നൊേബല്‍ ദമ്പതികള്‍
മേരി ക്യൂറി പിയറി ക്യൂറി
നൊബേല്‍ സമ്മാനം നേടിയ ആദ്യത്തെ ദമ്പതികള്‍ എന്ന സ്ഥാനം മേരി ക്യൂറിക്കും പിയറി ക്യൂറിക്കുമാണ്. ഇരുവരും അമൂല്യ സംഭാവനകളാണ് ശാസ്ത്ര ലോകത്തിനു നല്‍കിയിട്ടുള്ളത്. ആദ്യമായി നൊബേല്‍ സമ്മാനം നേടിയ വനിത എന്ന പ്രസിദ്ധി സ്വന്തമായുള്ള ശാസ്ത്രജ്ഞയാണ് മേരി ക്യൂറി. വ്യത്യസ്തമായ വിഷയങ്ങളില്‍ ശാസ്ത്രത്തിലെ ഇരട്ട നൊബേല്‍ സമ്മാനം നേടിയ ബഹുമതിയും മേരിക്യൂറിക്കു തന്നെ. 1903 ല്‍ ഭര്‍ത്താവ് പിയറി ക്യൂറി, ഹെന്റി ബേക്കല്‍ എന്നിവര്‍ക്കൊപ്പമാണ് റേഡിയോ ആക്റ്റിവിറ്റി കണ്ടെത്തിയതിന്റെ പേരില്‍ മേരി ക്യൂറി ഭൗതികശാസ്ത്രത്തിലെ നൊബേല്‍ സമ്മാനം കരസ്ഥമാക്കിയത്. റേഡിയം, പൊളോണിയം മൂലകങ്ങള്‍ കണ്ടെത്തിയതിന്റെ പേരില്‍ 1911 ലെ രസതന്ത്ര നൊബേലും മേരി ക്യൂറിയെ തേടി വന്നു. നീണ്ടകാലം റേഡിയോ ആക്റ്റിവിറ്റി മൂലകങ്ങളുമായി ഇടപഴകിയതിനെത്തുടര്‍ന്ന് മേരി ക്യൂറി അപ്ലാസ്റ്റിക് അനീമിയ എന്ന അസുഖം പിടിപെട്ടാണ് മരണമടഞ്ഞത്. ശരീരത്തിലെ മജ്ജയും രക്താണുക്കളും നശിച്ചു പോകുന്ന ഈ അസുഖം വന്നാല്‍ മജ്ജയ്ക്ക് വീണ്ടും രക്താണുക്കളെ ഉല്‍പാദിപ്പിക്കാന്‍ സാധിക്കില്ല.
ഐറിന്‍ ജൂലിയറ്റ് ക്യൂറി
ഫ്രെഡറിക് ജൂലിയറ്റ്
ആദ്യത്തെ നൊബേല്‍ സമ്മാന ദമ്പതികളുടെ പുത്രിയാണ് ഐറിന്‍ ജൂലിയറ്റ് ക്യൂറി. ഭര്‍ത്താവ് ഫ്രെഡറിക് ജൂലിയറ്റിനൊപ്പം ഇവര്‍ 1935 ലെ രസതന്ത്ര നൊബേല്‍ സ്വന്തമാക്കി. അമ്മയെ പോലെ റേഡിയോ ആക്റ്റിവിറ്റി മൂലകങ്ങളിലായിരുന്നു ജൂലിയറ്റ് ക്യൂറിയുടേയും പരീക്ഷണം. ഐറിന്‍ ജൂലിയറ്റ് ക്യൂറിയും ഫ്രെഡറിക് ജൂലിയറ്റും ചേര്‍ന്ന് നിരവധി കൃത്രിമ മൂലകങ്ങള്‍ സൃഷ്ടിച്ചു. ലോകം ഇവരെ അംഗീകരിക്കുമ്പോഴേക്കും മേരി ക്യൂറിയെ പോലെ ജൂലിയറ്റ് ക്യൂറിയും അണു പ്രസരണത്തെത്തുടര്‍ന്ന് അര്‍ബുദ രോഗിയായി മാറിയിരുന്നു.
