സപ്ലൈക്കോ സ്‌റ്റോറുകളില്‍ റംസാനും സബ്‌സിഡി അരിയില്ല
കളമശേരി: അരി വില പൊതുവിപണിയില്‍ കുതിച്ചുയരുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസമാകേണ്ട സപ്ലൈക്കോ സ്‌റ്റോറുകളിലാകട്ടെ റംസാന് പോലും അരിയില്ല. വിശേഷ ദിവസങ്ങളില്‍ പോലും അരി നല്‍കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്.കളമശേരിയിലെ ഒരു സപ്ലൈക്കോ സ്റ്റോറില്‍ പോലും സബ്‌സിഡി അരിയില്ല.
25 രൂപയ്ക്ക് റേഷന്‍ കാര്‍ഡിന് 5 കിലോ വീതം നല്‍കിക്കൊണ്ടിരുന്ന അരിയാണ് ഇപ്പോള്‍ ലഭ്യമല്ലാതായിരിക്കുന്നത്.റംസാന് പ്രത്യേകമായി സ്‌റ്റോക്ക് ലഭിക്കാത്തത് കൊണ്ടാണ് അരിയില്ലാത്തതെന്നാണ് സപ്ലൈക്കോ സ്റ്റോറുകളിലെ ജീവനക്കാര്‍ പറയുന്നത്.സബ്‌സിഡി ഇല്ലാത്ത അരിയാണ് സ്‌റ്റോറുകളില്‍ വില്‍പ്പനയ്ക്കുള്ളത്. ഇതിനാകട്ടെ പൊതു വിപണിയേക്കാള്‍ ഉയര്‍ന്ന വിലയും. 38 രൂപ മുതല്‍ പൊതു വിപണിയില്‍ ലഭിക്കുന്ന ജയ അരിക്ക് 41 രൂപ 80 പൈസയാണ് സപ്ലൈക്കോ സ്‌റ്റോറിലെ വില. കുടുംബശ്രീ ജയ എന്ന പേരിലുള്ള അരിയ്ക്കാണ് അമിത വില ഈടാക്കുന്നത്.
കഴിഞ്ഞ മാസം തന്നെ സബ്‌സിഡി അരിയുടെ സ്റ്റോക്ക് തീര്‍ന്നിരിക്കുകയാണെന്നാണ് സപ്ലെക്കോ എറണാകുളം ഡിപ്പോയിലെ ഉദ്യോസ്ഥര്‍ പറയുന്നത്. അരി വിതരണത്തിനുള്ള പുതിയ ഇടെന്‍ഡര്‍ നടപടികള്‍ വൈകിയതും കരാര്‍ എടുത്തിട്ടുള്ള പുതിയ വിതരണക്കാര്‍ അരി വിതരണം ആരംഭിക്കാത്തതുമാണ് സപ്ലൈക്കോയിലെ അരി പ്രതിസന്ധിയ്ക്ക് കാരണം.റംസാന് ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം ഒരു വ്യക്തി രണ്ടര കിലോ വീതം അരി ദാനം ചെയ്യേണ്ടതുണ്ട്. നാല് പേരടങ്ങുന്ന കുടുംബത്തിന് പോലും പത്ത് കിലോ അരി വേണ്ടി വരും. ഇത്തരത്തില്‍ ലക്ഷക്കണക്കിന് കിലോ അരിയാണ് റംസാന്‍ ദിനത്തില്‍ മാത്രം ആവശ്യമായി വരുന്നത്. കോടികളുടെ അരി വ്യാപാരമാണ് റംസാനോട് അനുബന്ധിച്ച് നടക്കുന്നത്.സബ്‌സിഡി അരി ലഭ്യമല്ലാത്തതിനാല്‍ പൊതുവിപണിയില്‍ അരിവില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.
റംസാന് ഒരാഴ്ച്ച മുന്‍പ് തന്നെ വ്യാപാരികള്‍ അരി വില കൂട്ടി. അരി വില നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെടാന്‍ തയ്യാറാകാത്ത സര്‍ക്കാറിന്റെ അനാസ്ഥ മൂലം നേട്ടം കൊയ്യുന്നത് കുത്തക അരി വ്യാപാരികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."