വിശ്രമവേളകള്‍ ചെലവഴിക്കാനിടമില്ല; ഭാരതപ്പുഴയെ സംരക്ഷിക്കാന്‍ ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിക്കണം
പട്ടാമ്പി: സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ നിളാതീരത്ത് ഒരു പാര്‍ക്കെന്നത് പട്ടാമ്പിക്കാരുടെ സ്വപ്നങ്ങളിലൊന്നാണ്. ഇത് നടപ്പാക്കിയില്ലെന്ന് മാത്രമല്ല, കൈയേറിയും മാലിന്യം തള്ളിയും പുഴയെ നശിപ്പിക്കുകയുമാണ്. ഇതോടെ ഭാരതപ്പുഴയെ സംരക്ഷിക്കാന്‍ ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന ആവശ്യമുയരാനും തുടങ്ങി.
നഗരത്തോട് ചേര്‍ന്നൊഴുകുന്ന പുഴയുടെ തീരങ്ങള്‍ ഇപ്പോള്‍ മാലിന്യകേന്ദ്രങ്ങളാണ്. ഇവിടങ്ങളില്‍ കുട്ടികളുടെ പാര്‍ക്കോ പൂന്തോട്ടമോ നിര്‍മിക്കണമെന്നാണ് പരിസ്ഥിതി സ്‌നേഹികളും പുഴസംരക്ഷണപ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്. പട്ടാമ്പി പാലത്തിന് സമീപത്ത് പാര്‍ക്കിന് അനുയോജ്യമായ നിരവധി സ്ഥലങ്ങളുണ്ട്. കിഴായൂര്‍-നമ്പ്രം റോഡിലും അനുയോജ്യമായ സ്ഥലം കാടുപിടിച്ചു കിടക്കുന്നുണ്ട്. പട്ടാമ്പി നഗരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പാര്‍ക്കുണ്ടായിരുന്നു. ഇപ്പോഴത്തെ മിനി സിവില്‍ സ്റ്റേഷന്‍ റോഡിലുണ്ടായിരുന്ന പാര്‍ക്കിലായിരുന്നു അക്കാലത്ത് പൊതുയോഗങ്ങള്‍ നടന്നിരുന്നതും. ഇ.എം.എസ്, വി.ടി രണദിവെ, ജ്യോതിബസു തുടങ്ങിയ നേതാക്കളൊക്കെ അവിടെ വന്ന് പ്രസംഗിച്ചിരുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന റേഡിയോയിലൂടെ വാര്‍ത്തകള്‍ കേള്‍ക്കാനായി ഒരുപാടുപേര്‍ എത്തിയിരുന്നു.
രണ്ട് പതിറ്റാണ്ട് മുന്‍പ് പഴയകടവ് റോഡില്‍ പുഴയോരത്ത് പൂന്തോട്ടം നിര്‍മിച്ച് ഇരിപ്പിടങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. സായാഹ്നപ്രഭാത സവാരികള്‍ക്ക് ഉപയോഗപ്പെടുത്താനും ലക്ഷ്യമുണ്ടായിരുന്നു. എന്നാല്‍ ഇത് നടപ്പായില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പാലത്തിനോട് ചേര്‍ന്ന് തടയണയും പാര്‍ക്കും സ്ഥാപിക്കാന്‍ ആലോചനയുണ്ടായി. ടൂറിസം അധികൃതര്‍ ഇതിനായി സന്ദര്‍ശനം നടത്തിയെങ്കിലും യാഥാര്‍ഥ്യമായില്ല.
പുഴയോരത്ത് പാര്‍ക്ക് സ്ഥാപിക്കാനായി ടൂറിസം വകുപ്പിന് മുന്‍പ് പദ്ധതിനിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പ്രളയത്തെത്തുടര്‍ന്ന് പല പദ്ധതികളും പിന്‍വലിച്ചതോടെ ഇതിന്റെ സാധ്യത മങ്ങി. പുതിയ പദ്ധതികള്‍ക്കായി ശ്രമിക്കുമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ നേരത്തെ വ്യക്തമാക്കയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."