശപ്പെടുന്ന സര്‍ക്കാര്‍ ചെയ്യേണ്ടത്. അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായ ഒരുധാരണ അതുവഴി സര്‍ക്കാരിന് ലഭിക്കുമായിരുന്നില്ലേ. ഭൂമാഫിയകള്‍ക്ക് പശ്ചിമഘട്ടം തുരക്കാന്‍ അനുമതി നല്‍കുകയും കായലും തോടും നികത്തി ഫ്‌ളാറ്റുകള്‍ നിര്‍മിക്കാന്‍ അനുമതി കൊടുക്കുകയും വല്ലാര്‍പ്പാടത്ത് അദാനിക്ക് തുറമുഖം തീര്‍ക്കുവാന്‍ പാവങ്ങളെ അവരുടെ കുടിലുകളില്‍നിന്ന് ആട്ടിപ്പായിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ തന്നെയാണ് ആദിവാസികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ നിര്‍ദാക്ഷിണ്യം കൊന്നൊടുക്കുന്നതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago