മധ്യപ്രദേശിലെ 'പാക് വിജയാഘോഷം' പൊലിസിന്റെ സൃഷ്ടി
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിച്ചതിന്റെ പേരില്‍ മുസ്‌ലിം യുവാക്കളെ അറസ്റ്റ്‌ചെയ്ത സംഭവം പൊലിസിന്റെ സൃഷ്ടി. വെള്ളക്കടലാസില്‍ ഭീതിമൂലം ഒപ്പിടുക മാത്രമാണ് ഉണ്ടായതെന്ന് കേസിലെ 'പരാതിക്കാരന്‍' സുഭാഷ് കോലി പറഞ്ഞു. ഒരാളും പാക് അനുകൂല മുദ്രാവാക്യം വിളിച്ചിക്കുകയോ പടക്കം പൊട്ടിക്കുകയോ മധുരം വിതരണംചെയ്യുകയോ ഉണ്ടായില്ലെന്നും ബുര്‍ഹാന്‍പൂര്‍ കോടതി മുമ്പാകെ സുഭാഷ് മൊഴിനല്‍കി. എല്ലാവരും നിരപരാധികളാണ്. പൊലിസ് കള്ളക്കേസ് എടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോടതിയില്‍ സമര്‍പ്പിച്ച രണ്ടുപേജ് വരുന്ന സത്യവാങ്മൂലത്തിലാണ് സുഭാഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. മധ്യപ്രദേശിലെ മുസ്്‌ലിംഭൂരിപക്ഷപ്രദേശമായ മെഹൂദില്‍ നിന്ന് പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്ത രണ്ടുപേരടക്കം 15 പേരെയാണ് പൊലിസ് അറസ്റ്റ്‌ചെയ്തിരുന്നത്. ഇവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നുവെങ്കിലും കോടതിയില്‍ തെളിയിക്കാന്‍ കഴിയില്ലെന്നു വന്നതോടെ സാമുദായികസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റമാക്കി. അഞ്ചുവര്‍ഷം വരെ തടവുശിക്ഷലഭിക്കുന്ന കുറ്റമാണിത്.
ഇന്ത്യപാക് മല്‍സരത്തിന്റെ പിറ്റേദിവസം മെഹൂദ് സ്വദേശിയായ അനീസിനെയാണ് ആദ്യം പൊലിസ് പിടികൂടിയത്. ബി.എസ്.സി ബിരുദമുള്ള അനീസ് അധ്യാപക ട്രെയിനിങ് കോഴ്‌സ് വിദ്യാര്‍ഥിയാണ്. ഒഴിവുസമത്തു ജോലിചെയ്യുന്ന ടൈലറിങ് കടയില്‍ ഇരിക്കുന്നതിനിടെയാണ് അനീസ് അറസ്റ്റിലായത്. പ്രദേശത്തെ മുസ്‌ലിംകളില്‍ ഏറ്റവും വിദ്യാസമ്പന്നനാണ് അനീസ്. അദ്ദേഹത്തിന്റെ മോചനമാവശ്യപ്പെട്ട് സുഭാഷും അച്ഛന്‍ ലക്ഷ്മണനും സുഹൃത്ത് സാഹില്‍ മന്‍സൂറും ഷാഹ്പൂര്‍ പൊലിസ് സ്റ്റേഷനില്‍ പോയി. എന്നാല്‍ പൊലിസ് ഇവരെ മര്‍ദിച്ച് ലോക്കപ്പിലടക്കുകയാണ് ചെയ്തത്. ഇതിനിടെ സുഭാഷിനോട് വെള്ളക്കടലാസില്‍ ഒപ്പിടീക്കുകയുംചെയ്തു.
ഒരു ഹിന്ദു ആയിട്ടുകൂടി മുസ്‌ലിമിനെ രക്ഷിക്കാന്‍ വന്നിരിക്കുന്നുവെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞതോടെ ഭയന്ന താന്‍, സാഹിലിനെയോ അനീസിനെയോ മോചിപ്പിക്കുന്നതിനുള്ള കടലാസിലാവും തന്നെക്കൊണ്ട് ഒപ്പിടുവിച്ചതെന്നാണ് ആദ്യംകരുതിയതെന്ന് സുഭാഷ് പറഞ്ഞു. അല്‍പ്പസമയം കഴിഞ്ഞ് കോലിയുടെ ഫോണ്‍ കോണ്‍സ്റ്റബിള്‍ എടുത്ത് അതില്‍ നിന്നു 100ലേക്കു വിളിച്ച് പൊലിസ് തന്നെ 'സ്വയം പരാതി' നല്‍കി.
ഉടന്‍ തന്നെ മൂന്നു പൊലിസ് വാഹനങ്ങള്‍ മെഹുദ് ലക്ഷ്യമാക്കി പുറപ്പെട്ടു. അടുത്തദിവസം സുഭാഷിനെ പോലിസ് വിളിപ്പിച്ചു. അന്വേഷണച്ചുമതലയുള്ള എസ്.പി യാദവ് എന്ന ഉദ്യോഗസ്ഥന്റെ മുന്നിലേക്കാണ് സുഭാഷ് വന്നത്. ഈ സമയം കഴിഞ്ഞദിവസം ഒപ്പിട്ട വെള്ളക്കടലാസ് പൊലിസുകാരന്റെ മുന്നിലുണ്ടായിരുന്നു. 15 ഓളം പേര്‍ പടക്കം പൊട്ടിച്ചെന്നും ചിലര്‍ പാകിസ്താന്‍ സിന്ദാബാദ് വിളിച്ചെന്നും കടലാസില്‍ പൊലിസുകാരന്‍ തന്നെ എഴുതിച്ചേത്തു. ഈ സമയം ഞാന്‍ അതിനെ എതിര്‍ത്തില്ല. കാരണം ഞാനാകെ ഭീതിയിലായിരുന്നുവെന്നും പൊലിസ് സ്റ്റേഷനിലെ കാമറകള്‍ പരിശോധിച്ചാല്‍ ഇതെല്ലാം വ്യക്തമാവുമെന്നും സുഭാഷ് സ്‌ക്രോളിനോട് വെളിപ്പെടുത്തി.
ഞാന്‍ ഹിന്ദുസ്ഥാന്റെ ഒരുപുത്രനാണ്. ഒരാളും അനീതിക്കിരയാവാന്‍ ആഗ്രഹിക്കുന്നില്ല. ഈ ദിവസങ്ങളില്‍ ഒരൊറ്റ നുണ 15 പേരുടെ ജീവിതം നശിപ്പിക്കും. ഒരുസത്യം കൊണ്ട് 15 പേരുടെ ജീവന്‍ രക്ഷിക്കാനും കഴിയും സുഭാഷ് പറഞ്ഞു. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ സുഭാഷിനെ കാണുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ഇവരുടെ അറസ്‌റ്റോടെ പ്രദേശത്തു സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നത് ഒഴിവാക്കാനായെന്നും മെഹൂദിലെ പത്തിലേറെസ്ഥലത്തു നിന്ന് പടക്കം പൊട്ടിച്ചതിന്റെ അവശിഷ്ടങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും സഞ്ജയ് പതക് പറഞ്ഞു. എന്നാല്‍ തങ്ങളാരും പടക്കം പൊട്ടുന്ന ശബ്ദം കേട്ടില്ലെന്നാണ് മെഹൂദ് നിവാസികള്‍ പറഞ്ഞത്. കേസ് ഒരുപക്ഷേ സമ്മര്‍ദ്ദപ്രകാരം എടുത്തതാവാമെന്നാണ് ബുര്‍ഹാന്‍പുര്‍ എസ്.പി ആര്‍.ആര്‍.എസ് പരിഹാര്‍ പറഞ്ഞത്.
മുസ്‌ലിം സുഹൃത്ത് ഉണ്ടായതിന് ചെകിടത്തടി
ക്രിക്കറ്റ് മല്‍സരത്തിന്റെ പിറ്റേന്നു രാവിലെ അനീസിനെ അറസ്റ്റ്‌ചെയ്തതറിഞ്ഞാണ് സുഭാഷും അച്ഛന്‍ ലക്ഷ്മണനും സുഹൃത്ത് സാഹിലും ഷാഹ്പൂര്‍ പൊലിസ് സ്റ്റേഷനിലെത്തിയത്. ഈ സമയം അവിടെ ഇന്‍സ്‌പെക്ടര്‍ സഞ്ജയ് പതകും ഒരു കോണ്‍സ്റ്റബിളും മാത്രമെ ഉണ്ടായിരുന്നുള്ളൂ. എത്തിയ ഉടന്‍, എന്തിനാ വന്നതെന്ന് ഇന്‍സ്‌പെക്ടര്‍ ചോദിച്ചു. അനീസിന്റെ മോചനത്തില്‍ ഇടപെടാന്‍ ആണ് എന്നു മറുപടി പറഞ്ഞതോടെ, ഒരുഹിന്ദുവായിട്ടും മുസ്‌ലിമിനെ സുഹൃത്താക്കുകയോ എന്നു ചോദിച്ച് ഇന്‍സ്‌പെക്ടര്‍ സുഭാഷന്റെ ചെകിടത്ത് ആഞ്ഞടിച്ചു. അടികൊണ്ട് സുഭാഷിന്റെ വലതുചെവിയുടെ വേദന ഇപ്പോഴും ശമിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."