കൊട്ടാരങ്ങളുടെ നാട്ടിലേക്ക്
പെരുന്നാളെന്ന് പറഞ്ഞാല്‍ സന്തോഷത്തിന്റെ സമയമാണ്. ആഘോഷങ്ങളോടൊപ്പം യാത്ര കൂടിയാകുമ്പോള്‍ ആ സന്തോഷം പതിന്മടങ്ങാവും. കേരളത്തിലെ ഒട്ടു മിക്ക സ്ഥലങ്ങളും ഞങ്ങള്‍ പോയിട്ടുണ്ടെങ്കിലും ഈ യാത്രക്കൊരു പ്രത്യേകതയുണ്ടായിരുന്നു. വയനാട് ലക്ഷ്യമാക്കി ഒരു ദിവസത്തെ യാത്രയാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. പക്ഷേ തിരിച്ചെത്താന്‍ മൂന്നു ദിവസം കഴിഞ്ഞെന്നു മാത്രം അതായിരുന്നു ഈ യാത്രയുടെ പ്രത്യേകതയും.
നാല് ബൈക്കുകളിലായി എട്ട് യാത്രക്കാരായിരുന്നു ഞങ്ങള്‍. രാവിലെ എട്ടിന് ആരംഭിച്ച യാത്ര മലബാറിന്റെ സൗന്ദര്യമായ വയനാട് ചുരത്തില്‍നിന്ന് കട്ടന്‍ചായയും കൂടിയായപ്പോള്‍ ഒന്ന് ഉഷാറായി .
മുത്തങ്ങ വന്യ സങ്കേതത്തിലൂടെ ഗുണ്ടല്‍പേട്ടയിലേക്ക് പോവുകയാണ്. മനസിന് കുളിരേകുന്ന കാഴ്ചകള്‍, കണ്ണെത്താദൂരത്തോളം പരന്നുകിടക്കുകയാണ് ഗുണ്ടല്‍പേട്ടയിലെ കൃഷിയിടങ്ങള്‍ ഇടവിട്ട് ഇടവിട്ട് തണ്ണിമത്തന്‍ വില്‍പനക്കാരെ കണ്ടു. ക്ഷീണമകറ്റാന്‍ തണ്ണീര്‍മത്തന്‍ നല്ലതായതിനാല്‍ അവ വാങ്ങി കഴിക്കാന്‍ എല്ലാവരും ഉത്സാഹം കാണിച്ചു. അവിടെ എത്തിയപ്പോഴാണ് പട്ടിനും ചന്ദനത്തിനും പേരുകേട്ട കൊട്ടാരങ്ങളുടെ നഗരമായ മൈസൂരുവരെ ഒന്ന് പോയാലോ എന്ന ഒരാഗ്രഹം കടന്നുവന്നത്.
നാല് മണിയോടെ മൈസൂര്‍ പാലസിന് മുന്നിലെത്തി. വാഹനം പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങി. ടിക്കറ്റെടുത്ത് കൊട്ടാര മുറ്റത്തേക്ക് നടന്നു. കൊട്ടാരത്തിന്റെ പുറംകാഴ്ചകള്‍ കുറേ ക്യാമറയിലാക്കി.
മൈസൂരു ഭരിച്ചിരുന്ന വാഡിയാര്‍ രാജവംശത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു ഈ കൊട്ടാരം. മൈസൂരിലെ ഏറ്റവും പ്രസിദ്ധമായ കൊട്ടാരവും അംബാ വിലാസ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ കൊട്ടാരമാണ്. വാഡിയാര്‍ രാജാക്കന്മാര്‍ 14ാം നൂറ്റാണ്ടിലാണ് ആദ്യമായി കൊട്ടാരം നിര്‍മിക്കുന്നത്. എന്നാല്‍, ഇത് പില്‍കാലത്ത് പലവട്ടം തകര്‍ക്കപ്പെടുകയും പുനര്‍നിര്‍മിക്കപ്പെടുകയുമുണ്ടായി. ഇന്നുകാണുന്ന കൊട്ടാരത്തിന്റെ നിര്‍മണം 1897ലാണ് ആരംഭിക്കുന്നത് 1912ല്‍ പണി പൂര്‍ത്തിയാക്കി. 1940 കളില്‍ ഈ കൊട്ടാരം വീണ്ടും വിപുലീകരിച്ചു.
രജപുത്ര-ഗോതിക്-ഇസ്‌ലാമിക വാസ്തുവിദ്യകളുടെ സങ്കരരൂപമാണ് ഈ കൊട്ടാരം. ഇന്‍ഡോ- സാര്‍സനിക് ശൈലിയിലാണ് നിര്‍മാണം.
ഇവ കണ്ടശേഷം പിന്നിലോട്ട് നടന്നാല്‍ പഴയ കൊട്ടാരം കാണാം. ഇന്ന് മ്യൂസിയമായാണ് ഇത് ഉപയോഗിക്കുന്നത്. രാജഭരണ കാലത്തെ ആയുധങ്ങള്‍, പല്ലക്കുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് ഇതിനകത്തുള്ളത് ഈ കൊട്ടാരം കൂടാതെ മറ്റു ആറു കൊട്ടാരങ്ങളും മൈസൂരുവിലുണ്ട്.ജഗന്‍മോഹന്‍ പാലസ്, ജയലക്ഷ്മി വിലാസ്, ലളിത മഹല്‍, രാജേന്ദ്ര വിലാസ്, ചെലുവമ്പ, കരഞ്ചി വിലാസ് എന്നിവയാണ് വാഡിയാര്‍ രാജാക്കന്‍മാര്‍ വിവിധ കാലങ്ങളിലായി പണികഴിപ്പിച്ച കൊട്ടാരങ്ങള്‍. ഇതില്‍ പലതും ഇന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളായി മാറിയിരിക്കുന്നു.
പിന്നീട് ഞങ്ങള്‍ കൃഷ്ണരാജ സാഗര ഡാമും ബൃദ്ധാവന്‍ ഗാര്‍ഡന്‍സും ലക്ഷ്യമാക്കി നീങ്ങി. മൈസൂരു ടൗണില്‍നിന്ന് 20 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മാണ്ഡ്യ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ശ്രീരംഗപട്ടണത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ഈ പൂന്തോട്ടവും ഡാമും. കാവേരി നദിയില്‍ 1924ലാണ് കൃഷ്ണരാജ സാഗര ഡാമിന്റെ നിര്‍മാണം ആരംഭിക്കുന്നത്.
മൈസൂരു മൃഗശാലയായിരുന്നു രണ്ടാം ദിവസത്തെ ആദ്യ ലക്ഷ്യം.രാവിലെ ഒന്‍പതിന് തന്നെ ടിക്കറ്റ് കൗണ്ടറുകള്‍ക്ക് മുന്‍പില്‍ ആളുകള്‍ നിറഞ്ഞിരുന്നു. നഗരമധ്യത്തില്‍ 157 ഏക്കറുകളിലായി പരന്നുകിടക്കുയാണ് മൃഗശാല. മൈസൂര്‍ രാജാവിന്റെ സഹായത്തോടെ 1892ല്‍ പത്ത് ഏക്കറിലായിട്ടാണ് ഇതിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്. ശ്രീ ചാമരാജേന്ദ്ര സുവേളജിക്കല്‍ ഗാര്‍ഡന്‍ എന്നതാണ് ഔദ്യോഗിക പേര്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരത്തിലധികം പക്ഷി-മൃഗാദികളും ഇഴജീവികളും ഇന്നിവിടെയുണ്ട്. വിവിധ മരങ്ങളും നട്ടുവളര്‍ത്തിയിട്ടുണ്ട്.
ടിപ്പു സുല്‍ത്താന്‍ മൈസൂര്‍ ഭരിച്ചിരുന്ന കാലത്തെ തലസ്ഥാനമായ ശ്രീരംഗപട്ടണം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. മൈസൂരില്‍നിന്ന് 16 കിലോമീറ്റര്‍ ദൂരമുണ്ട് ശ്രീരംഗപട്ടണത്തിലേക്ക്. കാവേരി നദിയുടെ തീരത്താണീ പൈതൃക നഗരം. ആദ്യം സന്ദര്‍ശിച്ചത് ടിപ്പുസുല്‍ത്താന്റെ വേനല്‍ക്കാല കൊട്ടാരമായ ദരിയ ദൗലത്ത് പാലസാണ്. 1784ലാണ് കൊട്ടാരം നിര്‍മിക്കുന്നത്. നാലുഭാഗത്തും പരന്നുകടക്കുന്ന പൂന്തോട്ടത്തിന് നടുവിലാണ് ഈ ചെറിയ കൊട്ടാരം.
1799ലെ യുദ്ധത്തില്‍ ബ്രിട്ടീഷുകാരാല്‍ ടിപ്പു സുല്‍ത്താന്‍ കൊല്ലപ്പെട്ട സ്ഥലത്തേക്ക് പോയി. മൈസൂരു-ബംഗളൂരു നാലുവരിപ്പാത മുറിച്ചുകടന്നാല്‍ ശ്രീരംഗപട്ടണത്തിലെ പഴയ കോട്ട കാണാം. കോട്ട കഴിഞ്ഞാല്‍ എത്തുന്നത് ജുമാമസ്ജിദിലോട്ടാണ്. അവിടെനിന്ന് 100 മീറ്റര്‍ ദൂരമുണ്ട് ടിപ്പു മരിച്ചുകിടന്ന സ്ഥലത്തേക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."