നബിദിന ഓര്‍മയുടെ കരുത്തില്‍ നടത്തിയ പ്രസംഗം ക്ലിക്കായി: സൈനിക മേധാവിയില്‍ നിന്നും സ്വര്‍ണമെഡല്‍ നേടിയ ശാഹിദ് തിരുവള്ളൂരിന്റെ കഥ
നബിദിന ഓര്‍മകള്‍ എല്ലാവര്‍ക്കും ജീവിതത്തിലെ വലിയ കരുത്തായിരിക്കും. നാലാളുകള്‍ക്കു മുന്നില്‍ നിവര്‍ന്നു നിന്നു സംസാരിക്കാനുള്ള ഊര്‍ജ്ജം പലര്‍ക്കും സമ്മാനിച്ചത് കുട്ടിക്കാലത്തെ ഈ നബിദിന വേദികളാണ്. സിവില്‍ സര്‍വീസ് വിജയത്തിനു ശേഷം പരിശീനത്തിലാണ് ഇപ്പോള്‍ ശാഹിദ് തിരുവള്ളൂര്‍. ഫൗണ്ടേഷന്‍ കോഴ്സിന്റെ ഭാഗമായുള്ള ആര്‍മി സിമ്പോസിയത്തില്‍ നടത്തിയ ഒരു ചെറിയ പ്രഭാഷണത്തില്‍ ഒന്നാം സ്ഥാനം നേടിയ അനുഭവം ശാഹിദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്. തന്റെ സഹപാഠികളെക്കാളും മികച്ച നിലയില്‍ വിഷയം അവതരിപ്പിച്ചതിനാല്‍ ശാഹിദിനാണ് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്. പ്രതിഫലമായി ഒരു ഗോള്‍സ് മെഡലും ലഭിച്ചു. നബിദിനം കൊണ്ട് അതിന്റെ ആത്മീയമാനങ്ങള്‍ക്കപ്പുറം ഞങ്ങള്‍ക്കൊക്കെയുണ്ടായ ഒരു പ്രധാന നേട്ടം ഇതു തന്നെയാണെന്നും നാലാളെ മുന്നില്‍ കാലുവിറക്കാതെ നാലു കാര്യം പറയാന്‍ ഇതു കരുത്തേകിയെന്നും ശാഹിദ് കുറിപ്പില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഈ പോസ്റ്റ് ഒരു സെല്‍ഫ് പ്രമോഷന്‍ പോസ്റ്റ് കൂടിയാണ് എന്നു തെറ്റുദ്ധരിച്ചാല്‍ നിങ്ങളെ കുറ്റം പറയാനാകില്ല. താഴെ അറ്റാച്ച് ചെയ്ത ഫോട്ടോകളില്‍ നിന്ന് അതെളുപ്പം വായിച്ചെടുക്കുകയുമാകാം. ഏതായാലും കൂടുതല്‍ നീട്ടിപ്പരത്താതെ തെളിവെടുപ്പിലേക്കു കടക്കാം.
ഇന്നലെ ഫൗണ്ടേഷന്‍ കോഴ്സിന്റെ ഭാഗമായി ഞങ്ങള്‍ക്ക് ആര്‍മി സിമ്പോസിയം എന്ന പ്രോഗ്രാം നടന്നു. ദേശീയ സുരക്ഷാ നയം ആണ് വിഷയം. അങ്ങനെ ഒരു നയത്തിന്റെ ലിഖിത രൂപം ആവശ്യമുണ്ടോ എന്ന വിഷയത്തില്‍ ഓഫീസര്‍ ട്രയ്നികള്‍ക്കിടയില്‍ ഒരു ഉപന്യാസ രചനാമത്സരവും നടത്തി. ഫസ്റ്റടിച്ച ഈ വിനീതന് ഗോള്‍ഡ് മെഡലും (ഗോള്‍ഡ് ഒറിജിനലല്ല, ചെലവ് ചോദിക്കരുത്) കിട്ടി. ഏതായാലും വിഷയമതല്ല. സെമിനാറില്‍ മെഡല്‍ ജേതാക്കള്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കുവെക്കണം. സംസാരം അഞ്ചുമിനിറ്റിലൊതുക്കണം. വെങ്കലമെഡല്‍ ജേതാവ് ആദ്യം പ്രസന്റ് ചെയ്തു. പിന്നെ വെള്ളി മെഡല്‍ ജേതാവ്. രണ്ടു പേരും നന്നായി കാര്യങ്ങള്‍ പങ്കുവെച്ചു. ആശയങ്ങള്‍ കൃത്യമായി എഴുതിക്കൊണ്ടുവന്നതിനാല്‍ അവര്‍ക്ക്ത് നന്നായി വായിക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. അതാണ് നടപ്പു രീതിയും. ഒടുവില്‍ എന്റെ ഊഴമെത്തി.