അടിസ്ഥാന സൗകര്യങ്ങളില്ലാതെ വടുവഞ്ചാല്‍ വരിപ്ര കോളനി
മേപ്പാടി: അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത വടുവഞ്ചാല്‍ വരിപ്ര ആദിവാസി കോളനി വാസികള്‍ നയിക്കുന്നത് ദുരിത ജീവിതം. മുപ്പൈനാട്, അമ്പലവയല്‍ പഞ്ചായത്തുകളില്‍ ഉള്‍പെടുന്നതാണ് വരിപ്ര കോളനി.
പണിയ വിഭാഗത്തില്‍പെടുന്ന 75 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. അടച്ചുറപ്പുള്ള വീടുകളില്ലാത്തതും കുടിവെള്ള ക്ഷാമവുമാണ് കോളനിയിലെ ജീവിതം ദുരിത പൂര്‍ണമാക്കുന്നത്.
കാലപ്പഴക്കം ചെന്ന വീടുകളാണ് കോളനിയില്‍ അധികവും. പഴകി ദ്രവിച്ച് ഏത് സമയവും നിലം പൊത്തിയേക്കാവുന്ന വീടുകളാണ്. മൂന്ന് വര്‍ഷം മുന്‍പുണ്ടായ വീഴ്ചയെ തുടര്‍ന്ന് അരക്ക് താഴെ തളര്‍ന്ന് കിടപ്പിലായ കരിമ്പന്റെ (48) വീടിന്റെ അപകടാവസ്ഥയെ തുടര്‍ന്ന് താമസം കോളനിയിലെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി.
വീട് റിപ്പയറിങ്ങിന് തുക പാസായങ്കിലും ഇത് വരെയും വീട് പണി തുടങ്ങിയിട്ടില്ല. ഒറ്റമുറി കമ്മ്യൂണിറ്റി ഹാളിലാണ് കരിമ്പനും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. മഴ പെയ്യുമ്പോള്‍ കെട്ടിടത്തിനകത്തേക്ക് വെള്ളം കയറുന്നുമുണ്ട്. കരിമ്പന്റെ വീട് പണി എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് കോളനിക്കാന് ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. കോളനിയിലെ പല വീടുകളിലും വൈദ്യുതി ഇതുവരെയും എത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."