ഐക്യത്തിലൂടെയും പങ്കുവയ്ക്കലുകളിലൂടെയും ഭിന്നിപ്പിന്റെ ശക്തികള്‍ക്കു മറുപടി നല്‍കുക: പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
മലപ്പുറം: റമദാനില്‍ നേടിയെടുത്ത ആത്മനിയന്ത്രണവും ജീവിതവിശുദ്ധിയും തുടര്‍ന്നും നിലനിര്‍ത്താന്‍ കഴിയണമെന്നു മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഈദ് ദിന സന്ദേശത്തില്‍ പറഞ്ഞു.
ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും ഓര്‍മപ്പെടുത്തലാണ് ഈദുല്‍ ഫിത്വര്‍ നല്‍കുന്നത്. ദലിതുകളും ന്യൂനപക്ഷങ്ങളുമടുങ്ങുന്ന പിന്നാക്കവിഭാഗം കടുത്ത വിവേചനവും അവഗണനയും നേരിടുന്ന സന്ദര്‍ഭത്തിലാണ് ഇത്തവണ പെരുന്നാള്‍ വരുന്നത്.
ബീഫ് കഴിച്ചെന്നാരോപിച്ച് ജുനൈദ് ഖാനെന്ന പതിനാറുകാരനെ കുത്തിക്കൊന്ന വേദനിപ്പിക്കുന്ന സംഭവത്തിന്റെ നടുക്കത്തിലാണ് ഈ പെരുന്നാള്‍. മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കുന്നവരാണ് ഈ അക്രമങ്ങള്‍ക്കു പിന്നില്‍. മതങ്ങള്‍ക്കും ജാതിക്കുമപ്പുറം മനുഷ്യന്റെ ഐക്യത്തിലൂടെയും പങ്കുവയ്്ക്കലുകളിലൂടെയും ഭിന്നിപ്പിന്റെ ശക്തികള്‍ക്ക് മറുപടി നല്‍കാന്‍ കൂടി ഈ പെരുന്നാളിന് കഴിയണം.
ലോകമെങ്ങും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകരാന്‍ ഈദ് കാരണമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."