അഞ്ചുമിനിറ്റല്ലേ, നോക്കിവായിക്കേണ്ട ആവശ്യമൊന്നും തോന്നിയില്ല. ആശയങ്ങള്‍ ക്രോഡീകരിച്ച്, ഫാന്‍സി ചേരുവകളുടെ സഹായത്തോടെ വ്യത്യസ്തമായി വിഷയം അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. നിര്‍ത്താതെ ലഭിച്ച കയ്യടികള്‍ക്കിടയില്‍ വല്ല്യ പരിക്കുകളൊന്നുമില്ലാതെ തിരിച്ചുസീറ്റില്‍ വന്നിരുന്നു.(വീഡിയോ കിട്ടുന്ന മുറക്ക് ഷെയറാം)
പക്ഷേ, എന്തുകൊണ്ടെന്നറിയില്ല. പ്രസംഗം കുറച്ചു ഹിറ്റായി. പിന്നീട് പ്രസംഗിച്ച മേജര്‍ ജനറല്‍ വിഷയാവതരണത്തിനിടെ എന്റെ പ്രസംഗം ഇംപ്രസ് ചെയ്ത കാര്യം പ്രത്യേകം എടുത്തുപറഞ്ഞു. ഡയറക്ടര്‍ ജനറല്‍ പ്രത്യേകം അഭിനന്ദിച്ചു. സഹ ഓഫീസര്‍ ട്രയ്നികളുടെ പ്രതികരണങ്ങളാണ് ഏറെ അത്ഭുതപ്പെടുത്തിയത്. ജീവിതത്തില്‍ ഒരു കൊച്ചു പ്രസംഗം നടത്തിയതിന് ഇത്രയധികം താരപരിവേശവും അഭിനന്ദനവും കിട്ടുന്നത് ആദ്യമായിട്ടാണ്. പ്രസംഗം സംഭവമായിരുന്നു, ആനയായിരുന്നു, കുതിരയായിരുന്നു എന്നൊക്കെയാണ് ഓരോരുത്തരും വന്നു പറയുന്നത്. ഇതാദ്യമേ അറിഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി പറഞ്ഞേനെ എന്നെനിക്കും തോന്നി. ഏതായാലും സംഭവമൊക്കെ കഴിഞ്ഞ് റൂമിലെത്തിയപ്പോ ഹരികൃഷ്ണന്‍ കാത്തുനില്‍ക്കുന്നുണ്ട്. കണ്ടപാടെ ചോദിച്ചു. എടാ, നീയെപ്പഴാ ഇങ്ങനെ പ്രസംഗിക്കാനൊക്കെ പഠിച്ചത്. മദ്റസയില്‍ പഠിച്ച കാലത്തായിരിക്കും അല്ലേ..പുള്ളിക്ക് സംശയം.
ഏതായാലും കക്ഷിയുടെ വാക്ക് കേട്ടപ്പോഴാണ് എനിക്ക് പഴയ മദ്റസാ കാലവും നബിദിനങ്ങളുമൊക്കെ വീണ്ടും ഓര്‍മയിലെത്തിയത്. നബിദിനം ആഘോഷിക്കാമോ ആഘോഷിക്കരുതോ എന്നൊക്കെയുള്ള കാര്യത്തില്‍ കേരളത്തിലെ സുന്നികളും മുജാഹിദുകളും ഇപ്പോഴും തര്‍ത്തിലാണ്. അതെന്തുമാകട്ടെ. നബിദിനം കൊണ്ട് അതിന്റെ ആത്മീയമാനങ്ങള്‍ക്കപ്പുറം ഞങ്ങള്‍ക്കൊക്കെയുണ്ടായ ഒരു പ്രധാന നേട്ടം ഇതു തന്നെയാണ്. നാലാളെ മുന്നില്‍ കാലുവിറക്കാതെ നാലു കാര്യം പറയല്‍.
