രമയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍; തലയ്ക്കും വെടിയേറ്റു മണിവാസകത്തിന്റെ ശരീരത്തില്‍ മൂന്ന് വെടിയു ണ്ടകള്‍ മൃതദേഹങ്ങള്‍ തല്‍ക്കാലം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല
അത്താണി (തൃശൂര്‍): അട്ടപ്പാടി വനത്തിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മോര്‍ച്ചറിയിലെ കോള്‍ഡ് റൂമിലേക്ക് മാറ്റി. രമ, അരവിന്ദ്, കാര്‍ത്തി, മണിവാസകം എന്നിവരുടെ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികളാണ് പൂര്‍ത്തീകരിച്ചത്. മെഡിക്കല്‍ കോളജില്‍ അതീവ സുരക്ഷാവലയത്തിലാക്കിയായിരുന്നു നടപടിക്രമങ്ങള്‍. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നടപടിക്രമങ്ങള്‍ പാലിച്ച് മൃതദേഹങ്ങളുടെ എക്‌സറേ എടുത്തതിന് ശേഷം സീനിയര്‍ ഫൊറന്‍സിക് സര്‍ജന്‍ ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തില്‍ പത്തോളം വിദഗ്ധരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ് മോര്‍ട്ടം.
ഒരേ സമയം രണ്ട് മൃതദേഹങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. കനത്ത വെടിവെപ്പ് നടന്നു എന്ന് സൂചിപ്പിക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട രമയുടെ ശരീരത്തില്‍ നിന്ന് നാല് വെടിയുണ്ടകളാണ് കണ്ടെടുത്തത്. തലയിലും വെടിയേറ്റിട്ടുണ്ട്. ശരീരമാസകലം പരുക്കേറ്റ നിലയിലുമാണ്. കാര്‍ത്തിക്കിന്റെ (കണ്ണന്‍) ഇടത് കൈപ്പത്തി വെടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു. നെഞ്ചിന്റെ വലത് ഭാഗത്തും വെടിയുണ്ട തുളച്ചു കയറിയിട്ടുണ്ട്. എന്നാല്‍ ശരീരത്തില്‍ നിന്ന് വെടിയുണ്ട കണ്ടെടുക്കാനായില്ല.
മണിവാസകന്റെ ശരീരത്തില്‍ നിന്ന് മൂന്ന് വെടിയുണ്ട കള്‍ കണ്ടെടുത്തു. ഇന്നലെ രാവിലെ 9.30 ന് തന്നെ പോസ്റ്റു മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. തണ്ടര്‍ബോള്‍ട്ടും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും മുഴുവന്‍ സമയവും സ്ഥലത്തുണ്ടായിരുന്നു.
മൃതദേഹങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കേണ്ടതില്ലെന്ന് പൊലിസ് തീരുമാനമെടുത്തു. മൂന്ന് ദിവസം മോര്‍ച്ചറിയിലെ കോള്‍ഡ് റൂമില്‍ സൂക്ഷിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."