വ്രതശുദ്ധിയില്‍ പതിനഞ്ചാണ്ടുകള്‍ പിന്നിട്ട ബീന ടീച്ചര്‍ പെരുന്നാള്‍ ആഘോഷപ്പെരുമയില്‍
കരുനാഗപ്പള്ളി: ബീന ടീച്ചര്‍ക്ക് റമദാന്‍ വ്രതാനുഷ്ടാനം കേവലം മതപരമായ ചടങ്ങല്ല. മറിച്ച് മതാതീത മാനവികതയുടെ ഉറച്ച അടയാളപ്പെടുത്തലാണ് പരിശുദ്ധ റമദാന്‍ മാസം.
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി മുടങ്ങാതെ നോമ്പനുഷ്ഠിച്ച് വന്ന അധ്യാപിക പെരുന്നാള്‍ ആഘോഷപ്പെരുമയിലാണ്. ക്ലാപ്പന പണ്ടകശാലത്തറയില്‍ ബീന ടീച്ചര്‍ക്ക് എല്ലാ മതങ്ങളും ഒരു പോലെയാണ്. ഹിന്ദു മതത്തിലാണ് ജനിച്ചതെങ്കിലും എല്ലാ മതങ്ങളിലെയും നന്‍മയുടെ വശങ്ങള്‍ ഉള്‍ക്കൊള്ളാനും അനുകരിക്കാനുമാണിഷ്ടം. മാനവികതയാണ് തന്റെയും കുടുംബത്തിന്റെയും മതമെന്നും ഇവര്‍ പറയുന്നു. ക്ലാപ്പന എന്ന തന്റെ നാടിനും മാനവിക സംസ്‌കാരമാണുള്ളതെന്നും മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം കൂടിയായ ബീന പറയുന്നു. എല്ലാ മതവിഭാഗങ്ങളുടേയും ആഘോഷങ്ങള്‍ക്കും ഇവിടെ അതിരുകളില്ല. സി.പി.എം ക്ലാപ്പന ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ എല്ലാവര്‍ഷവും നടത്തുന്ന ഇഫ്താര്‍ വിരുന്നില്‍ പള്ളി വികാരിയും കന്യാസ്ത്രീകളും മുസ്‌ലിം പണ്ഡിതരും ഉള്‍പ്പടെ പങ്കെടുക്കുന്നത് ഇതിനുദാഹരണമാണ്. സ്‌കൂള്‍ പഠനകാലത്ത് സുഹൃത്തുക്കളായ മുസ്‌ലിം പെണ്‍കുട്ടികളില്‍ നിന്നാണ് നോമ്പനുഷ്ഠാനത്തെപ്പറ്റി കൂടുതല്‍ അറിയുന്നത്.
പിന്നീട് പഠനവും പൊതു പ്രവര്‍ത്തനവുമൊക്കെയായി തിരക്കായെങ്കിലും നോമ്പെടുക്കുക എന്ന ആഗ്രഹം മനസിലിട്ടു നടന്നു. ഇടയ്ക്ക് പരീക്ഷിച്ചെങ്കിലും 2002 മുതല്‍ മുറതെറ്റാതെ നോമ്പ് അനുഷ്ടിച്ചു വരുന്നു.
ക്ലാപ്പന ജുമാ മസ്ജിദ് പള്ളിയില്‍ നോമ്പുതുറ നേരത്ത് വിതരണം ചെയ്യുന്ന കഞ്ഞി വാങ്ങി തന്റെ അയല്‍ വീടുകളില്‍ വിതരണം ചെയ്യുന്നതിലും വീഴ്ച വരുത്താറില്ല ടീച്ചര്‍. നോമ്പുകാലത്ത് പള്ളിയിലെ ഒരു ദിവസത്തെ കഞ്ഞിയും ടീച്ചറുടെ വകയാണ്.ഏതെങ്കിലും മുസ്‌ലിം കുടുംബങ്ങളുടെ വീട്ടില്‍ വച്ചാവും നോമ്പ് തുറക്കുക. ഓരോ ദിവസവും ഓരോരുത്തര്‍ ക്ഷണിക്കും. എല്ലാവരുടെയും ക്ഷണം സ്വീകരിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് വിഷമം.
കരുനാഗപ്പള്ളി ബോയ്‌സ് ഹൈസ്‌കൂള്‍ അധ്യാപികയായ ബീന ടീച്ചറുടെ ഭര്‍ത്താവ് ക്ലാപ്പന സുരേഷ് സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി അംഗവും കര്‍ഷക തൊഴിലാളി യൂനിയന്‍ ഏരിയാ സെക്രട്ടറിയുമാണ്. ഇവരുടെ മക്കളുടെ പേരുകളിലുമുണ്ട് മതനിരപേക്ഷത. പ്ലസ് ടു വിദ്യാര്‍ഥി മുസാഫിറും ആറാം ക്ലാസ് വിദ്യാര്‍ഥി ഹൈനസുമാണ് മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."