മദ്റസകളിലും ദര്‍സിലും അറബിക് കോളെജിലുമൊക്കെ ഈ കാലത്ത് കലാപരിപാടികളുണ്ടാകും. ഒരര്‍ത്ഥത്തില്‍ ഞങ്ങള്‍ക്കൊക്കെ ഓര്‍ത്തുവെക്കാനുള്ള യുവജനോത്സവങ്ങളാണവ. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ചെറിയ കുട്ടികള്‍ 'ഞങ്ങളെല്ലാരും ഒന്നിലാണല്ലോ' എന്ന പാട്ടും പാടി സ്റ്റേജ് കീഴടക്കും. അതൊരു എനര്‍ജിയാണ്. ബൂസ്റ്റും. പക്ഷേ, അക്കാലത്തൊന്നും ഞാന്‍ പിടികൊടുത്തിട്ടില്ല. ഒന്നുമുതല്‍ നാല് വരെ ഞാന്‍ പഠിച്ച നിടുമ്പ്രമണ്ണ മദ്രസയില്‍ ഒരു പരിപാടിക്കും ഞാന്‍ സ്റ്റേജിന്റെ അടുത്തു പോലും പോയിട്ടില്ല. മൊരത്ത പേടി. അഞ്ചാം ക്ലാസ് നാദാപുരത്തെ ടി.ഐ.എമ്മിലായിരുന്നു. അവിടത്തെ ഉമ്മറുസ്താദാണ് എന്നെ കയ്യോടെ പൊക്കിയത്. ഒരു ചെറിയ പ്രസംഗം എഴുതിത്തന്നു. നബിദിനത്തിനു മുമ്പെ നടന്ന റിഹേഴ്സല്‍ സമാജത്തില്‍ എന്നെ സ്റ്റേജിലേക്ക് വിളിച്ചു. വേച്ചുവേച്ച് ഞാന്‍ ചെന്നു. മൈക്കിന് മുന്നിലെത്തിയപ്പോ കാല് വിറച്ചു. കൈ വിറച്ചു. സലാം പറയാന്‍ ഉമ്മറുസ്താദ് വിളിച്ചുപറഞ്ഞെങ്കിലും എനിക്ക് ശബ്ദം വരുന്നില്ല. സദസ്സില്‍ നീണ്ട കൂക്കലും ചിരിയുമുയര്‍ന്നു. ഞാന്‍ സ്റ്റേജ് വിട്ടു. ഇനി മേലാല്‍ സ്റ്റേജില്‍ കയറില്ലെന്ന് പ്രതിജ്ഞയുമെടുത്തു.
അടുത്ത വര്‍ഷം മുതല്‍ കാപ്പാടായിരുന്നു. നബിദിന പരിപാടികളുടെ അഡ്വാന്‍സ്ഡ് വേര്‍ഷനായിരുന്നു അവിടെ. രണ്ടു മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന കടുത്ത മത്സരങ്ങള്‍. വീറും വാശിയും ചേര്‍ന്ന ഗ്രൂപ്പുകള്‍. പക്ഷേ, മുന്‍ അനുഭവം വെച്ച് ഞാന്‍ സ്റ്റേജില്‍ കയറുന്ന ഒരു പരിപാടിക്കും ചേര്‍ന്നില്ല. ഒരു ദിവസം ഗ്രൂപ്പ് ലീഡര്‍ ഞങ്ങളുടെ ക്ലാസില്‍ വന്നു. ക്ലാസെടുക്കുന്നത് ഇഖ്ബാലുസ്താദാണ്. ഞങ്ങളുടെയൊക്കെ പേടിസ്വപ്നം കൂടിയാണ് ഇഖ്ബാലുസ്താദിന്റെ ചൂരല്‍. പക്ഷേ, നന്നായി ക്ലാസെടുക്കും. നന്നായി പഠിപ്പിക്കുകയും ചെയ്യും. ലിസ്റ്റ് പരിശോധിച്ച്പ്പോ രണ്ട് മൂന്ന് പരിപാടിക്ക് ആളില്ല. ഒരു സ്റ്റേജ് പരിപാടിക്കും പങ്കെടുക്കാത്തവരെ കയ്യോടെ മൂപ്പര്‍ പൊക്കി. ആദ്യം എന്നോട് പ്രസംഗിക്കണമെന്നാണ് ആവശ്യപ്പെട്ടു. പക്ഷേ, കരഞ്ഞു പറഞ്ഞപ്പോ എന്റെ പേരില്‍ ഖിറാഅത്ത്, ഹിഫ്ള് എന്നീ രണ്ടു പരിപാടി ചാര്‍ത്തി.
