പരാധീനതകളില്‍ വീര്‍പ്പുമുട്ടി കഞ്ചിക്കോട് സത്രപടി ജങ്ഷന്‍
കഞ്ചിക്കോട്: പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാതയിലെ പ്രധാന കവലയും വ്യവസായ മേഖലയുടെ പ്രധാന കവാടവുമായ കഞ്ചിക്കോട് സത്രപടി ജങ്ഷന് കാലമേറെ കഴിയുമ്പോഴും പറയാന്‍ പരാധീനതകള്‍ മാത്രമാണ്. രാപകലന്യേ സ്വകാര്യ ബസുകളും ചരക്കു വാഹനങ്ങളുമുള്‍പ്പെടെ നൂറുക്കണക്കിന് വാഹനങ്ങളും യാത്രക്കാരും വന്നുപ്പോകുന്ന കഞ്ചിക്കോട് സത്രപടി കവലയില്‍ മതിയായ സംവിധാനങ്ങളില്ലാത്തതാണ് ഇവിടുത്തെ ദുരിതത്തിനു കാരണം. ഗതാഗതം സുഗമമാക്കുന്നതിന് സിഗ്നല്‍ സംവിധാനമോ യാത്രക്കാര്‍ക്ക് വെയിലും മഴയും കൊള്ളാതെ ബസ് കാത്തുനില്‍ക്കുന്നതിന് കാത്തിരിപ്പുകേന്ദ്രമോ നാളിതുവരെ സ്ഥാപിച്ചിട്ടില്ല. പാലക്കാട്ട്‌നിന്നും വാളയാറിലേയ്ക്കും കൊഴിഞ്ഞാമ്പാറയിലേയ്ക്കും നിരവധി സ്വകാര്യ ബസുകളാണ് കഞ്ചിക്കോട് സത്രപടി വഴി സര്‍വിസ് നടത്തുന്നത്. ഇതിനുപുറമെ വ്യവസായ മേഖലയിലേയ്ക്ക് നിരവധി ചരക്കു വാഹനങ്ങളും രാപകലന്യേ സത്രപടി വഴി കടന്നുപോകുന്നു.
പൊതുവെ സത്രപടിയില്‍ സന്ധ്യമയങ്ങുന്നതോടെ തിരക്കുകൂടുമെന്നതാണ് സ്ഥിതി. വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്നതും ഈ മേഖലയില്‍ താമസിക്കുന്നതുമായ ഇതരസംസ്ഥാനക്കാരുടെ സംഗമക്കോട്ടയാണ് സത്രപടി ജങ്ഷന്‍. ശനിയാഴ്ച വൈകിട്ടോടെ സത്രപടയിലെ ചന്തയിലേയ്ക്ക് ആയിരക്കണക്കിനാളുകളാണ് വന്നുപോകുന്നത്. ചന്തദിവസം വൈകിട്ട് സത്രപടിയില്‍ തിരക്ക് നിയന്ത്രണാധീതമാണ്. സത്രപടിയില്‍നിന്നും വ്യവസായ മേഖലയിലേയ്ക്കുള്ള റോഡും ശാപമോക്ഷം കാത്തുകിടക്കുകയാണ്. റീ-ടറിങ് നടത്താത്തതിനാല്‍ വാഹനങ്ങള്‍ പോകുമ്പോള്‍ പൊടിശ്വസിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഇവിടെയുള്ളവരെല്ലാം.
ആയിരക്കണക്കിനാളുകള്‍ വന്നുപോകുന്ന കവലയില്‍ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണ് യാത്രക്കാര്‍. വീതികുറഞ്ഞ റോഡില്‍ റോഡിനിരുവശത്തും അനധികൃതമായിട്ടുള്ള പാര്‍ക്കിങും വല്ലപ്പോഴും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. സത്രപടി ജങ്ഷനിലെ അമ്പലത്തില്‍ ഉത്സവങ്ങളും മറ്റും നടക്കുമ്പോഴുണ്ടാകുന്ന തിരക്കും വാഹനഗതാഗത്തെ ബാധിക്കുന്നു.
സ്‌കൂളുകളും ആരാധാനാലയങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളുമുള്ള പുതുശ്ശേരി പഞ്ചായത്തില്‍പെടുന്ന കഞ്ചിക്കോട് സത്രപടി ജങ്ഷനില്‍ കാലങ്ങളായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ കാര്യത്തെപറ്റി ഭരണകൂടം നാളിതുവരെ ചിന്തിച്ചിട്ടില്ല. തിരക്കേറിയ സമയങ്ങളില്‍ നിയമപാലകരുടെ സേവനവും സത്രപടിയില്‍ അനിവാര്യമാണ്.
വാളയാര്‍, പാലക്കാട്, കൊഴിഞ്ഞാമ്പാറ ഭാഗത്തേയ്ക്കുള്ള യാത്രക്കാര്‍ കാത്തിരിപ്പു കേന്ദ്രമില്ലാത്തതിനാല്‍ കാലങ്ങളായി വെയിലും മഴയും കൊള്ളാന്‍ വിധിക്കപ്പെട്ടവരാണ്. വാളയാറില്‍നിന്നും പാലക്കാട്‌നിന്നും വരുന്ന ബസുകളുടെ അമിത വേഗതയും ഇവിടെ അപകടങ്ങള്‍ക്കു കാരണമാകാറുണ്ട്. തിരക്കേറിയ സത്രപടി കവലയില്‍ യാത്രക്കാര്‍ക്കായി കാത്തിരിപ്പുകേന്ദ്രങ്ങളും വാഹനങ്ങളുടെ ഗതാഗത നിയന്ത്രണത്തിനായി സിഗ്നല്‍ സംവിധാനങ്ങളുമുള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തണ്ടേത് അനിവാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."