ഇവളാണ് അവള്‍; ബഗ്ദാദിയെ തുരത്തിയ വേട്ടനായ
വാഷിങ്ടണ്‍: ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ വേട്ടയാടാന്‍ യു.എസ് പ്രത്യേകസേന ഉപയോഗിച്ചതെന്നു പറയപ്പെടുന്ന നായയുടെ ചിത്രം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ബെല്‍ജിയന്‍ മെലിനോയിസ് ഇനത്തില്‍ പെടുന്ന ഈ നായക്ക് ബഗ്ദാദി സ്വയം പൊട്ടിത്തെറിച്ചപ്പോള്‍ നിസാര പരുക്കുപറ്റിയിരുന്നു. ഉടനെ വിദഗ്ധ ചികിത്സക്കായി ഓപറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
നായയുടെ പേര് ട്രംപ് പുറത്തുവിട്ടിട്ടില്ലെങ്കിലും 'കൊനന്‍' എന്നാണെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ന്യൂസ് വീക് റിപ്പോര്‍ട്ട് ചെയ്തു. യു.എസിലെ ടെലിവിഷന്‍ ഹാസ്യതാരമായ കൊനന്‍ ഒ ബ്രെയിന്റെ പേരില്‍ നിന്നാണിത് വന്നത്. ആ വിസ്മയിപ്പിക്കുന്ന നായയെ ഞങ്ങള്‍ പരസ്യപ്പെടുത്തുകയാണ് (പേരല്ല). ഐ.എസ് തലവന്‍ ബഗ്ദാദിയെ പിടികൂടുകയും കൊലപ്പെടുത്തുകയും ചെയ്ത് അതൊരു മഹത്തായ ദൗത്യമാണ് നിറവേറ്റിയത്- ട്രംപ് നായയുടെ ഫോട്ടോയോടൊപ്പം കുറിച്ചു.
സൈനിക നടപടിയില്‍ പങ്കെടുത്ത നായയെ ഞായറാഴ്ച 'ഗുഡ് ബോയ് ' എന്നു വിശേഷിപ്പിച്ച ട്രംപ് സൗന്ദര്യവും ബുദ്ധിസാമര്‍ഥ്യവുമുള്ളതാണ് അതെന്നും പറഞ്ഞിരുന്നു. യു.എസ് സൈനിക നടപടി ഭയന്ന് ഇദ്‌ലിബിലെ ഒരു ടണലിലൊളിച്ച ബഗ്ദാദിയെ നായ പിടികൂടിയ സമയത്താണ് അയാള്‍ സ്വയം പൊട്ടിത്തെറിച്ചത്. കൂടെയുള്ള മൂന്നുമക്കളും അംഗരക്ഷകരും ഐ.എസ് തലവനൊപ്പം തീഗോളമായി മാറി.
ആ നായ ഇപ്പോഴും തിയറ്ററിലാണെന്നാണ് തിങ്കളാഴ്ച യു.എസ് സേനകളുടെ സംയുക്ത മേധാവി ജനറല്‍ മാര്‍ക് മില്ലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. നായ മറ്റുള്ളവരെപോലെ ഗംഭീരസേവനമാണ് ചെയ്തതെന്ന് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറും പറഞ്ഞു.
യു.എസ് സേന സൈന്യത്തോടൊപ്പം വഴികാട്ടാനും രക്ഷകരായും പതിവായി ഉപയോഗിക്കുന്നത് ബെല്‍ജിയന്‍ മെലിനോയിസ് ഇനത്തില്‍പ്പെടുന്ന നായകളെയാണ്. ശത്രുവിനെ കണ്ടെത്താനും സ്‌ഫോടകവസ്തു കണ്ടെത്താനും ഇവ മിടുക്കരാണ്. ആക്രമണോത്സുകതയിലും ബുദ്ധിശക്തിയിലും അനുസരണത്തിലും ഇവ മുന്‍പന്തിയിലാണെന്ന് യു.എസ് വാര്‍ ഡോഗ് അസോസിയേഷന്‍ പ്രസിഡന്റ് റോണ്‍ ഐലോ പറയുന്നു.
2011ല്‍ അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദനെ വേട്ടയാടിയപ്പോഴും യു.എസ് സേന ഉപയോഗിച്ചത് ബെല്‍ജിയന്‍ മെലിനോയിസ് നായയെയായിരുന്നു. കൈറോ എന്നായിരുന്നു അതിന്റെ പേര്. കമാന്‍ഡോകളെ ആദരിക്കുന്ന ചടങ്ങില്‍ അന്നത്തെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ഈ നായയെ സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."