ആനച്ചന്തവുമായി അന്നും
# നവാസ് പൂനൂര്‍
എഴുപതുകളുടെ തുടക്കം. കേരളത്തിലെ അലിഗര്‍ എന്നറിയപ്പെടുന്ന ഫാറൂഖ് കോളേജ്. ഇന്നത്തെ പല യൂനിവേഴ്‌സിറ്റികളേക്കാള്‍ പ്രൗഢമായിരുന്നു അന്ന് തന്നെ കാമ്പസ്. വൈസ് ചാന്‍സലറുടെ ഗംഭീര്യമുണ്ടായിരുന്നു അന്ന് പ്രിന്‍സിപ്പല്‍ പ്രൊ.കെ.എ ജലീല്‍ സാഹിബിന്. വിദ്യാര്‍ത്ഥി സംഘടനകളുടെ പുഷ്‌കല കാലം. സൈക്കിള്‍ ചെയിനും കുറുവടിയുമായി വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടി. പ്രിന്‍സിപ്പലിനെതിരെയും രൂക്ഷമായ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ഈ കാലുഷ്യങ്ങള്‍ക്കിടയിലും പ്രിന്‍സിപ്പലിന്റെ കാറ് പോര്‍ട്ടിക്കോയില്‍ വന്ന് നിന്നാല്‍ അന്തരീക്ഷം താനേ മാറും. അത്രയേറെ മാന്ത്രിക ശക്തിയുണ്ടായിരുന്നു അദ്ദേഹത്തിന്. അന്നും ചില പ്രൊഫസര്‍മാരും അപൂര്‍വ്വം വിദ്യാര്‍ത്ഥികളും കാറില്‍ കോളേജില്‍ വന്നിരുന്നു. അവരൊന്നും പക്ഷേ, പോര്‍ട്ടികോയില്‍ കയറ്റില്ല. അകലെ മാറ്റി വെച്ചാണ് ഇറങ്ങി വരിക. പ്രിന്‍സിപ്പലിന്റെ കാറ് വരുന്നതിന് ഇത്തിരി മൂമ്പോ വന്ന ശേഷമോ ഒരേ ഒരു അംബാസഡര്‍ കാര്‍ പോര്‍ച്ചില്‍ വന്ന് നില്‍ക്കും. കുട്ടികള്‍ ചുറ്റും കൂടും. ബിഎ ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥിയാണ് ആ കാറില്‍ വന്നിറങ്ങിയത്. അന്നയാള്‍ യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാനായിരുന്നു. അന്ന് ചെയര്‍മാന് വൈസ് ചാന്‍സിലറുടെ പത്രാസാണ്. യൂനിവേഴ്‌സിറ്റി യൂനിയന്റെ കാറില്‍ വന്നിറങ്ങി ക്ലാസിന് പോകുന്ന ആ തലയെടുപ്പുള്ള കുട്ടിയെ വലിയ കൗതുകത്തോടെ നോക്കി നിന്നു പ്രീഡിഗിക്ക് പഠിക്കുന്ന ജൂനിയര്‍ പിള്ളേര്‍. എം ഐ ഷാനവാസിന് അന്നും ആനച്ചന്തമായിരുന്നു. അടുപ്പമുള്ളവര്‍ ഷാജി എന്ന് വിളിക്കുന്നതായിരുന്നു അദ്ദേഹത്തിനിഷ്ടം.
അദ്ദേഹത്തിന്റെ സഹ പ്രവര്‍ത്തകന്‍ അഷറഫിന്റെ അനുജന്‍ എന്ന നിലയിലാണ് പരിചയപ്പെടുന്നത്. കോളേജ് വിട്ട ശേഷവും ഈ സൗഹൃദം തുടരാന്‍ കഴിഞ്ഞു. ചന്ദ്രിക സഹ പത്രാധിപരായതില്‍ വലിയ സന്തോഷം പ്രകടിപ്പിച്ച ഷാജി ഫാറൂഖ് കോളേജില്‍ നിന്ന് എംഎ യും എറണാകുളം ലോ കോളേജില്‍ നിന്ന് നിയമവും പഠിച്ച് എന്‍ട്രോള്‍ ചെയ്ത് പുറത്തിറങ്ങിയപ്പോള്‍ തന്നെ കെ.പി.സി.സി എക്‌സിക്യൂട്ടീവിലെത്തി. അദ്ദേഹത്തിന്റെ വാക്ചാതുരി ശ്രദ്ധേയമായിരുന്നു. പൊതുയോഗങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും വാചകക്കസറത്ത് കാണിക്കുകയല്ല അദ്ദേഹത്തിന്റെ രീതി. കാര്യകാരണസഹിതം വാദമുഖം സ്ഥാപിച്ചെടുക്കാനുള്ള മിടുക്കുണ്ടായിരുന്നു.