സംഭവദിവസം പേര് വിളിച്ചപ്പോ സ്റ്റേജില്‍ കയറി. ജീവിതത്തില്‍ രണ്ടാമതായാണ് സ്റ്റേജില്‍ കയറുന്നത്. ഖുര്‍ആന്‍ ഓതുമ്പോ ശബ്ദവും കാലും വിറച്ചു. പക്ഷേ, എന്നാലും മാനേജ് ചെയ്തു. രണ്ടാം സ്ഥാനവും കിട്ടി. ഒന്നാമത് എന്റെ തൊട്ടപ്പുറത്തിരുന്ന അബ്ദുല്‍ ഹക്കീമിന്. അടുത്ത വര്‍ഷം ഭാഗ്യപരീക്ഷണാര്‍ത്ഥം എന്നെ ഉറുദു പ്രസംഗത്തിനിട്ടു. ആരോ എഴുതിത്തന്ന പ്രസംഗം കാണാതെ പഠിച്ചു. എന്റെ ഭാഗ്യത്തിന് മത്സര ദിവസം മൂന്നു പേര്‍ മാത്രം. ഒരാളോട് മത്സരത്തിനിടെ പ്രസംഗം മറന്നു പോയി. മറ്റെയാള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഇടക്കിടെ നിന്നുപോയി. ഒടുവില്‍ എങ്ങനെയൊക്കെയോ പ്രസംഗം പൂര്‍ത്തിയാക്കിയ എനിക്ക് ഫസ്റ്റ് പ്രൈസ്. പക്ഷേ, മൂന്നാളേ ഉള്ളൂവെന്ന് ഞാനാരോടും പറഞ്ഞില്ല. ഫസ്റ്റാണ് എന്ന് എല്ലാരും അറിയുകയും ചെയ്തു. പിന്നീട് തുടര്‍ച്ചയായി ആറേഴു വര്‍ഷം ഉറുദു പ്രസംഗത്തില്‍ ഞാന്‍ തന്നെ ചാമ്പ്യന്‍. ഫൈസല്‍ ഹുദവി എഴുതിത്തന്ന ഒരു പ്രസംഗം ആറേഴുകൊല്ലം തുടക്കവും ഒടുക്കവും വിഷയത്തിന്റെ പേരും മാത്രം മാറ്റി ഞാന്‍ തകര്‍ത്തു.
പ്രസംഗം പഠിക്കാന്‍ ഞങ്ങള്‍ക്ക് കിട്ടിയ മറ്റൊരവസരം സാഹിത്യ സമാജമായിരുന്നു. പക്ഷേ, ആദ്യമൊന്നും അതിനെയാരും മൈന്‍ഡ് ചെയ്യാറില്ല. ഒരിക്കല്‍ ഞാന്‍ സംസാരിക്കേണ്ട സമയമായപ്പോഴേക്കും ഉമര്‍ഹുദവി പുള്ളാട്ട് കടന്നുവന്നു. രണ്ടു വാക്ക് പറഞ്ഞു പോകാന്‍ നിന്ന എന്നെ നേരെ പൊക്കി. അടുത്ത വട്ടം പ്രസംഗം എഴുതിക്കൊണ്ടുവന്ന് പഠിച്ച് എന്നെ കേള്‍പ്പിക്കണമെന്നും പുറമെ പള്ളിയിലും പ്രസംഗിക്കണമെന്നും പറഞ്ഞ് എന്നെ പുറത്തുനിര്‍ത്തി. അതോടെ ഞാന്‍ ഞാന്‍ നല്ല പിള്ളയായി. പിന്നെ ഒന്ന് രണ്ട് കൊല്ലം കഴിഞ്ഞപ്പോ സാഹിത്യ സമാജം നടത്താനുള്ള ചുമതല എനിക്കായി.
