ഇസ്ഹാഖ് വധം: പ്രതിയുടെ വീട്ടില്‍നിന്ന് ആയുധം കണ്ടെത്തി
തിരൂര്‍: മുസ്ലിംലീഗ് പ്രവര്ത്തകന് താനൂര്‍ അഞ്ചുടി കുപ്പന്റെ പുരക്കല്‍ ഇസ്ഹാഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി താഹ മോനുമായി അഞ്ചുടിയിലെ വീട്ടില്‍ പൊലിസ് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട ഇസ്ഹാഖിന്റെ വീടിനു സമീപത്തുള്ള പ്രതി താഹയുടെ വീട്ടിലും പരിസരത്തുമായിരുന്നു തെളിവെടുപ്പ്. ഇന്നലെ ഉച്ചക്ക് പ്രതിയുമായെത്തിയ പൊലിസ് നടത്തിയ തെളിവെടുപ്പില്‍ ആയുധം കണ്ടെടുത്തു.
ഇസ്ഹാഖിനെ വെട്ടാന്‍ ഉപയോഗിച്ച ഇരു തലമുനയുള്ള മഴുവാണ് കണ്ടെടുത്തത്. വീടിനോടു ചേര്‍ന്ന വിറക്പുരയിലായിരുന്നു ആയുധം ഒളിപ്പിച്ചിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പള്ളിയിലേക്ക് പുറപ്പെട്ട ഇസ്ഹാഖിനെ വീടിനടുത്ത് തമ്പടിച്ച പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം രക്ഷപ്പെടും മുന്‍പ് പ്രതി താഹമോന്‍ ആയുധം വീടിനോടു ചേര്‍ന്ന വിറക്പുരയില്‍ സൂക്ഷിക്കുകയായിരുന്നു. മഴു പ്രത്യേകം നിര്‍മിച്ചതാണെന്നും ഇത് ഉപയോഗിച്ചാണ് ഇസ്ഹാഖിനെ വെട്ടിയതെന്നും പൊലിസ് പറഞ്ഞു.
പ്രതി താഹമോന്‍ ഡി.വൈ.എഫ്.ഐ താനൂര്‍ തീരദേശ മേഖല സെക്രട്ടറിയായിരുന്ന കെ.പി ഷംസുവിന്റെ സഹോദരനാണ്. ഷംസുവിന്റെ മറ്റൊരു സഹോദരന് കുപ്പന്റെ പുരക്കല്‍ മുഈസ്, ഇവരുടെ സുഹൃത്ത് വെളിച്ചാന്റെ പുരക്കല്‍ മഷ്ഹൂദ് എന്നിവരാണ് പിടിയിലായ മറ്റ് പ്രതികള്‍. കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കി മൂന്ന് പ്രതികളെയും ഇന്നലെ വൈകിട്ട് പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."