കോഴിക്കോട്ട് വരുമ്പോള്‍ പതിവായി ബന്ധപ്പെട്ടിരുന്നു തുടക്കത്തില്‍. പല തവണ ചന്ദ്രികയില്‍ വന്നിട്ടുമുണ്ട്. ചന്ദ്രികയിലെ സഹ പ്രവര്‍ത്തകരായിരുന്ന റഹീം മേച്ചേരി, ഉമ്മര്‍ പാണ്ടികശാല തുടങ്ങിയവരുമായൊക്കെ അടുത്ത സുഹൃദ് ബന്ധം കാത്തു സൂക്ഷിച്ചതിനാല്‍ ഒരിക്കലും ഷാജിയുടെ സന്ദര്‍ശനം ഞങ്ങള്‍ക്കോ അദ്ദേഹത്തിനോ അസഹ്യതയോ അസഹിഷ്ണുതയോ ഉണ്ടാക്കിയില്ല. ഇക്കാക്കയുടെയും എന്റെയും വിവാഹത്തിന് മാത്രമല്ല ഞങ്ങളുടെ മക്കളുടെ വിവാഹത്തിനും സജീവ സാന്നിദ്ധ്യമായി അദ്ദേഹം. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി ഒരു പാട് കാലം.
പിന്നെ വൈസ് പ്രസിഡന്റായി. ഇങ്ങനെ നേതൃ രംഗത്ത് അംഗീകാരമൊക്കെക്കിട്ടിയെങ്കിലും പാര്‍ലിമെന്ററി രംഗത്ത് അദ്ദേഹം പരിഗണിക്കപ്പെട്ടില്ല. നിയമസഭയില്‍ പോലും ഒരു ജയിക്കുന്ന സീറ്റ് കിട്ടിയില്ല. ഇതിലുള്ള പരിഭവം അറിയിച്ചപ്പോഴും ഷാജി ഉറക്കെ ചിരിച്ചു. മൂന്ന് തവണ നിയമസഭയിലേക്കും രണ്ട് തവണ പാര്‍ലിമെന്റിലേക്കും മത്സരിച്ചത് ജയിക്കുന്ന സീറ്റിലായിരുന്നില്ല. ആറാം തവണ സീറ്റ് കിട്ടിയത് വയനാട് പാര്‍ലിമെന്റ് മണ്ഡലത്തില്‍. ചരിത്രത്തിലെ റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെ ഷാജി തെരഞ്ഞെടുക്കപ്പെട്ടു. കന്നി സഭയില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാനായി. നല്ല പാര്‍ലമെന്റേറിയന്‍ എന്ന പേരിലാണ് 2014 ലും വയനാട്ടില്‍ ജയിക്കാനായത്.
സുപ്രഭാതം തുടങ്ങാന്‍ പോകുന്ന വിവരം പറഞ്ഞപ്പോഴും വലിയ സന്തോഷം പ്രകടിപ്പിച്ചു. സമസ്തയുമായും നേതൃത്വത്തിലുള്ള ഉസ്താദുമാരുമായുള്ള സ്‌നേഹ ബന്ധത്തെക്കുറിച്ചും ഷാജി പറഞ്ഞിരുന്നു. ഇടക്കാലത്ത് അസുഖം വന്ന് മോചിതനായപ്പോള്‍ എറണാകുളത്ത് വെച്ച് കണ്ടിരുന്നു. വീണ്ടും സജീവമായി രംഗത്ത് വരുമെന്ന് പറഞ്ഞു. അതിനും ഷാജിക്ക് കഴിഞ്ഞു. ഏത് ആള്‍ക്കൂട്ടത്തിലും ഒരു ആനച്ചന്തമായിരുന്നു അദ്ദേഹത്തിന്. തിരുത്തല്‍വാദികളായി നിന്ന കാര്‍ത്തികേയനും ചെന്നിത്തലക്കുമൊപ്പവും ഷാനവാസിന്റെ തലയെടുപ്പ് നമ്മള്‍ കണ്ടതാണ്. നാലര പതിറ്റാണ്ടിന് ശേഷവും സ്‌നേഹ സൗഹൃദം തെല്ലും മാറ്റ് കുറയാതെ കാത്തു സൂക്ഷിക്കാന്‍ ശ്രമിച്ച ആ നല്ല സുഹൃത്തിന്റെ പ്രസന്ന മുഖം എന്നും മനസില്‍ നിറഞ്ഞ് നില്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."