ഗുണാര്‍ മിര്‍ദാല്‍
ആല്‍വ മിര്‍ദാല്‍
1974 ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം കരസ്ഥമാക്കിയ ഗുണാര്‍ മിര്‍ദാലും 1982 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ആല്‍വ മിര്‍ദാലുമാണ് നൊബേല്‍ സമ്മാനം നേടിയ നാലാമത്തെ ദമ്പതികള്‍. സാമ്പത്തിക രംഗത്ത് സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവുമായ ഇടപെടലുകളുണ്ടാകുന്നതെങ്ങനെയെന്നതു സംബന്ധിച്ചുള്ള പഠനങ്ങള്‍ക്കാണ് ഗുണാര്‍ മിര്‍ദാലിന് നൊബേല്‍ സമ്മാനം ലഭിച്ചത്. ഇംഗ്ലണ്ടിലെ ഫ്രഡറിക് വോണ്‍ ഹയകിനൊപ്പമാണ് ഗുണാര്‍ മിര്‍ദാലിന് നൊബേല്‍ സമ്മാനം ലഭിച്ചത്. നിരായുധീകരണത്തിനായി നടത്തിയ പോരാട്ടമാണ് ആല്‍വ മിര്‍ദാലിന് നൊബേല്‍ സമ്മാനം നേടിക്കൊടുത്തത്. സ്വീഡിഷ് നയതന്ത്രജ്ഞയായി ആല്‍വ മിര്‍ദാല്‍ ഇന്ത്യയില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
കാള്‍ കോറി
ജെറി കോറി
കോറി സൈക്കിള്‍ എന്ന ഗവേഷണ പ്രബന്ധത്തിലൂടെ ശ്രദ്ധേയരായ ദമ്പതികളാണ് കാള്‍ കോറിയും ജെറി തെരേസ കോറിയും. 1947 ലെ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം ഈ ദമ്പതികള്‍ക്കാണ്. മനുഷ്യ ശരീരത്തിലെ ഗ്ലൂക്കോസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് ഇവര്‍ക്ക് നൊബേല്‍ ലഭിച്ചത്. ആദ്യകാലത്ത് അമേരിക്കയില്‍ ദമ്പതികള്‍ ഒരുമിച്ച് ഗവേഷണത്തിലേര്‍പ്പെടുന്നത് നിരോധിച്ചിരുന്നു. ഇതിനാല്‍ തന്നെ പ്രഫസറായ ഭര്‍ത്താവ് കാള്‍ കോറിയുടെ കീഴില്‍ അസോസിയേറ്റ് പ്രഫസറായായി ചുമതലയേറ്റാണ് ജെറി കോറി പഠനം നടത്തിയിരുന്നത്. അര്‍ജന്റീനിയന്‍ സയന്റിസ്റ്റ് ബര്‍ണാഡോ ഹോസൊക്കൊപ്പമാണ് ഇവര്‍ നൊബേല്‍ സമ്മാനം പങ്കിട്ടത്. നൊബേല്‍ സമ്മാനം നേടിയ ആദ്യത്തെ അമേരിക്കന്‍ വനിതയാണ് ജെറി കോറി.
മേയ്ബ്രിട്ട് മ്യൂസര്‍
എഡ്വേര്‍ഡ് മ്യൂസര്‍
നാം സഞ്ചരിക്കുകയും നിലകൊള്ളുകയും ചെയ്യുന്ന പ്രദേശത്തിന്റെ സ്ഥാനവും ദിശയും നിര്‍ണയിക്കാന്‍ തലച്ചോറിലെ ഗ്രിഡ് കോശങ്ങള്‍ സഹായിക്കുന്നുണ്ടെന്ന് എഡ്വേര്‍ഡ് മ്യൂസറും ഭാര്യ മേയ്ബ്രിട്ട് മ്യൂസറും ചേര്‍ന്ന് കണ്ടെത്തി. ഇതിനായി തലച്ചോര്‍ പ്രത്യേക മാപ്പുകള്‍ തയാറാക്കുന്നുണ്ടെന്നുമുള്ള കണ്ടെത്തല്‍ ശാസ്ത്ര ലോകം വിസ്മയത്തോടെയാണ് സ്വീകരിച്ചത്. ഈ കണ്ടെത്തല്‍ ഇരുവര്‍ക്കും 2014 ലെ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം നേടിക്കൊടുത്തു. ന്യൂറോ സയന്റിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നീ നിലകളില്‍ പ്രസിദ്ധരാണ് ഈ ദമ്പതികള്‍. അമേരിക്കന്‍-ബ്രിട്ടന്‍ ന്യൂറോ സയന്റിസ്റ്റായ ജോണ്‍ ഒക്കീഫിനൊപ്പമാണ് ഇരുവരും നൊബേല്‍ സമ്മാനം പങ്കിട്ടത്.
അഭിജിത് ബാനര്‍ജി
എസ്തര്‍ ഡഫലോ
ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ ജേതാക്കളാണ് അഭിജിത് ബാനര്‍ജിയും ഭാര്യ എസ്തര്‍ ഡഫലോയും. ഇന്ത്യന്‍ വംശജനായ അഭിജിത് വിനായക് ബാനര്‍ജി 2015 ലാണ് ഫ്രഞ്ച് - അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞയായ എസ്തര്‍ ഡഫലോയെ വിവാഹം ചെയ്യുന്നത്. അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ മൈക്കള്‍ റോബര്‍ട്ട് ക്രീമര്‍ക്കൊപ്പമാണ് ഇരുവരും നൊബേല്‍ സമ്മാനം പങ്കുവച്ചത്. ആഗോള ദാരിദ്ര നിര്‍മാര്‍ജ്ജനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് വികസന സാമ്പത്തിക മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് ഇവര്‍ക്ക് നൊബേല്‍ സമ്മാനം ലഭിക്കുന്നത്. സാമ്പത്തിക ശാസ്ത്രജ്ഞനായ അമര്‍ത്യാസെന്നിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ വംശജനാണ് അഭിജിത് ബാനര്‍ജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."