കീഴടങ്ങാന്‍ തയ്യാറായിവന്നവരേ വെടിവെച്ചുകൊന്നതിനെ ന്യായീകരിക്കാന്‍ വിയര്‍ത്ത് പൊലിസും മുഖ്യമന്ത്രിയും
പാലക്കാട്: മാവോയിസ്റ്റ് വേട്ടയില്‍ പൊലിസ് നടപടിക്കെതിരേ പ്രതിഷേധം രൂക്ഷമാകുമ്പോഴും കീഴടങ്ങാന്‍ തയ്യാറായിവന്നവരേ കൊടും കുറ്റവാളികളാക്കി മാറ്റാനുള്ള ശ്രമവുമായി സര്‍ക്കാര്‍. ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ വാക്കുകളും പാലക്കാട് എസ്.പിയുടെയും വാക്കുകള്‍ ഇങ്ങനെയാണ് സൂചന നല്‍കുന്നത്. ഇവര്‍ കീഴടങ്ങാന്‍ തയാറായിരുന്നുവെന്ന് ആദിവാസി നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും പൊലിസ് ഇതിനെ അവഗണിക്കുകയാണ്. ഇതിനും പുറമേ പാര്‍ട്ടി പത്രത്തിലും ഇവരെ കൊടും കുറ്റവാളിയാക്കിയുള്ള വാര്‍ത്തയും നല്‍കിയിട്ടുണ്ട്.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ അഞ്ച് ലക്ഷം രൂപ വരെ ഇനാം പ്രഖ്യാപിച്ചവരായിരുന്നുവെന്നാണ് പത്ര വാര്‍ത്ത. അതിനാല്‍ കൊല്ലാനുള്ള അധികാരം പൊലിസിനുണ്ടെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മാവോയിസ്റ്റ് നേതാവ് സുരേഷിന്റെ തലയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപയും ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീമതിക്ക് ഒരുലക്ഷവും മണിവാസകത്തിന് അമ്പതിനായിരം രൂപയും ഇനാമുണ്ട്.
വര്‍ഷങ്ങളായി അട്ടപ്പാടിയെ മുള്‍മുനയില്‍ നിര്‍ത്തിയ, ഭവാനി ദളം എന്ന പേരില്‍ പ്രവര്‍ത്തിച്ച സിപിഐ(എം.എല്‍) ഗ്രൂപ്പിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവര്‍. സംഘത്തില്‍ 12 പേരാണുള്ളത്. ഇവര്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ നീക്കം നടത്തുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും വാര്‍ത്തയിലുണ്ട്. ഇതിന്റെ തുടര്‍ച്ചയായിരുന്നു പൊലിസ് വെടിവെപ്പെന്നും ചേര്‍ത്തുവായിക്കണം. ഇന്ന് നിയമ സഭയില്‍ മുഖ്യമന്ത്രി വീണ്ടും പൊലിസ് വെടിവെപ്പിനെ ന്യായീകരിക്കുകയായിരുന്നു.
മഞ്ചിക്കട്ടിയില്‍ തണ്ടര്‍ബോള്‍ട്ട് ടീമിനുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതിനെത്തുടര്‍ന്നാണ് സ്വയരക്ഷക്കായി തിരികെ വെടിവയ്ക്കേണ്ടിവന്നതെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയുടെ അടിയന്തരപ്രമേയത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച പുലര്‍ച്ചെ 4.20 മുതല്‍ അഗളി പൊലിസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്വണ്ടിയാര്‍ക്കണ്ടി വനമേഖലയില്‍ പട്രോളിംഗ് നടത്തിവരികയായിരുന്നു തണ്ടര്‍ബോള്‍ട്ട് സംഘം. ഉച്ചയ്ക്ക് 12.20 മണിയോടെ മേലെ മഞ്ചിക്കണ്ടി വനത്തില്‍ ഏകദേശം 25 കിലോമീറ്റര്‍ ഉള്ളിലുണ്ടായിരുന്ന ഷെഡ്ഡില്‍ നിന്നും നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ടവര്‍ വെടിയുതിര്‍ത്തുവെന്നും തുടര്‍ന്ന് സ്വയരക്ഷക്കായി തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ക്ക് തിരികെ വെടിവെയ്‌ക്കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അവര്‍ ഉപയോഗിച്ച ആയുധങ്ങളും മറ്റും സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഇക്കാര്യത്തിന് അരീക്കോട് കേരള ആന്റി ടെറര്‍ സ്‌ക്വാഡ് ക്യാമ്പ് സബ് ഇന്‍സ്‌പെക്ടറുടെ മൊഴി പ്രകാരം വിവിധ വകുപ്പുകള്‍ അനുസരിച്ച് അഗളി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. എ.കെ 47 റൈഫിള്‍ ഉള്‍പ്പെടെയുള്ള അത്യന്താധുനിക മാരകായുധങ്ങള്‍ മാവോയിസ്റ്റുകളുടെ പക്കല്‍ നിന്നും കണ്ടെടുത്തതായും മുഖ്യമന്ത്രി ആവര്‍ത്തിക്കുകയും പൊലിസ് വെടിവെപ്പിനെ ന്യായീകരിക്കുകയുമായിരുന്നു
ജനാധിപത്യപരമായ അവകാശം എല്ലാ പൗരന്മാര്‍ക്കും ഉണ്ട്. ഈ കഴിഞ്ഞ ദിവസമുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തിലും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുളള മാര്‍ഗ്ഗരേഖകളുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."