പള്ളിപ്രസംഗമായിരുന്നു മറ്റൊരു വേദി. പള്ളി പ്രസംഗം കേവലം മതപ്രസംഗങ്ങളിലൊതുങ്ങി നിന്നില്ല. സംവാദങ്ങള്‍, സമകാലിക പ്രശ്നങ്ങള്‍ എല്ലാം ചര്‍ച്ചക്കുവന്നു. ഇന്ത്യ അമേരിക്ക ആണവ കരാര്‍ നിലവില്‍ വന്നപ്പോ അതിനെ എതിര്‍ത്ത് പള്ളിയുടെ മിഹ്റാബില്‍ പ്രസംഗിച്ചതും ചാന്ദ്രദിനത്തില്‍ അമേരിക്ക ചന്ദ്രനിലിറങ്ങിയിട്ടില്ല. റഷ്യയെ കവച്ചുവെക്കാനുള്ള തട്ടിപ്പാണ് എന്നൊക്കെയും പറഞ്ഞ് ഞാന്‍ പ്രസംഗിച്ചത് ഇപ്പോഴുമോര്‍മയുണ്ട്. ഉസ്താദുമാരൊന്നും എതിര്‍ക്കാതായതോടെ ഞങ്ങള്‍ ഈ പരിപാടി ജോറായി മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തു. അങ്ങനെയാണ് സാബിത് പി.യു ആഗോളവല്‍ക്കരണത്തെക്കുറിച്ച് തന്റെ സപ്തദിന പ്രഭാഷണം ആരംഭിക്കുന്നത്. പ്രസംഗം ഏഴാം ദിവസവും നിര്‍ത്താതായതോടെ അബ്ബാസ് ഉസ്താദ് ഒരു ചോദ്യം ചോദിച്ചു. കുറെ ദിവസായല്ലോ പ്രസംഗിക്കുന്ന്? ഇനി പറ? എന്താണ് ആഗോളവല്‍ക്കരണംന്ന്. അതോടെ ആ സിംഹഗര്‍ജ്ജനം നിലച്ചു. ഞങ്ങള്‍ക്ക് ആശ്വാസമായി. ലക്ഷ്ദ്വീപൂകാരനായ അഹ്മദ് മദാര്‍ കുട്ടി നഹ അന്നത്തെ പ്രധാന താരമായിരുന്നു. പാട്ടും പ്രസംഗവും ഒരേ താളത്തില്‍ മുന്നോട്ടുകൊണ്ടു പോകും. കേള്‍ക്കുന്നവര്‍ക്ക് ഏതാണ് പാട്ട്, ഏതാണ് പ്രസംഗം എന്നു മനസ്സിലാകണമെങ്കില്‍ ഒരു നീണ്ട അക്കാദമിക് റിസര്‍ച്ച് തന്നെ ചെയ്യേണ്ടി വരും. ഉമറലി മറ്റൊരു ഹിറ്റായിരുന്നു. അദ്ദേഹത്തിന്റെ കയ്യില്‍ ആരും കേള്‍ക്കാത്ത കുറെ ബൈത്തുകളും കവിതകളും ഉണ്ടായിരുന്നതുകൊണ്ട് പിടിച്ചുനില്‍ക്കാന്‍ എളുപ്പവുമായിരുന്നു.
ഏതായാലും വന്നത് ആര്‍മി സിമ്പോസിയത്തില്‍ നിന്നാണെങ്കിലും ഇനിയും കാട് കയറുന്നത് ശരിയല്ലെന്നറിയാം. നാളെ വീണ്ടും ഒരു നബിദിനമാണ്. എല്ലാവര്‍ക്കും നബിദിനാശംസകള്‍ നേരുകയാണ്..വിശിഷ്യാ, നാളെ ആദ്യമായി സ്റ്റേജില്‍ കയറുന്ന എല്ലാ പിഞ്ചുവിദ്യാര്‍ത്ഥികള്‍ക്കും. അവരോട് ഒറ്റക്കാര്യമേ പറയാനുള്ളൂ. മൈക്കിനു മുന്നിലെത്തുമ്പോ ചിലപ്പോ കാലും കയ്യും തലയും മൂക്കുമെല്ലാം ഒന്നിച്ചു വിറക്കും, പക്ഷെ, ഞങ്ങളെല്ലാരും ഒന്നിലാണല്ലോ,
പാട്ടുപാടാന്‍ വന്നതാണല്ലോ എന്നുമാത്രം ഓര്‍ക്കുക.പാട്ടുതുടരുക.സല്ലല്ലാഹു അലാ മുഹമ്മദ്,സല്ലല്ലാഹു അലൈഹിവസല്ലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."